അനൂപിന്റെ പോരാട്ടം ശുദ്ധജലത്തിനുവേണ്ടി

വെള്ളനാട് : ശുദ്ധമായ കുടിവെള്ളത്തിനുവേണ്ടി വെള്ളനാട് ഡിപ്പോയ്ക്കു സമീപം ഇടശ്ശേരി തെക്കേവിളാകം വീട്ടിൽ എസ്.അനൂപ് പോരാട്ടം തുടങ്ങിയിട്ട് അഞ്ചുവർഷം. ചുമട്ടുതൊഴിലാളിയായ അനൂപിന്റെ വീടിനുപുറകിലുള്ള ഗവ. എൽ.പി. സ്കൂളിലെ മലിനജലം തന്റെ കിണറ്റിലിറങ്ങി കുടിവെള്ളം മലിനമാകുന്നുവെന്നും സ്കൂളിലെ ചപ്പുചവറുകളും മറ്റുമാലിന്യങ്ങളും സ്കൂളിലെ ഉപയോഗശൂന്യമായ കിണറ്റിലിട്ട് കത്തിക്കുന്നതുകാരണം തനിക്കും തന്റെ കുടുംബാംഗങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
ഉണ്ടാകുന്നുവെന്നുമാണ് അനൂപിന്റെ പരാതി. ഇതുസംബന്ധിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്കും മറ്റു പഞ്ചായത്ത് അധികൃതർക്കും നിരവധി തവണ അനൂപ് പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. തുടർന്ന് 2024-ൽ അനൂപ് ഓംബുഡ്സ്മാനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.
അന്വേഷണത്തിനൊടുവിൽ സ്കൂളിലെ മാലിന്യങ്ങൾ നീക്കംചെയ്ത് മലിനജലം അനൂപിന്റെ പറമ്പിൽ ഇറങ്ങുന്നത് തടയണമെന്നും ശുദ്ധമായ കുടിവെള്ളലഭ്യത ഉറപ്പാക്കണമെന്നും നിർദേശിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ കത്ത് നൽകിയിരുന്നു. സ്കൂളിലെ മാലിന്യങ്ങൾ കത്തിക്കുന്ന നടപടിക്ക് പരിഹാരമായെങ്കിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ നാളിതുവരെയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
അനൂപ് പഞ്ചായത്തിലെത്തി അന്വേഷിക്കുമ്പോഴെല്ലാം ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. തുലാവർഷം തുടങ്ങിയതോടെ മലിനജലത്തിന്റെ ഒഴുക്ക് വീണ്ടും വർധിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച പ്രതിഷേധവുമായി അനൂപ് വീണ്ടും പഞ്ചായത്തിലെത്തി. അനൂപും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ വാക്കേറ്റവുമായി.
ഒടുവിൽ പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധു, അസിസ്റ്റന്റ് എൻജിനിയർ ഗീതു പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.പ്രതീജ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സ്കൂളും പരിസരവും പരിശോധിച്ചു.
സ്കൂളിലെ മലിനജലം പുറകുവശത്തുകൂടി പുറത്തെ ഓടയിലെത്തിക്കുമെന്നും ശുദ്ധജല ലഭ്യതയ്ക്കുവേണ്ടി അനൂപിന് മറ്റുസംവിധാനങ്ങളൊരുക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി പറഞ്ഞു.