ആശുപത്രി മാലിന്യം ജനവാസപ്രദേശത്ത് തള്ളി

കാട്ടാക്കട : മരുന്ന് വെച്ചുകെട്ടിയ ബാൻഡേജുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, രക്തക്കറപുരണ്ട തുണികൾ, പഞ്ഞി എന്നിവയടങ്ങിയ ആശുപത്രി മാലിന്യങ്ങൾ റോഡരികിൽ തള്ളിയ നിലയിൽ കണ്ടെത്തി. കാട്ടാക്കട പഞ്ചായത്തിലെ ഇളവൻകോണം വാർഡിൽ ചെമ്പകത്തിൻമൂട് നെയ്യാർ കനാലിനടുത്തായാണ് 300- ഓളം വലിയ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിൽ ജനവാസ പ്രദേശത്ത് മാലിന്യം കൊണ്ടുതള്ളിയിട്ടുള്ളത്. ബ്യൂട്ടിപാർലറുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. മാലിന്യപ്പൊതികൾ തെരുവുനായകൾ കടിച്ചുകീറിയതോടെ മാലിന്യങ്ങൾ റോഡിലാകെ ചിതറിക്കിടക്കുന്നു. പരിസരമാകെ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച രാത്രിയോടെ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം ഇവിടെ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നു. കുട്ടികളുൾപ്പെടെ നിരവധിപേർ ദിവസേന സഞ്ചരിക്കുന്ന വഴിയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വാർഡംഗം ക്ലീറ്റസ് അന്വേഷണം ആവശ്യപ്പെട്ട് കാട്ടാക്കട പോലീസിൽ പരാതി നൽകി. കാട്ടാക്കട പഞ്ചായത്ത് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പൊതികൾ തുറന്ന് പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയെ സംബന്ധിച്ച വിവരം ലഭിച്ചുവെന്നാണ് അറിയുന്നത്‌. മാലിന്യം മറവുചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.ജെ.സുനിത പറഞ്ഞു.