വിഴിഞ്ഞം ഡിപ്പോയിലെ ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ

വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി.യുടെ വിഴിഞ്ഞം ഡിപ്പോയിലെ കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിലായിട്ടും നന്നാക്കാൻ നടപടിയില്ല. സൺഷെയ്ഡുകളിലെ കോൺക്രീറ്റുകൾ ഇളകി പലയിടത്തും കമ്പികൾ പുറത്തേക്കര തെളിഞ്ഞുകാണാം. നിർമാണത്തിലെ അപാകമാണ് കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കോൺക്രീറ്റ് ഇളകിവീഴാൻ കാരണമെന്ന് യാത്രക്കാരും ജീവനക്കാരും പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന വയോധികനു പരിക്കേറ്റിരുന്നു. കെട്ടിടത്തിലെ അപകടാവസ്ഥ നിരവധി തവണ ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ജൂണിൽ പ്രിയദർശിനി ബസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കാത്തിരിപ്പുകേന്ദ്രം പെയിന്റടിച്ച് മിനുക്കിയിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
അപകടക്കുഴികൾ
ഡിപ്പോ വളപ്പിൽ ബസുകൾ കയറുന്ന ഭാഗത്ത് കുഴികൾ രൂപപ്പെട്ടിരുന്നു. ഈ കുഴികളിൽവീണ് ബസ് ഡിപ്പോയിലെ രണ്ട് വനിതാ കണ്ടക്ടർമാരുടെ കാലുകൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവർ തിരികേ സർവീസുകളിൽ കയറിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ ഡിപ്പോ അധികൃതർ കോൺക്രീറ്റ് ഉപയോഗിച്ച് കുഴികളടച്ചിരുന്നു. ഇവ മഴയിൽ ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടുതുടങ്ങി.
Content Highlights: The waiting shed at the Vizhinjam KSRTC bus depot is in a dangerous condition, posing severe risks to passengers and employees due to deteriorating infrastructure.