പൂത്ത കാശുള്ള അച്ഛന്മാരും അവരുടെ പരമദരിദ്രരായ ആൺമക്കളുമറിയാൻ

പൂത്ത കാശുള്ള പിതാക്കന്മാരുടെയും അവരുടെ പരമ ദരിദ്രരരായ ആണ്മക്കളെയും കൊണ്ട് നിറഞ്ഞ നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ആയകാലത്ത് അധ്വാനിച്ച് സമ്പത്ത് കാലത്ത് തൈവെച്ചാണ് അപ്പന്മാര് ഇപ്പോഴും പൂത്തകാശുകാരായി ജീവിക്കന്നതെന്നത് സത്യം. ആണ്മക്കള് ദരിദ്രരായി മാറിയത് അവരുടെ കയ്യിലിരിപ്പുകൊണ്ടാണ് എന്നതും സത്യം. അപ്പനും മക്കള്ക്കുമിടയിലെ ഈ സാമ്പത്തിക അന്തരം സമൂഹത്തില് വലിയ പ്രത്യാഘാതമുണ്ടാകുന്ന നിലയിലേക്ക് വളരുകയാണ്. ആണ്മക്കള്ക്കുമുണ്ടാകും കുടുംബം. ചിലപ്പോള് ആ കുടുംബം ഒന്നാകെ പൂത്തകാശുള്ള അപ്പന്റെ ചെലവിലായിരിക്കും കഴിയുന്നത്. ആശ്രമത്തിലെന്നപോലെ എന്നും ഉപ്പുമാവ് ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്കും രാത്രിയും കഞ്ഞിയും ചമ്മന്തിയുമായിരിക്കും ആണ്മക്കളുടെയും കുടുംബത്തിന്റെയും ആഹാരം. വല്ലപ്പോഴു രണ്ട് പെഗ് റം. അപ്പന്റേതോ. അറമുറിയില് അടുക്കിവെച്ചിരിക്കുന്ന മുന്തിയ മദ്യക്കുപ്പികള്. വൈകുന്നേരമായാല് ദര്ബാര്. വിഭവസമൃദ്ധമായ ഭക്ഷണം. പകല് പൊതു കാര്യം. അമ്പല-പള്ളിക്കമ്മറ്റികള്. കൂടെത്താമസിക്കുന്ന മകനെക്കുറിച്ച് സദാ പുച്ഛം. മകന്റെ പ്രൊഫൈല് വളരെ ടിപ്പിക്കലായിരിക്കും. തികച്ചും സ്വാഭാവികം.
ഒന്നുകില് ഏന്തെങ്കിലുമൊക്കെ ബിസിനസ് നടത്തി പൊട്ടിയവര്. കയ്യിലുള്ളതും അപ്പന്റേന്നുവാങ്ങിയതും ഏതെങ്കിലും ഒരു അളിയന്റേന്ന് പലിശയ്ക്ക് വാങ്ങിയതുമൊക്കെ കൊണ്ടുപോയി തുലച്ചവര്. അല്ലെങ്കില് ഏതെങ്കിലുമൊരു നല്ല സ്ഥാപനത്തില് ഉയര്ന്ന മാനേജീരിയല് പോസ്റ്റില് ജോലി ചെയ്യവേ പെട്ടെന്ന് പണക്കാരനാകാന് എന്തെങ്കിലും തരിമറി നടത്തി അന്തവും കുന്തവുമില്ലാതായിപ്പോയവര്. കേസും കൂട്ടവുമായി വീട്ടിലൊതുങ്ങിപ്പോയവര്. ഓഹരിയിലോ ബിറ്റ്കോയിനിലോ ഒക്കെ നിക്ഷേപിച്ച് പെട്ടന്ന് വലിയ ലാഭം നല്കാമെന്ന പ്രതീക്ഷയില് എല്ലാവരുടെ അടുത്തുനിന്നും ചെറുതും വലുതുമായ നിക്ഷേപം വാങ്ങി പൊളിഞ്ഞുപോയവര്. അല്ലെങ്കില് സിനിമ, അഭിനയം, വെബ് സീരീസ്, സോഷ്യല് മീഡിയ എന്നിവയില് എന്തെങ്കിലുമൊക്കെ ആകാന് ആഗ്രഹിച്ച് തന്റെ സമയം എപ്പോഴെങ്കിലും വരും എന്ന് പ്രതീക്ഷിച്ച് കഴിയുന്നവര്.
Content Highlights: Exploring the widening economic gap between wealthy fathers and impoverished sons in Kerala