ബ്രഹ്‌മഗിരി മലനിരകളില്‍ മഴപെയ്യുകയാണ്; സ്വര്‍ഗം പോലെ തിരുനെല്ലി!

#രമേഷ്‌കുമാര്‍ വെള്ളമുണ്ട
നിറഞ്ഞൊഴുകുന്ന കാളിന്ദി
നിറഞ്ഞൊഴുകുന്ന കാളിന്ദി

യനാടിന്റെ ആത്മീയഭാവമാണ് തിരുനെല്ലി. ആത്മീയവഴിയിലും അല്ലാതെയും തിരുനെല്ലിയിലെത്തുന്നവര്‍ ധാരാളമുണ്ട്. വിനോദ സഞ്ചാരികളുടെയും പ്രിയ ഇടമായി മാറുകയാണ് തിരുനെല്ലിയും പരിസരങ്ങളും. വനക്കാഴ്ചകളുടെ ഇടയിലൂടെ നീണ്ടുപോകുന്ന പാതകളില്‍ ഇടതടവില്ലാതെ സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കുണ്ട്.

പാതയോരത്ത് വന്യമൃഗങ്ങളുടെ സാമീപ്യവും തിരുനെല്ലി യാത്രയ്ക്ക് ഹരംപിടിപ്പിക്കും. വഴിയരികില്‍ ഉടനീളംകാഴ്ചകളുണ്ട്. അടിയ കാട്ടുനായ്ക്ക സങ്കേതങ്ങളില്‍ ഇന്നും ചോര്‍ന്നുപോയിട്ടില്ലാത്ത തുടി താളങ്ങളും അനുഷ്ഠാനങ്ങളുമായി തിരുനെല്ലി വരച്ചിടുന്നതും തനി നാടന്‍ജീവിത പരിസരങ്ങളാണ്.

വന്യതയുടെ താളലയം

കാടോരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍ തിരുനെല്ലിയും തണുത്ത് വിറയ്ക്കും. ബ്രഹ്‌മഗിരിയുടെ നെറുകയില്‍ നിന്നും പാറക്കെട്ടുകളിലൂടെ ചാടി ആര്‍ത്തലച്ച് പാപനാശിനി തിരുനെല്ലിയില്‍ ലയിക്കും. മരംകോച്ചുന്ന തണുപ്പും തെളിനീരുമായി കാളിന്ദിയും കിഴക്കിന്റെദിശതേടി നിറഞ്ഞൊഴുകും.

കാടിന്റെ അകത്തളങ്ങളില്‍ തണുപ്പ് മടുത്ത കാട്ടാനകളും വന്യജീവികളും പാതയോരത്തേക്ക് നിലയുറപ്പിക്കും. ഇതിനിടയില്‍ ജീവിതം ശീലിച്ചവരാണ് തിരുനെല്ലിക്കാര്‍. കുന്നുകള്‍ക്ക് താഴെ വയലുകളില്‍ ഇപ്പോഴും മുടങ്ങാതെ നെല്‍കൃഷിയുണ്ട്. തിരുനെല്ലി, തൃശ്ശിലേരി, കാട്ടികുളം, ബാവലി, എടയൂര്‍ക്കുന്ന്, ബേഗൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നെല്ലുത്പാദനംകൊണ്ടുമാത്രം വരുമാനം കണ്ടെത്തുന്ന നിരവധി കുടുംബങ്ങളെ കാണാനാകും.

കാളിന്ദി ഒരു പുണ്യവാഹിനി

സഞ്ചാരികളുടെയും പ്രിയ ഇടമാണ് കാളിന്ദിയുടെ തീരങ്ങള്‍. കത്തുന്ന വേനലിലും നിതാന്തമായി ഒഴുകുന്ന കാളിന്ദിയുടെ കരകളില്‍ ഈ സീസണിലെല്ലാം സഞ്ചാരികളുമെത്തുന്നു. ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ കാളിന്ദിയിലിറങ്ങി സ്നാനം ചെയ്ത് മടങ്ങുന്നവരും ഏറെയുണ്ട്. ബ്രഹ്‌മഗിരിയിലേക്കും പക്ഷിപാതാളത്തിലേക്കുമെല്ലാം മുമ്പ് വനംവകുപ്പ് ട്രക്കിങ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍ നിര്‍ത്തിവെച്ചു. എങ്കിലും തിരുനെല്ലിയുടെ വശ്യത ആവോളം ആസ്വദിക്കാന്‍ കര്‍ണാടകയില്‍ നിന്നുമെല്ലാം ഒട്ടേറെപേരെത്താറുണ്ട്.

Content Highlights: wayanad thirunelli travel destination