തകർന്നടിഞ്ഞ് ഗ്രാമീണ റോഡുകൾ

അഴൂർ, കിഴുവിലം പ്രദേശങ്ങളിൽ ദുരിതയാത്ര

ചിറയിൻകീഴ് : അഴൂർ, കിഴുവിലം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി. നവീകരണം തടസ്സപ്പെട്ടതിനാൽ റോഡിൽ കുഴികളും വെള്ളക്കെട്ടും നിറഞ്ഞു.

മുടപുരം-തെന്നൂർക്കോണം

റോഡ്

:ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന മുടപുരം-തെന്നൂർക്കോണം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. മുടപുരം ജങ്ഷനിലെ പ്രേംനസീർ സ്മാരക ശാന്തി ഗ്രന്ഥശാലാമന്ദിരത്തോടുചേർന്ന് പോകുന്ന റോഡ് തെന്നൂർക്കോണം ക്ഷേത്രത്തിനു മുന്നിലൂടെ ലാത്തറ എം.എം.നഗർ വഴി കിഴുവിലം പഞ്ചായത്ത് ഓഫീസ്, ശാന്തിനഗർ റോഡിൽ ചേരുന്നു. ഈ റോഡിന്റെ മിക്കഭാഗത്തും ടാറും മെറ്റലുമിളകി വലിയ കുഴികൾ രൂപംകൊണ്ടിട്ടുണ്ട്. മഴപെയ്താൽ കുഴികൾ കുളംപോലെയാകും. ഇതുതാണ്ടി യാത്രചെയ്യേണ്ട ഗതികേടിലാണ് കാൽനട-വാഹനയാത്രക്കാർ. നൂറോളം കുടുംബങ്ങൾ യാത്രയ്ക്കാ‌യി ഉപയോഗിക്കുന്ന റോഡാണിത്.

ധാരാളം സ്‌കൂൾ ബസുകൾ സർവീസ് നടത്തുന്ന ഈ റോഡ് നന്നാക്കാത്തതിൽ രക്ഷാകർത്താക്കൾക്കും പരാതിയുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കൊടുപ്പിൽ ജങ്ഷൻ

:അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം കൊടുപ്പിൽ ജങ്ഷനിൽ റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് കാൽനട-വാഹനയാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാലാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. ചെളിക്കളമായ റോഡിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും തെന്നിവീഴുന്ന സ്ഥിതിയാണ്. മഴപെയ്തുകഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ ഇതുവഴി കാൽനടപോലും സാധ്യമാകൂ. ഓടയോ ചപ്പാത്തോ നിർമിച്ച് ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മുട്ടപ്പലം നാഗർനട റോഡ്, പെരുങ്ങുഴി കൃഷ്ണപുരം റോഡ്, പെരുങ്ങുഴി അനുപമ ജങ്ഷൻ റോഡ് എന്നിവ ചേരുന്ന ജങ്ഷനാണിത്.

ഈ റോഡുകളിൽനിന്നെല്ലാം മഴവെള്ളം ഇവിടെ ഒഴുകിയെത്തും. നേരത്തെ വെള്ളം മുട്ടപ്പലം പാടത്തേക്ക് ഒഴുകിപ്പോകാൻ മാർഗമുണ്ടായിരുന്നു. നീർച്ചാലുകൾക്ക് തടസ്സംനേരിട്ട അവസ്ഥയാണിപ്പോൾ. വെള്ളക്കെട്ടിന് കാരണവുമിതാണ്. ചെറുകോട്ടുകോണം ചിറയിൽനിന്നുള്ള തോട് പതിറ്റാണ്ടുകൾക്കുമുൻപ് നികത്തിയാണ് റോഡ് നിർമിച്ചത്. ഈ പ്രദേശത്തുകാർക്ക് പെരുങ്ങുഴിയിലേക്ക് പോകുന്നതിനുള്ള ഏക റോഡാണിത്. തകർന്നുകിടക്കുന്ന റോഡുകൾ റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.