ഹൃദയരാഗം പദ്ധതി കേരളത്തിലെ ആരോഗ്യരംഗത്തെ ശബ്ദമാകും- മന്ത്രി

വര്‍ക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയില്‍ സംഘടിപ്പിച്ച ദേശീയ പ്രകൃതിചികിത്സാ ദിനാചരണം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
വര്‍ക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയില്‍ സംഘടിപ്പിച്ച ദേശീയ പ്രകൃതിചികിത്സാ ദിനാചരണം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വർക്കല: വീടുകളിലെത്തി 18 വയസ്സിനുമുകളിൽ പ്രായമുള്ളവരെ പരിശോധിച്ച് രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഹൃദയരാഗം പദ്ധതി ആരോഗ്യരംഗത്തെ കേരളത്തിന്റെ ശബ്ദമാകുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലായി പൈലറ്റ് പഠനം നടത്തി വിജയിച്ചാൽ 137 നിയോജകമണ്ഡലങ്ങളിലും പ്രാവർത്തികമാക്കും. ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരള, ഭാരതീയ ചികിത്സാ വകുപ്പ്, ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വർക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ സംഘടിപ്പിച്ച ദേശീയ പ്രകൃതിചികിത്സാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വർക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയെ അന്താരാഷ്ട്രനിലവാരത്തിലുള്ള ചികിത്സാകേന്ദ്രമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാരതീയ ചികിത്സാവകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. വി.ബിന്ദു അധ്യക്ഷയായി. വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, മുൻ എം.എൽ.എ. വർക്കല കഹാർ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. എച്ച്. മുഹ്‌സിന, ഡോ. പി.റോയി ജോസഫ്, ഡോ. എസ്.കെ.അനിൽ, ഡോ. ഇന്ദു ജി.കുമാർ, ഡോ. സീബ എസ്. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, ഫുഡ് ആൻഡ് ന്യൂട്രീഷൻ എക്സ്പോ, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

Content Highlights: Minister K. Muraleedharan inaugurated the National Naturopathy Day celebrations in Varkala and highlighted the reach of the Hrudayaragam health project.