ഇതുവഴി ദുരിതയാത്രയാണ്...

നേമം : വെള്ളായണി-പുഞ്ചക്കരി ബണ്ട് റോഡുവഴിയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമാണ്. ടാറും ചല്ലിയുമിളകിയ നിലയിലാണ് റോഡ്.
വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ശിവോദയം റോഡിലൂടെ കിരീടം പാലത്തിൽ നിന്നാണ് പുഞ്ചക്കരി ബണ്ട് റോഡ് തുടങ്ങുന്നത്. കല്ലിയൂർ പഞ്ചായത്തിനെ നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു വഴി കൂടിയാണ് ബണ്ട് റോഡ്. കഴിഞ്ഞ കുറെ വർഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയാണ് നാട്ടുകാരുടെ സഞ്ചാരം.
കിരീടം പാലം മുതൽ കന്നുകാലി ചാലിന്റെ ഓരം വഴി പുഞ്ചക്കരി പാലത്തിനു സമീപം വരെ, റോഡിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. സുരേഷ് ഗോപി രാജ്യസഭ എം.പി.യായിരുന്നപ്പോഴാണ് വികസന ഫണ്ടിൽ നിന്നും ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. 1,390 മീറ്റർ നീളവും 3.30 മീറ്റർ വീതിയിലുമാണ് റോഡ് നിർമിച്ചത്. പിന്നീട് അധികൃതർ റോഡ് പരിപാലനം നടത്താതെ വന്നതോടെയാണ് റോഡ് തകർന്നത്.
റോഡിന്റെ പകുതിഭാഗം കല്ലിയൂർ പഞ്ചായത്തും പകുതിഭാഗം കോർപ്പറേഷൻ വാർഡുമാണ്. കോർപ്പറേഷൻ ഭാഗത്ത് മാങ്കിളിക്കരി പാടശേഖരം വരെ റോഡ് പണി തുടങ്ങാൻ ചല്ലിയിറക്കിയെങ്കിലും ഓണത്തോടനുബന്ധിച്ച് റോഡരികിൽ പുഷ്പകൃഷിയിറക്കിയതിനാൽ പണി ഇതുവരെ തുടങ്ങിയിട്ടില്ല. കരുമം, മേലാംകോട്, പുഞ്ചക്കരി, കല്ലിയൂർ, വെള്ളായണി പ്രദേശങ്ങളിലുള്ളവർക്ക് റോഡ് ഏറെ പ്രയോജനകരമാണ്.
കായലും പാടങ്ങളും കൃഷിയിടങ്ങളുമായി പ്രകൃതിരമണീയമായ വെള്ളായണി ബണ്ട് റോഡിൽ ഒട്ടേറെപ്പേരാണ് കാറ്റുകൊള്ളാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുമായി വാഹനങ്ങളിൽ എത്തിച്ചേരുന്നത്. ദേശാടന കിളികളുടെ ആവാസകേന്ദ്രം കൂടിയായ ഈ പ്രദേശത്ത് പക്ഷിനിരീക്ഷകരും എത്താറുണ്ട്. ബണ്ട് റോഡിനോട് ചേർന്ന കിരീടം പാലം സന്ദർശിക്കാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്.