സെക്രട്ടേറിയറ്റ് വളയലും ലോക്ഭവൻ മാർച്ചും ; നട്ടംതിരിഞ്ഞ് ജനം

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ സെക്രട്ടേറിയറ്റ് ഉപരോധവും മഹിളാ കോൺഗ്രസിന്റെ ലോക്ഭവൻ മാർച്ചും ഒരേദിവസം എത്തിയപ്പോൾ നഗരം സ്തംഭിച്ചു.
പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സമരക്കാരുടെ തിക്കും തിരക്കും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. രാവിലെ എട്ടുമണി മുതൽ കാൽ ലക്ഷത്തോളം ജീവനക്കാരും അധ്യാപകരും സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും ഉപരോധിച്ചതോടെ എം.ജി. റോഡിൽ പാളയംമുതൽ പുളിമൂടുവരെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ട ഇടറോഡുകളിലും നിറഞ്ഞു.
മഹിളാ കോൺഗ്രസിന്റെ ലോക് ഭവൻ മാർച്ച് ആരംഭിച്ചതോടെ വെള്ളയമ്പലം-കവടിയാർ ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. തുടക്കത്തിൽ റോഡിന്റെ ഒരുവശത്ത് സമ്മേളനവേദിയൊരുക്കിയാണ് പരിപാടി ആരംഭിച്ചതെങ്കിലും, പ്രവർത്തകർ തിങ്ങിനിറഞ്ഞതോടെ റോഡിന്റെ മറുവശവും അടയ്ക്കേണ്ടിവന്നു. ഇതോടെ വഴുതക്കാട്, ശാസ്തമംഗലം, മ്യൂസിയം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങളും കുരുക്കിലായി. വിവിധ ജില്ലകളിൽനിന്ന് സമരക്കാരുമായെത്തിയ വാഹനങ്ങളും യാത്രക്കാരെ ദുരിതത്തിലാക്കി.
പലയിടങ്ങളിലും കാൽനടയാത്രക്കാർക്ക് നടക്കാൻപോലും കഴിയാത്തരീതിയിൽ പ്രവർത്തകർ തിങ്ങിനിറഞ്ഞു. രോഗികളുമായി പോയ ആംബുലൻസും കുരുക്കിൽപ്പെട്ടു.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനിടെ പലയിടങ്ങളിലും യാത്രക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്കുശേഷമാണ് നഗരത്തിലെ ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനായത്.