നീ പെണ്ണാണ്, ശ്രദ്ധിക്കണേ... എന്ന സൈറണ്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന പെണ്ണുങ്ങള്‍

#സരോജം കെ. മല്ല്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലത്തെ ആദ്യബാച്ചിന്റെ സൂംബ ക്ലാസ് 6.30-ഓടെ തീരാറായപ്പോഴാണ് ആ അനൗണ്‍സ്‌മെന്റ്.
''ലേഡീസ്..എല്ലാവര്‍ക്കും ഹാപ്പി വിമന്‍സ് ഡേ. ഇത്തവണത്തെ  വിമന്‍സ് ഡേ തിങ്കളാഴ്ചയാണ് നമ്മള്‍ ആഘോഷിക്കുന്നത്. ഇന്ന് പ്ലാന്‍ ചെയ്യാന്‍ പറ്റിയില്ല. സോ സോറി...'' കോച്ച് നീരവ് പറഞ്ഞതും സൂംബയുടെ ക്ഷീണം സംസാരത്തിലേക്ക് കടന്നു. റെഡ് ആന്‍ഡ് ബ്ലാക്കായാലോ ഡ്രസ് കോഡ്? red and black colour meaning..? അപ്പോത്തന്നെ രമ്യ ഗൂഗിള്‍ ചെയ്തു. Red- power and love, Black also power. ഇത് മതി.
''23 വയസ്സായില്ലേ രമ്യേ, ഇനീം എല്ലാത്തിനും ഗൂഗിള്‍ അമ്മച്ചീന്ന് പറഞ്ഞ് നടക്കണത് ബോറാണ് ട്ടോ'' -ശീതള്‍ പറഞ്ഞപ്പോ രമ്യയുടെ മറുപടി ചിരിയായി വിടര്‍ന്നു.
''കേക്ക് കട്ടിങ് ഉണ്ടാവും. പിന്നെ കുറച്ച് ഫണ്‍ ഗെയിംസും. ക്ലാസ് കഴിഞ്ഞ് പോരേ..?'' -മതിയെന്ന് എല്ലാവരും സമ്മതിച്ചു.

''നമ്മുടെ സെലിബ്രേഷന് തിങ്കളാഴ്ചയായതു നന്നായി. ഫ്‌ളാറ്റില്‍ ആഘോഷമുണ്ട്. റോസ് ബൊക്കെ വെല്‍ക്കം, കുക്കറി ഷോ, ഡാന്‍സ് കോമ്പറ്റീഷന് അതൊക്കെയാണ് പരിപാടി''-ആന് പറഞ്ഞു
''ഞാന് ആകെ ബിസിയാട്ടോ. കളക്ടര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറുണ്ട്. സ്ത്രീകളുടെ ചിത്രപ്രദര്‍ശനവും. താനാണ് സ്‌കൂളിലെ കോ-ഓര്‍ഡിനേറ്ററെന്ന് ശ്രീകല.
''ഞങ്ങള്‍ കോളേജില്‍നിന്ന് നൈറ്റ് വാക്ക് നടത്തുന്നുണ്ട്. കളക്ടറും ജില്ലാപഞ്ചായത്ത് പ്രസിഡന്റും ഉണ്ട്. സെലിബ്രിറ്റി ഗസ്റ്റുണ്ട്-അതു സര്‍പ്രൈസ് ആണ്. പോലീസുകാര്‍ 70 പേരുണ്ട് സെക്യൂരിറ്റിക്ക്''-ബി.എ. ഇക്കണോമിക്‌സുകാരിയായ നിയ പറഞ്ഞു.

സാരി റണ്‍, ലിബറേഷന് റണ്‍, സ്വാതന്ത്ര്യപ്രഖ്യാപനം, ലേഡീസ് ഒണ്‍ലി മൂവി ഷോ, വിമന്‍സ് ഡേ ഓഫറുകള്‍... വനിതാദിനത്തിലെ ആഘോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയങ്ങനെ നീണ്ടുപോയി.
