ശ്രീലങ്കയില്‍ ഇനിയും വിസയില്ലാതെ പോവാം; ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിസ സൗജന്യം തുടരും

Photo: canva
Photo: canva

ന്ത്യ, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്ലാന്‍ഡ്, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യവിസ നല്‍കുന്നത് തുടരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ഈ രാജ്യക്കാരല്ലാത്ത വിനോദസഞ്ചാരികളില്‍നിന്ന് 30 ദിവസത്തെ വിസയ്ക്ക് 50 ഡോളര്‍ ഈടാക്കും. ശ്രീലങ്കയില്‍ ചെന്നശേഷം നല്‍കുന്ന വിസകളുടെ ഫീസ് കൂട്ടിയത് വിവാദമായതോടെയാണ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ ഓഫീസ് ഈ തീരുമാനമറിയിച്ചത്. പുതിയ സംവിധാനപ്രകാരം ഫീസ് 50 ഡോളറാണെങ്കിലും വിസ സേവനം നല്‍കുന്ന വിദേശകമ്പനിക്കു നല്‍കുന്ന സേവനങ്ങളുടെ ചെലവും മറ്റു ചെലവുമുള്‍പ്പെടെ 100 ഡോളര്‍ കവിയും.

കഴിഞ്ഞ വര്‍ഷം അവസാനമാണ് ശ്രീലങ്ക പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് 31 വരെയായിരുന്നു ഈ സ്‌കീമിന്റെ കാലാവധി. ഈ പദ്ധതി പ്രകാരം ശ്രീലങ്കയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 30 ദിവസം വരെ അവിടെ വിസയില്ലാതെ താമസിക്കാന്‍ സാധിക്കും. ഈ വിസയിളവ് പ്രഖ്യാപിച്ചതിന് ശേഷം ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. 

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതും ശ്രീലങ്കയ്ക്ക് നേട്ടമായിരുന്നു. മാലദ്വീപ് ബഹിഷ്‌കരണത്തിന്റെ ഭാഗമായും നിരവധി ഇന്ത്യക്കാര്‍ സൗഹൃദ രാജ്യമായ ശ്രീലങ്കയില്‍ സഞ്ചാരികളായെത്തി. ആഭ്യന്തര പ്രതിസന്ധികളെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലുള്ള ശ്രീലങ്കയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് സമീപകാലത്തുണ്ടായ ഈ ടൂറിസം ഉണര്‍വ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസ ഇളവ് തുടരാന്‍ ശ്രീലങ്ക തീരുമാനിച്ചിരിക്കുന്നത്. 

എളുപ്പത്തില്‍ ശ്രീലങ്കയിലേക്ക് എത്താമെന്നത് ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ലഭ്യമാണ്. ഇന്ത്യക്ക് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ലങ്ക പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ശ്രീലങ്കയിലെ മികച്ച ആതിഥ്യമര്യാദയും ഭക്ഷണ വൈവിധ്യവും അവസാനമില്ലാത്ത കാഴ്ചകളുമെല്ലാം ഈ ദ്വീപുരാജ്യത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. ഇന്ത്യന്‍ സഞ്ചാരികളെ ലക്ഷ്യംവെച്ചുള്ള പാക്കേജുകളും ടൂറിസ്റ്റ് ഫെസ്റ്റിവലുകളും ആത്മീയ ടൂറുകളുമെല്ലാം ശ്രീലങ്ക നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

Content Highlights: sri lanka extends visa-free access for Indian tourists