'എഐ മോഡലുകൾക്ക് ചില പ്രശ്‌നങ്ങളുണ്ട്, അടിയന്തര ശ്രദ്ധ ആവശ്യമാണ്'; നിലപാടുമാറ്റി സാം ആൾട്ട്മാൻ

ഓപ്പൺഎഐയുടെ എഐ (നിർമിതബുദ്ധി) മോഡലുകൾക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിച്ച് സിഇഒ സാം ആൾട്ട്മാൻ. അവ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും അതീവ ശ്രദ്ധ ആവശ്യമാണെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യന്നു. സൈബർ സുരക്ഷാ ഭീഷണികളും ഉപയോക്താക്കളുടെ മാനസികാരോഗ്യം സംബന്ധിച്ച ആശങ്കകളും അടക്കമുള്ളവയിലുള്ള കമ്പനിയുടെ നിലപാടിലുണ്ടായ മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
എഐ സംവിധാനങ്ങളുടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും മാനസികാരോഗ്യം അടക്കമുള്ളവയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനും ഉത്തരവാദിത്വമുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉയർന്ന പ്രതിഫലത്തിൽ നിയമിക്കാനാണ് കമ്പനിയുടെ നീക്കം. ഇക്കാര്യം സാം ആൾട്ട്മാൻ X-ലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 555,000 ഡോളർ (ഏകദേശം 4.98 കോടിയിലധികം രൂപ) ശമ്പളവും കമ്പനിയുടെ ഓഹരികളുമാണ് സുപ്രധാന പദവിയിലെത്തുന്നവർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സൈബർ സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കുന്നതിന് ലോകത്തെ സഹായിക്കാൻ കഴിവുള്ള ഒരാളെയാണ് ഈ പദവിയിലേക്ക് ആവശ്യമെന്ന് ആൾട്ട്മാൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പദ്ധതിയിടുന്നവർക്ക് എഐ സംവിധാനങ്ങൾ ദോഷകരമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കണം. ഇത് കടുത്ത സമ്മർദമുള്ള ജോലിയാണെന്നും കഠിനാധ്വാനം വേണ്ടിവരുമെന്നും സാം ആൾട്ട്മാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'എഐ മോഡലുകൾക്ക് വലിയ കാര്യങ്ങൾ ചെയ്യാനാകും. എന്നാൽ അവയ്ക്ക് ചില യഥാർത്ഥ വെല്ലുവിളികൾ നേരിടേണ്ടതായി വരുന്നു. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്.'- സാം ആൾട്ട്മാൻ വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ എഐ മോഡലുകളുമായി ബന്ധപ്പെട്ട് ഉയരുന്നതിനിടെയാണ് സാം ആൾട്ട്മാൻ ഇക്കാര്യങ്ങൾ തുറന്ന് സമ്മതിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സൈബർ ആക്രമണങ്ങൾക്കായി എഐ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഓപ്പൺ എഐയുടെ എതിരാളിയായ ആന്ത്രോപിക് അടക്കമുള്ളവ ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അതിനിടെ മാനസികാരോഗ്യത്തിൽ എഐ ചെലുത്താനിടയുള്ള സ്വാധീനത്തെക്കുറിച്ച് ആൾട്ട്മാൻ ആശങ്ക രേഖപ്പെടുത്തി. കൗമാരക്കാരുടെ ആത്മഹത്യകളിൽ ChatGPT-ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. എഐ ചാറ്റ്‌ബോട്ടുകൾ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് ഓപ്പൺഎഐയുടെ നിലപാടുമാറ്റം.
Content Highlights: OpenAI is hiring a Head of Preparedness to address AI risks like cyber threats and mental health impacts. High salary offered