''സ്ത്രീകളായിപ്പോയതുകൊണ്ട് ഭൂമിയില്‍നിന്ന് വേദനയും പീഡനവും അനുഭവിച്ച് മരിച്ചുപോയ എല്ലാ പെണ്‍ജീവനുകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി കത്തിക്കല്‍. ഞങ്ങളുടെ സംഘടനയുടെ തീരുമാനം അതാണ്. ഡല്‍ഹിയില്‍നിന്ന് നേതാവ് വരും. രാത്രിയാണ് പരിപാടി''-ജലജ സുകുമാരന്‍ പറഞ്ഞു.
''കുറേ റീല്‍സ് എടുക്കണം എനിക്ക്. സാരിയുടുത്ത് നടന്നുവരുന്ന റീലിന് അയഗിരി നന്ദിനി സോങ് ബ്ലെന്‍ഡ് ചെയ്ത് രാവിലെ പോസ്റ്റുചെയ്യും. നൈറ്റ് വാക്കിന് വേറെ പാട്ട് കണ്ടുപിടിക്കണം...''-നിയയുടെ പ്ലാനുകള്‍ കേട്ടിരുന്ന മാലതിയമ്മ തലയാട്ടി. മാലതിയമ്മയാണ് സൂംബ ക്ലാസിലെ സീനിയര്‍-64 വയസ്സ്. വേഗത്തില്‍ ചെറുപ്പക്കാരികള്‍ക്കൊപ്പമെത്താറില്ലെങ്കിലും സൂംബ പഠിക്കാനുള്ള ആഗ്രഹം കൊണ്ട് ചേര്‍ന്നതാണ്. 50 വര്‍ഷത്തെ ദുബായിലെ ജീവിതം നാട്ടിലേക്ക് മാറ്റിയിട്ട് രണ്ട് വര്‍ഷമാകുന്നതേയുള്ളൂ.
''എന്താ മാലുഗേള്‍ ഒരു പുച്ഛം?''-നിയയ്ക്ക് ആ തലയാട്ടല്‍ അത്ര കണ്ട് ഇഷ്ടമായില്ല.
''ഈ രാത്രിനടത്തം എന്തിനാ മോളേ? വീട്ടില്‍ അമ്മയൊക്കെ എന്തു പറഞ്ഞു?''
''പൊതുവിടം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഓര്‍മപ്പെടുത്തിയാണ് സ്ത്രീകളുടെ രാത്രിനടത്തം. അങ്ങനെയാ നോട്ടിസിണ്‍ കണ്ടത്. ഞങ്ങള്‍ ഫ്രണ്ട്‌സ് എല്ലാരും ജസ്റ്റ് ചില്‍ അടിച്ച് നടന്നുവരും... അമ്മയ്ക്ക് അത്ര ഇഷ്ടമല്ല ആന്റി. പിന്നെ, ഇത്രേം പേര് ഒരുമിച്ച് ഉണ്ടല്ലോ? പോലീസും ഉണ്ട്. സിനിമാ തിയേറ്ററിന് മുന്നിലൂടെ ബസ് സ്റ്റാന്ഡ് വഴിയാണ് നടത്തം. പിന്നെ ലാസ്റ്റ് പോയിന്റ് കളക്ടറേറ്റ് ആണ്. അവിടെ ചേട്ടനോ അച്ഛനോ വന്ന് പിക്ക് ചെയ്യും. തിരിച്ചുവരുമ്പോ പോലീസില്ലെങ്കിലോയെന്ന് പേടി...''
''ശരിക്കും ഈ വനിതാദിനം ഇനിയും ആവശ്യമുണ്ടോ?''
മാലതിയമ്മയുടെ ചോദ്യത്തിന് കോച്ച് നീരവാണ് ഉത്തരം പറഞ്ഞത്.
''വേണം ആന്റി, ലേഡീസിനും കൂടിയുള്ളതാണ് ഈ വേള്‍ഡ് എന്നും ആണിനും പെണ്ണിനും ഒരേ റെറ്റ്‌സ് ആണെന്നും എല്ലാവരെയും ഓര്‍മിപ്പിക്കുന്ന ദിവസമല്ലേ...''
