കുളക്കോട് വളവിൽ റബ്ബർമരം റോഡിലേക്ക് ഒടിഞ്ഞുവീണു

വെള്ളനാട് : വെള്ളനാട്-നെടുമങ്ങാട് റോഡിൽ കുളക്കോട് വളവിൽ റബ്ബർമരമൊടിഞ്ഞ് റോഡിൽ വീണു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് മരമൊടിഞ്ഞ് റോഡിൽ വീണത്. ഈ സമയം റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ അപകടം ഒഴിവായി.
റോഡിലെ വളവിൽ അപകടകരമായ അവസ്ഥയിൽ കാഴ്ചമറച്ചുകിടന്ന മരക്കൊമ്പുകൾ നാട്ടുകാരിടപ്പെട്ട് വേഗം മുറിച്ചുമാറ്റിയതിനാൽ റോഡിലൂടെയുള്ള ഗതാഗതത്തിനും തടസ്സം വന്നില്ല. വെള്ളനാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ നാട്ടുകാരുടെ ജീവനു ഭീഷണിയായിത്തീർന്നിട്ട് കാലമേറയായി. ഈ വിവരം ‘റോഡുകളിലേക്ക് ചാഞ്ഞ് മരങ്ങൾ’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ശനിയാഴ്ച ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളനാട്ടിലെ മിക്കസ്ഥലങ്ങളിലെയും റോഡുകൾക്കിരുവശവും മൺത്തിട്ടകളാണ്.
മഴക്കാലങ്ങളിൽ മരച്ചുവടുകളിൽനിന്നു മണ്ണൊലിച്ചുപോകുന്നതിനാൽ പല സ്ഥലങ്ങളിലും മരങ്ങൾ അപകടാവസ്ഥയിലാണ്. ശക്തമായ കാറ്റ് വീശുകയാണെങ്കിൽ മരങ്ങൾ ഏതുനിമിഷവും കടപുഴകുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്. കൂവക്കുടിയിൽനിന്ന് കുളക്കോട്ടു പോകുന്ന വഴിയിൽ മണിക്കുറുമ്പ്, മേലാങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ റബ്ബർ, തെങ്ങ്, ആഞ്ഞിൽ, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങൾ അപകടനിലയിൽ നിൽപ്പുണ്ട്.
പലയിടങ്ങളിലും മരച്ചില്ലകൾ വാഹനങ്ങളിൽ തട്ടുന്ന അവസ്ഥയിലുമാണ്. മഴക്കാലങ്ങളിൽ മരവും മരച്ചില്ലകളും ഒടിഞ്ഞുവീണ് വൈദ്യുതത്തൂണുകൾക്കും ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. റോഡിന്റെ ഇരുവശങ്ങളിലുള്ള സ്വകാര്യവ്യക്തികളുടെ പറമ്പിലും പുരയിടങ്ങളിലും അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ പലതവണ അറിയിച്ചിട്ടും ആരും ചെവിക്കൊള്ളുന്നില്ല.