എം.എ. കുട്ടപ്പൻ എളിമയുടെ മഹത്വം ഉൾക്കൊണ്ട ആദർശധീരൻ

#ഡോ. എഴുമറ്റൂർ രാജരാജവർമ
എം.എ.കുട്ടപ്പന്‍
എം.എ.കുട്ടപ്പന്‍

എളിമയുടെ മഹത്വം മനസ്സിലാക്കി ജീവിതം നയിച്ച ആദർശധീരനായ മനുഷ്യനായിരുന്ന മുൻ മന്ത്രിയായിരുന്ന ഡോ. എം .എ. കുട്ടപ്പൻ. പിന്നാക്ക- പട്ടികവിഭാഗക്ഷേമവകുപ്പു മന്ത്രിയായിരിക്കുന്ന കാലത്ത്, സെക്രട്ടറിയേറ്റിൽ ഔദ്യോഗികഭാഷാ വകുപ്പിലെ ഭാഷാവിദഗ്ധനായി ഞാൻ ജോലി ചെയ്തിരുന്നു. മന്ത്രിയായി ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞിട്ടുണ്ടാകണം, അദ്ദേഹം എന്നെ വിളിപ്പിച്ചു, ഇരിക്കാൻ പറഞ്ഞു. 'എഴുമറ്റൂർ തമ്പുരാക്കന്മാരുടെ സ്ഥലത്ത് അവരുടെ ചോറുണ്ട് വളർന്ന ഒരാളാണ് ഞാൻ എന്നറിയാമോ', മന്ത്രി എഴുന്നേറ്റുനിന്നാണ് അതു പറഞ്ഞത്. 'അങ്ങനെ പറയരുത്, ആ മഹത്വത്തിന് ഞാൻ വേറെ ഒന്ന് തൊഴുന്നു' എന്ന് ഞാനും എഴുന്നേറ്റുനിന്ന് പറഞ്ഞു.

എറണാകുളത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം ജന്മദേശത്തിന്റെ പുതിയകാലവർത്തമാനങ്ങൾ പറയാൻ എന്നോട് ആവശ്യപ്പെട്ടു. ഞങ്ങൾ മുക്കാൽ മണിക്കൂർ നേരം സംസാരിച്ചിരുന്നു. പിന്നീട് പല കൂടിക്കാഴ്ചകൾ. മന്ത്രി എന്റെ മുറിയിൽ വന്നിരുന്നു സംസാരിക്കുന്നത് പലർക്കും വിസ്മയക്കാഴ്ചയായിരുന്നു. എഴുമറ്റൂർ ദേശത്തിന്റെ അഭിമാന ഭാജനങ്ങളായ ജഡ്ജി കെ. തങ്കപ്പനും മന്ത്രി ഡോ. എം.എ. കുട്ടപ്പനും 2002 ഫെബ്രുവരി 17 -ന് നാട്ടിൽ നടന്ന പൊതുപരിപാടിയിൽ ഒന്നിച്ചു.

എഴുമറ്റൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൗരാവലിയുടേതായി ഗംഭീരസ്വീകരണം നൽകിയതായിരുന്നു ചടങ്ങ്. സമ്മേളനം ഉദ്ഘാടനം ചെയ്തത് എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയായിരുന്ന പി. കെ. നാരായണപ്പണിക്കർ. അധ്യക്ഷൻ പ്രൊഫ. പി. ജെ .കുര്യൻ. മുഖ്യപ്രഭാഷണം എം.പി.യായിരുന്ന രമേശ് ചെന്നിത്തല. എം.എൽ.എയായിരുന്ന ജോസഫ് എം.പുതുശ്ശേരി ഉപഹാര സമർപ്പണം നടത്തി. ജന്മനാടിന്റെ പ്രണാമം ആയി ഇരുവർക്കും പ്രശസ്തിപത്രം വായിച്ചു സമർപ്പിച്ച് സംസാരിക്കുന്നതിനുള്ള നിയോഗം എനിക്കായിരുന്നു.

എഴുമറ്റൂർ സെൻട്രൽ ആർട്സ് ക്ലബ്ബിന്റെ 40-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് സ്മൃതി എന്ന പേരിൽ ഒരു സ്മരണിക പ്രസിദ്ധീകരിക്കാൻ 2002-ൽ തീരുമാനിച്ചപ്പോൾ അതിന്റെ ചീഫ് എഡിറ്റർ എന്ന നിലയിൽ, ഒരു ആശംസ വേണം എന്ന് അദ്ദേഹത്തോട് ഞാൻ അഭ്യർഥിക്കുകയുണ്ടായി . അടുത്ത ദിവസം തന്നെ ആശംസ തയ്യാറാക്കി അദ്ദേഹം നേരിട്ട് കൈയിൽ തന്നു എന്നതും നന്ദിയോടെ ഓർക്കുന്നു.

എഴുമറ്റൂർ ഗ്രാമത്തിലെ വാളക്കുഴി ദേശത്ത് നിത്യജീവിതവൃത്തിക്ക് നന്നേ ക്ലേശിച്ചിരുന്ന ഒരു കുടുംബത്തിൽ പിറന്ന്, ലക്ഷ്യബോധത്തോടുകൂടി കഠിനാധ്വാനം ചെയ്താണ് അദ്ദേഹം ആ നിലയിൽ എത്തിച്ചേർന്നത്. മെഡിക്കൽ ബിരുദം സമ്പാദിച്ച് ആതുര ശുശ്രൂഷാ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും മികച്ച സേവനം അനുഷ്ഠിച്ചു. പിന്നീട് ജോലി രാജിവെച്ച്, വിദ്യാർഥിയായിരുന്ന കാലത്തുതന്നെ ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനരംഗത്ത് കർമ്മനിരതനാവുകയായിരുന്നു. ആദർശത്തിൽ അടിയുറച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ജനസേവനം ജീവിതവ്രതം ആക്കിയിരുന്നു. വളർച്ചയുടെ പടവുകൾ കയറുമ്പോഴും ജന്മദേശവാസികൾക്ക് സന്തോഷവും അഭിമാനവും കൃതാർത്ഥതയും വളർത്തുന്ന ഒരു വ്യക്തിയായിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.

Content Highlights: dr ma kuttappan memory