മാലതിയമ്മ വീണ്ടും മറുചോദ്യമിട്ടു-''ആ ദിവസം മാത്രം മതിയോ... എല്ലാ ദിവസവും ഒരു പോലെയുള്ളതല്ലേ ഈ അവകാശങ്ങള്‍?''

ചോദ്യത്തിന് ഒച്ചയിത്തിരി കൂടിയപ്പോ സൂംബക്കാരെല്ലാം ഇത്തിരി സീരിയസായി.
ജേണലിസ്റ്റായ ലിനിയയുടേതായിരുന്നു ആദ്യാഭിപ്രായം
''സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ കാര്യമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ  ഓര്‍മപ്പെടുത്തലാണ് ആ ദിവസം. പക്ഷേ, നമ്മള്‍ 2025-ല്‍ എത്തിയിട്ടും ആഘോഷങ്ങള്‍ മാത്രം നടക്കുന്നു. എല്ലാ ദിവസവും നീ പെണ്ണാണ്, ശ്രദ്ധിക്കണേ... എന്ന സൈറണ്‍ മനസ്സില്‍ കൊണ്ടുനടക്കുകയാണ് ഓരോ പെണ്ണുങ്ങളും.
ഈ പെണ്ണുങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ട്, അവകാശങ്ങളുണ്ട്, നിയമരക്ഷയുണ്ട്, തുല്യത വേണം എന്നൊക്കെ പെണ്ണുങ്ങളോട് മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ? വനിതാദിനാഘോഷത്തില്‍ ആണുങ്ങളെയും കൂട്ടിയിട്ട് വേണം ഇതൊക്കെ പറയാന്‍... എനിക്ക് അങ്ങനെ തോന്നാറുണ്ട്.''
''ആണുങ്ങളുള്ള വനിതാദിനാഘോഷമോ? ബെസ്റ്റ്... അവിടെയും മനുഷ്യന് സമാധാനമില്ലേ...''-നിയ തൊഴുകൈയോടെ മേലേക്കു നോക്കി.
എല്ലാവരും അത് തമാശയായി കണ്ട് ചിരിച്ചു
മാലതിയമ്മ പറഞ്ഞു- ''ചിരിക്കാനുള്ളതല്ലാട്ടോ, ആ പറഞ്ഞത്. ഒറ്റയ്ക്ക് സമൂഹത്തിലിറങ്ങുമ്പോള്‍ അരക്ഷിതാവസ്ഥ മുതല്‍ പീഡനങ്ങള്‍ വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയേണ്ടതും തിരുത്തേണ്ടതും ആണുങ്ങളാണ്. ഇപ്പോ നിയ പറഞ്ഞതു നോക്കൂ. അവിടേം സമാധാനമില്ലേയെന്ന്. സമാധാനക്കേടുകളില്‍  ആണുങ്ങളോടുള്ള പേടിയുണ്ട്. അത് മാറണം. ഓരോ ആണിനും ഓരോ പെണ്ണിനും ആ പേടി മാറ്റാന്‍ ബാധ്യതയുണ്ട്. ആണുങ്ങളെ മാറ്റിനിര്‍ത്തിയല്ല, ഒരുമിച്ചാണ് മുന്നോട്ടുപോകേണ്ടത്. വനിതാദിനത്തിനപ്പുറം എല്ലാ ദിവസവും എല്ലാവരും ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറുമൊക്കെ ഒരുപോലെ ജീവിക്കണ കാലമാണ് വേണ്ടത്.''
''ഇതൊക്കെ പ്രസംഗിക്കാനല്ലേ ആന്റി പറ്റൂ. എനിക്കും പേടിയാണ്. അമ്മയോ അനിയത്തിയോ വീടെത്താന്‍ വൈകിയാല്‍. എന്തെങ്കിലും പറ്റിയാല്‍ അത് ചെയ്തവന് പിന്നെ ജയിലില്‍ സുഖവാസമല്ലേ'' -നീരവ് പറഞ്ഞു.

