ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവം; മണ്ണുനീർകോരൽ നടന്നു

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം 11-ന് കൊടിയേറ്റോടുകൂടി ആരംഭിക്കും. ഉത്സവത്തിന്റെ താന്ത്രികച്ചടങ്ങായ മണ്ണുനീർകോരൽ തിങ്കളാഴ്ച സന്ധ്യയ്ക്ക് നടന്നു. വൈകീട്ട് പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽനിന്നാണ് ആഴാതി സ്വർണക്കുടത്തിൽ മണ്ണുനീർകോരി ക്ഷേത്രത്തിലെത്തിച്ചത്.
19-ന് രാത്രി പള്ളിവേട്ട. 20-ന് ശംഖുംമുഖം കടലിൽ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
കൊടിയേറ്റിനുള്ള മുളപൂജയ്ക്കുവേണ്ടിയാണ് മണ്ണുനീർകോരുന്നത്. വേട്ടയ്ക്കും ആറാട്ടിനും വേണ്ട മുളപൂജയ്ക്കായി കൊടിയേറ്റുദിവസം രാവിലെ വീണ്ടും മണ്ണുനീർകോരൽച്ചടങ്ങ് നടക്കും. ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ക്ഷേത്രത്തിലെത്തിക്കും. ജയിലിലെ അന്തേവാസികളാണ് പാരമ്പര്യമായി കൊടിക്കയർ തയ്യാറാക്കുന്നത്.
കൊടിയേറ്റിനു മുന്നോടിയായി 10-ന് വൈകീട്ട് ബ്രഹ്‌മകലശവും തിരുവോലക്കം എന്ന ചടങ്ങും നടക്കും. 19-ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലാണ് പള്ളിവേട്ട നടക്കുന്നത്. 20-ന് വൈകീട്ട് പടിഞ്ഞാറെനടയിൽനിന്ന് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും. എഴുന്നള്ളത്തിനൊപ്പം നഗരത്തിലെ നാലുക്ഷേത്രങ്ങളിൽനിന്നുള്ള വിഗ്രഹങ്ങളും ചേർന്ന് കൂടിയാറാട്ടായാണ് പുറപ്പെടുന്നത്. ഈഞ്ചയ്ക്കലിൽനിന്ന് ആഭ്യന്തര വിമാനത്താവളത്തിന് ഉള്ളിലൂടെയാണ് ആറാട്ട് ഘോഷയാത്ര ശംഖുംമുഖത്തേക്കു പോകുന്നത്.
സുരക്ഷാകാരണങ്ങൾ കരുതി ഘോഷയാത്രയെ അനുഗമിക്കുന്നത് പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
ചടങ്ങിൽ എക്‌സിക്യുട്ടീവ് ഓഫീസർ ബ്രിഗേഡിയർ ആനന്ദകുമാർ, ഭരണസമിതി അംഗം ചെമ്പഴന്തി അനിൽ, മാനേജർ എൻ.കെ.അനിൽകുമാർ, ശ്രീകാര്യക്കാർ തൊടി ശ്രീരാമൻ, രാഘവേന്ദ്രൻ എന്നിവർ പങ്കെടുത്തു.