വാനിൽ 'സ്വകാര്യ' അഹങ്കാരം; മുൻനിരയിലേക്ക് ഇന്ത്യ, വിക്രം-1 വിക്ഷേപണത്തിന്റെ പ്രാധാന്യമെന്ത്?

ശ്രീഹരിക്കോട്ടയിൽനിന്ന് ശനിയാഴ്ച കുതിച്ചുയർന്ന വിക്രം 1 റോക്കറ്റ് ബഹിരാകാശത്ത് വിതറിയത് ഇന്ത്യയുടെ 'സ്വകാര്യ' അഹങ്കാരംകൂടിയാണ്. നാളിതുവരെയായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച റോക്കറ്റുകളിലായിരുന്നു ഇന്ത്യൻ മണ്ണിൽനിന്ന് ഉപഗ്രഹങ്ങളുടെ ബഹിരാകാശ യാത്ര. എന്നാൽ, ആദ്യമായി ആ പതിവു തെറ്റിച്ചിരിക്കുകയാണ് രാജ്യത്തെ ഒരു സ്വകാര്യ കമ്പനി. അതുകൊണ്ടുതന്നെയാണ് ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പെയ്‌സ് എന്ന സ്ഥാപനം 'സ്വകാര്യ' അഹങ്കാരമായി മാറുന്നതും.
വിക്രം1 വിക്ഷേപണ വിജയത്തോടെ സ്വകാര്യ വിക്ഷേപണത്തിനുശേഷിയുള്ള രാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ യാത്രകളിൽ നാഴികക്കല്ലായെന്നാണ് സ്‌കൈറൂട്ട് എയ്റോസ്പെയ്‌സിന്റെ സഹ സ്ഥാപകനും സി.ഇ.ഒ.യുമായ പവൻ കുമാർ ചന്ദന ഈ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. ഇതിനർഥം ഉപഗ്രഹ വിക്ഷേപണരംഗത്ത് ഇനി സ്വകാര്യകമ്പനികൾ ആധിപത്യം സ്ഥാപിക്കുമെന്നുതന്നെയാണ്. ആഗോള വിക്ഷേപണ വ്യവസായരംഗത്ത് ഇന്ത്യയിൽ സ്വകാര്യമേഖലയുടെ കടന്നുവരവിന് വഴിയൊരുക്കുന്നതിനൊപ്പം സ്‌കൈറൂട്ടിനെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കം മാത്രമാണ്. ഒന്നോ രണ്ടോ വിജയകരമായ വിക്ഷേപണങ്ങൾക്കുശേഷം പൂർണ വാണിജ്യ വിക്ഷേപണവാഹനങ്ങൾ നിർമിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
ഒരു സ്വകാര്യ കമ്പനിയുടെ വളർച്ചമാത്രമായി ഇതിനെ കാണരുത്. അതിലുപരി അതിവേഗം വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് മുന്നോട്ടുള്ള വളർച്ചയ്ക്കുള്ള ഊർജമായും ഇതിനെ കാണണം. ബഹിരാകാശ മേഖല സ്വകാര്യസംരംഭകർക്കു മുന്നിലും മലർക്കെ തുറന്നുകൊടുക്കാൻ വഴികാട്ടുന്ന രാജ്യമായി ഇന്ത്യ പേരുനേടുകയും ചെയ്യും. മാത്രമല്ല, ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങളിലെ ഒരു പ്രധാന ചുവടുവെപ്പുകൂടിയായി ഈ വിക്ഷേപണം. പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും അവസരമൊരുങ്ങും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ചെറിയ കമ്പനിക്ക് ജർമനി, ജപ്പാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സ്വകാര്യ വിക്ഷേപണ ഭീമൻമാരോട് മത്സരിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുത്തതും ആ കമ്പനിയുടെ മാത്രമല്ല, ഇന്ത്യയുടെതന്നെ നേട്ടമായി വേണം കാണാൻ. ലോകത്തെ ചുരുക്കം ചില സാങ്കേതികവിപണികളിൽ ഒന്നാണ് ഉപഗ്രഹ വിക്ഷേപണ സേവനം.
