ഇന്ത്യന്‍ ഭാഷകളില്‍ AI; 'എഐ4ഭാരത്' സഹസ്ഥാപകനായ IIT അധ്യാപകന്‍ ടൈം മാഗസിന്റെ പട്ടികയില്‍

നിര്‍മിതബുദ്ധി (എഐ) യുടെ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികള്‍ ഉള്‍പ്പെട്ട ടൈം മാഗസിന്റെ 2025-ലെ പട്ടികയില്‍ ഇടംനേടി ഐഐടി മദ്രാസിലെ അസോസിയേറ്റ് പ്രൊഫസര്‍ മിതേഷ് ഖപ്ര. ഇലോണ്‍ മസ്‌ക്, സാം ആള്‍ട്ട്മാന്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട പട്ടികയിലാണ് അദ്ദേഹവും ഇടംപിടിച്ചത്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ നടത്തിയ വിപ്ലവകരമായ ഗവേഷണത്തിനാണ് അംഗീകാരം.
എഐ കമ്പനികളെ നയിക്കുന്ന പ്രമുഖരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു പലരും. എന്നാല്‍ അവരില്‍നിന്നും വ്യത്യസ്തമായി അക്കാദമിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഖപ്ര. ഇന്ത്യന്‍ ഭാഷകളില്‍ എഐ സാങ്കേതികവിദ്യ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി ഓപ്പണ്‍ സോഴ്സ് ടൂളുകളും ഡാറ്റാസെറ്റുകളും വികസിപ്പിക്കുന്ന 'എഐ4ഭാരത്' എന്ന സംരംഭത്തിന്റെ സഹസ്ഥാപകനാണ് അദ്ദേഹം.
എഐയുടെ ഭാവി രൂപപ്പെടുത്തുന്ന ഗവേഷകര്‍, സംരംഭകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന ടെക് ലോകത്തെ ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നാണ് ടൈം 100 എഐ പട്ടിക. ഇന്ത്യന്‍ വംശജനായ കോഗ്നിസന്റ് സിഇഒ രവി കുമാറും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി പ്രാദേശിക ഭാഷകള്‍ക്കായി വോയിസ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും മിതേഷ് ഖപ്രയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഡാറ്റാസൈറ്റുകളെയാണ് ആശ്രയിക്കുന്നതെന്ന് ടൈം മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദി, ബംഗാളി പോലുള്ള വ്യാപകമായി ഉപയോഗിക്കുന്ന ഭാഷകളില്‍ പാശ്ചാത്യ മോഡലുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചേക്കാമെങ്കിലും മറ്റുപല ഭാഷകളിലും അവ ദുര്‍ബലമാണ്. ഈ വിടവ് നികത്തുന്നതിനായി ഖപ്രയുടെ ഗവേഷണ ലാബായ എഐ4ഭാരത് ഒരു പ്രോജക്റ്റിന് നേതൃത്വം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളും ഉള്‍ക്കൊള്ളിക്കാനുളള ശ്രമത്തിന്റെ ഭാഗമായി ഗവേഷകര്‍ രാജ്യത്തെ 700 ജില്ലകളില്‍ ഏതാണ്ട് 500 എണ്ണത്തിലും സഞ്ചരിച്ചിരുന്നു. വിവിധ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള ആളുകളുടെ ആയിരക്കണക്കിന് മണിക്കൂര്‍ വരുന്ന ശബ്ദരേഖകള്‍ അവര്‍ റെക്കോര്‍ഡ് ചെയ്തു. എഐയുടെ സഹായത്തോടെ പ്രാദേശിക ഭാഷകളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ഭാഷിണി ദൗത്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിര്‍ണായകമാണ്. ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകള്‍ക്കായുള്ള തങ്ങളുടെ എഐ മോഡലുകള്‍ മെച്ചപ്പെടുത്തുന്നതിന് ആഗോള ടെക് ഭീമന്മാര്‍ പോലും എഐ4ഭാരതിന്റെ ഡാറ്റാസെറ്റുകള്‍ ഉപയോഗിക്കുന്നു.
Content Highlights: IIT Madras professor Mitesh Khapra recognized by TIME for groundbreaking AI work in Indian languages