പാറശ്ശാലയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ഒഴിവായത് വലിയ ദുരന്തം

അപകടം വ്യാഴാഴ്ച പുലർച്ചെ മൂന്നിന്
യാത്രക്കാർക്ക് പരിക്കില്ല
പാറശ്ശാല : പാറശ്ശാല റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിലേക്കു വീണ മൺകൂനയിലേക്ക് ഇടിച്ചുകയറിയ ബിലാസ്പുർ തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിൻ പാളംതെറ്റി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് ദുരന്തം ഒഴിവായത്. യാത്രക്കാർ ആർക്കും പരിക്കില്ല. അപകടം കാരണം തിരുവനന്തപുരം നാഗർകോവിൽ പാതയിൽ ഏഴ് മണിക്കൂറോളം ട്രെയിൻ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
പാറശ്ശാല റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇലങ്കം ദേവീക്ഷേത്ര റോഡിനോടു ചേർന്ന ഭാഗത്തുനിന്നാണ് മണ്ണും കല്ലും താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് തറനിരപ്പിൽനിന്നു വളരെ താഴ്ന്നാണ് റെയിൽപ്പാത കടന്നുപോകുന്നത്. തിരുനെൽവേലിയിലേക്കു പോവുകയായിരുന്ന തീവണ്ടി മൺകൂനയ്ക്ക് അടുത്തെത്തിയപ്പോൾ മാത്രമാണ് ട്രാക്കിലെ മണ്ണിടിച്ചിൽ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. അപകടം മുന്നിൽക്കണ്ടയുടൻ അടിയന്തര ബ്രേക്ക് പ്രയോഗിച്ചതിനാൽ ട്രെയിനിന്റെ വേഗം വലിയതോതിൽ കുറയ്ക്കാൻ കഴിഞ്ഞു. എങ്കിലും മുന്നിലുണ്ടായിരുന്ന മൺകൂനയിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയും മുൻചക്രങ്ങൾ പാളത്തിൽനിന്നു തെന്നിമാറുകയും ചെയ്തു.
നാഗർകോവിലിൽനിന്ന് റെയിൽവേയുടെ പ്രത്യേക സംഘവും മറ്റൊരു എൻജിനും സ്ഥലത്തെത്തി. തുടർന്ന് ട്രെയിനിന്റെ ബോഗികൾ വേർപെടുത്തി സംഭവസ്ഥലത്തുനിന്നു മാറ്റി. റെയിൽവേ എൻജിനിയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി ട്രാക്കിലെ മണ്ണ് നീക്കംചെയ്യാനുള്ള ശ്രമങ്ങൾ നടത്തി. രാവിലെ ഒൻപതരയോടെ മണ്ണ് പൂർണമായി നീക്കംചെയ്ത് പാളത്തിലെ തകരാറുകൾ പരിഹരിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ട്രാക്ക് ഗതാഗതയോഗ്യമാക്കിയശേഷം താംബരം-തിരുവനന്തപുരം അമൃത് ഭാരത് എക്സ്പ്രസാണ് ആദ്യമായി കടന്നുപോയത്. അപകടത്തെത്തുടർന്ന് പരശുറാം എക്സ്പ്രസ് അടക്കമുള്ള നിരവധി പ്രധാന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു.
ഓടയടഞ്ഞത് വിനയായി
പാറശ്ശാല : വ്യാഴാഴ്ച പുലർച്ചെ റെയിൽവേസ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് ബിലാസ്പുർ-തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റിയപ്പോൾ വൻദുരന്തം ഒഴിവായത് ലോക്കൊപൈലറ്റിന്റെ മനസ്സാന്നിധ്യം കാരണം.
തിരുവനന്തപുരം കഴിഞ്ഞാൽ നാഗർകോവിലിൽ മാത്രം സ്റ്റോപ്പുള്ള ഈ ട്രെയിൻ സാധാരണയായി അതിവേഗത്തിലാണ് പാറശ്ശാല സ്റ്റേഷൻ പിന്നിടാറുള്ളത്. എന്നാൽ, പാറശ്ശാല എത്തുന്നതിന് തൊട്ടുമുമ്പ് സിഗ്നലിനായി വേഗം ഗണ്യമായി കുറച്ചിരുന്നു. വളവ് തിരിഞ്ഞെത്തുമ്പോൾ ട്രാക്കിൽ മണ്ണു മൂടിക്കിടക്കുന്നത് കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. വേഗം കുറഞ്ഞെങ്കിലും ട്രാക്കിലെ വൻ മൺകൂനയിലേക്ക് എൻജിൻ ഇടിച്ചുകയറുകയായിരുന്നു. പൂർണവേഗത്തിലായിരുന്നെങ്കിൽ ട്രെയിൻ മറിയുന്നതുൾപ്പെടെയുള്ള വൻ അപകടത്തിന് വഴിവെക്കുമായിരുന്നു.
ട്രാക്കിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറിയ എൻജിന്റെ മുൻവശത്തെ നാല് ചക്രങ്ങൾ പാളത്തിൽനിന്ന് തെന്നിമാറി. എൻജിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാവേലി (കാറ്റിൽ ഗാർഡ്) ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്നു.:റെയിൽവേ പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളാണ് മണ്ണിടിച്ചിലിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാതയിരട്ടിപ്പിക്കലിനായി റെയിൽവേ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടങ്ങൾ വീണ് പ്രദേശത്തെ ഓടകൾ പൂർണമായി നികന്ന നിലയിലാണ്.ഓടകൾ അടഞ്ഞതോടെ പുത്തൻകട മേഖലയിൽനിന്നടക്കമുള്ള മഴവെള്ളം സമീപത്തെ റോഡിലൂടെ കുത്തിയൊലിച്ച് ട്രാക്കിലേക്ക് പതിക്കുകയാണ്. ഇതാണ് പാർശ്വഭിത്തിയില്ലാത്ത ഭാഗത്ത് കനത്ത മണ്ണിടിച്ചിലിന് കാരണമായത്. നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ മണ്ണിടിഞ്ഞ ഭാഗത്ത് കൂടി വീണ്ടും മഴവെള്ളം ട്രാക്കിലെത്താനുള്ള സാധ്യതയേറെയാണ്.പഞ്ചായത്ത് ഓഫീസ് നിന്നിരുന്നയിടത്ത് മണ്ണിടിച്ചിൽ പതിവായിരുന്നെങ്കിലും അവിടെ റെയിൽവേ സുരക്ഷാഭിത്തി കെട്ടി ബലപ്പെടുത്തിയിരുന്നു. ഇപ്പോൾ അപകടമുണ്ടായ ഭാഗത്ത് മുമ്പൊരിക്കലും മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ല.
അടഞ്ഞുപോയ ഓടകൾ അടിയന്തരമായി തുറന്ന് മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കനത്ത മഴ പെയ്താൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.