ഇതിൽ വിശ്വാസ്യതയും കൃത്യനിഷ്ഠയും അമിതമായ ചെലവ് ഒഴിവാക്കലും അനിവാര്യമാണ്. അതുകൊണ്ടാണ് നിക്ഷേപകരും വ്യവസായ നിരീക്ഷകരും വിക്ഷേപണങ്ങൾക്ക് ഇന്ത്യയെ കൂടുതൽ ആശ്രയിക്കുന്നതും. ടെലികമ്യൂണിക്കേഷൻ, സോഫ്റ്റ് വേർ മേഖലകളുമായി തുലനം ചെയ്യുമ്പോൾ ആഗോളതലത്തിൽ വിക്ഷേപണ വിപണി വളരെ ചെറുതാണ്. എങ്കിലും പ്രതിവർഷം ഒട്ടേറെ ബില്യൺ ഡോളറിന്റെ മൂല്യമുള്ളതുമാണ്. അതിനാൽ സ്‌കൈറൂട്ടിനുള്ള അവസരം ഇന്ത്യയിലെ ബഹിരാകാശ ദൗത്യങ്ങളിൽമാത്രം ഒതുങ്ങുന്നതല്ല. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ആകർഷിക്കാനുള്ള അവസരംകൂടിയാണ്.
ഒരു ദശാബ്ദം മുൻപുവരെ ഉപഗ്രഹ വിക്ഷേപണം പ്രധാനമായും സർക്കാരുകളുടെയും വമ്പൻ കമ്പനികളുടെയും മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ സർവകലാശാലകൾവരെ ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ രംഗത്തെത്തുന്നു. ഈ മേഖലയിൽ സ്റ്റാർട്ടപ്പുകളും വളരുന്നു. ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിക്ഷേപണശേഷിയുടെ ആവശ്യകതയും കൂടുന്നുണ്ട്. വാണിജ്യസ്ഥാപനങ്ങൾ കൂടുതൽ ചെറുഉപഗ്രങ്ങൾ നിർമിക്കുകയും ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്യുന്നതിനാൽ ബഹിരാകാശത്തേക്കുള്ള പേലോഡുകളുടെ എണ്ണവും ഗണ്യമായി വർധിച്ചു. 2025-ൽ ആഗോളതലത്തിൽ 329 വിക്ഷേപണങ്ങൾ നടന്നു. ഇതിലൂടെ 4,587 പേലോഡുകൾ ഭ്രമണപഥത്തിലെത്തിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിഭാഗവും വാണിജ്യാടിസ്ഥാനത്തിലുള്ള പേലോഡുകളാണ്. ഇതിൽനിന്നൊക്കെ മനസ്സിലാവുന്നത് ബഹിരാകാശ പദ്ധതികളിലേക്ക് കൂടുതൽ ഉപഭോക്താക്കൾ എത്തുന്നുണ്ടെന്നാണ്. അതുകൊണ്ടുതന്നെ സ്‌കൈറൂട്ടിനും ഭാവിയിൽ ആവശ്യക്കാർ ഏറും.
വിശ്വാസ്യതയും മത്സരാധിഷ്ഠിത ലോകത്ത് പിടിച്ചുനിൽക്കാൻ കഴിവും വേണമെന്നു മാത്രം. സ്‌കൈറൂട്ടിനെ സംബന്ധിച്ചിടത്തോളം 'സ്പെയ്സ് എക്‌സ്' വെല്ലുവിളിയാണ്. ഒരു ചെറിയ ഇന്ത്യൻ സ്വകാര്യകമ്പനിക്ക് പലരും ആധിപത്യം പുലർത്തുന്ന ഒരു വിപണിയിൽ പ്രവേശിക്കാനായെന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെയാണ് വിക്രം-1 ന്റെ വിജയം ഏറെ പ്രസക്തമാവുന്നതും.
Content Highlights: First successful private rocket launch from India by Skyroot Aerospace., India joins the elite list of nations with private space launch capabilities., Shift from government-only missions to commercial satellite launch dominance., Significant potential for India in the multi-billion dollar global satellite launch market., Scalability and reliability are key to competing with global giants like SpaceX.