മാലതിയാന്റി തുടര്‍ന്നു- ''അങ്ങനെ പേടിച്ചിരുന്നിട്ട് കാര്യമില്ല മോനേ... നിയമത്തിനാണ് കുഴപ്പമെന്നും പറയരുത്. ഞാന്‍ ദുബായിലായിരുന്നു അവിടെ നിയമമൊക്കെ കര്‍ശനമാണ്,സമ്മതിച്ചു. മാറേണ്ടത് കാഴ്ചപ്പാടാണ് നീരവ്. ജോലിസ്ഥലത്തും വീട്ടിലും മുതല്‍ വഴിയില്‍ കമന്റടിക്കുന്നവര്‍ക്കുവരെ മിക്കപ്പോഴും ഒരു ചിന്തയുണ്ട് ഓ... പെണ്ണല്ലേയെന്ന്.''
അത് കേട്ടപ്പോള്‍ ശരിയാണെന്ന് എല്ലാവരും തലയാട്ടി. ആ പറഞ്ഞതിനോട് ജലജ സുകുമാരന്‍ ഒന്നുകൂടി ചേര്‍ത്തു-''നമ്മുടെ പൊതുവിടങ്ങളില്‍, സാംസ്‌കാരികസദസ്സുകളില്‍, രാഷ്ട്രീയസദസ്സുകളില്‍... വേദിയിലും മുന്‍നിരയിലുമൊക്കെ എത്ര പെണ്ണുങ്ങളെ കാണാം? എന്റെ പാര്‍ട്ടിയിലും എല്ലാ പാര്‍ട്ടിയിലും വനിതാദിനപരിപാടിക്കുപോലും വേദി നിറച്ച് ആണുങ്ങളാണ്. തുല്യത വെറുതേ പറച്ചിലാണ് ഈ കാലത്തും. ഒരു വനിതാമുഖ്യമന്ത്രിയെ കിട്ടാന് കേരളം ഇനിയും എത്ര കാത്തിരിക്കണമോ എന്തോ? 2025-ല്‍ എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങള്‍, സമത്വം, ശാക്തീകരണം' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനസന്ദേശം. വനിതാദിനസന്ദേശം. ഇനി 25 കൊല്ലം കഴിഞ്ഞാണെങ്കിലും അങ്ങനൊന്ന് ഉണ്ടായാല്‍ മതി.''
''ക്ഷമ വേണം ജലജേച്ചി, സമയമെടുക്കും...''-ആന്‍  സിനിമാഡയലോഗ് എടുത്തിട്ടു. അടുത്ത സൂംബാ ബാച്ചുകാരെത്തിയപ്പോള്‍ നീരവ് പറഞ്ഞു. ''വൈന്‍ഡിങ് അപ്പ് ടുഡേ വിങ് ഗുഡ് തോട്ട്‌സ്''
ക്ലാസ് കഴിഞ്ഞ് ഓരോരുത്തരും വീടുകളിലേക്കുള്ള യാത്ര തുടങ്ങാന്‍ സ്‌കൂട്ടറിലും കാറിലുമൊക്കെ കയറുമ്പോള്‍ മുന്നിലൂടെ കുറേ പെണ്ണുങ്ങള് ഓടിപ്പോയി. വിമന്‍സ്‌ഡേ ഹാപ്പി റണ്‍. തുല്യതയെന്ന സന്തോഷത്തിലേക്ക് എത്രദൂരം ഓരോ പെണ്ണും ഇനിയും ഓടേണ്ടിവരും? വീണ്ടും ചിന്തകള്‍ അവരെ കുരുക്കി. ആ സിനിമാഡയലോഗ് തന്നെയായിരുന്നു ഉത്തരം.
ക്ഷമ വേണം, സമയമെടുക്കും.

Content Highlights: womens day gender nuetrality womens rights