3I/ATLAS അന്യഗ്രഹ പേടകമോ? വിശദീകരണവുമായി നാസ; ചോദ്യമുന്നയിച്ച് ഹാര്‍വാഡ് ശാസ്ത്രജ്ഞന്‍

#ടെക് ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP, AI
പ്രതീകാത്മകചിത്രം | AFP, AI

സൗരയൂഥത്തിലൂടെ കടന്നുപോകുന്ന 3I/ATLAS നെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ. 3I/ATLAS-ന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട നാസ അതിനെ നക്ഷത്രാന്തരീയ വാല്‍നക്ഷത്രം (interstellar comet) എന്നാണ് വിശേഷിപ്പിക്കുന്നത്. 3I/ATLAS ഒരു അന്യഗ്രഹ പേടകമാകാം എന്ന തരത്തിലുള്ള സിദ്ധാന്തങ്ങളെ നാസ തള്ളിക്കളയുകയും ചെയ്യുന്നു. എന്നാല്‍ 3I/ATLAS ഒരു അന്യഗ്രഹ പേടകമാകാം എന്ന ആശയം മുന്നോട്ടുവെച്ച ഹാര്‍വാഡ് ശാസ്ത്രജ്ഞന്‍ ആവി ലോബ് നാസയെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. നാസയുടെ നിഗമനങ്ങളെ വഞ്ചനാപരം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

അതിനിടെ, നാസയും അന്താരാഷ്ട്ര ബഹിരാകാശ ദൗത്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച 3I/ATLAS എന്ന നക്ഷത്രാന്തരീയ വാല്‍നക്ഷത്രത്തിന് 500 മുതല്‍ 800 കോടി വരെ വര്‍ഷം പഴക്കമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് ഹൗസ് സയന്‍സ് കമ്മിറ്റിയിലെ യുഎസ് കോണ്‍ഗ്രസ് അംഗം ജോര്‍ജ്ജ് വൈറ്റ്‌സൈഡ്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്. അത് ഭൂമിയേക്കാള്‍ പഴക്കമുള്ളതാണെന്നും അദ്ദേഹം പറയുന്നു. സൗരയൂഥത്തിലൂടെ കടന്നുപോകുന്ന ഈ വാല്‍നക്ഷത്രം ഒരു അന്യഗ്രഹ പേടകമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുമില്ലെന്നും വൈറ്റ്‌സൈഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

അന്യഗ്രഹ പേടകമാകാം എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ 2025 ജലായ് 1-ന് കണ്ടെത്തിയ ഈ വാല്‍നക്ഷത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാപകമായ നിരീക്ഷണ ദൗത്യത്തിന് നാസ തുടക്കം കുറിച്ചത്. ബഹിരാകാശ പേടകങ്ങളും ദൂരദര്‍ശിനികളും ഉള്‍പ്പെടെ പന്ത്രണ്ടോളം നാസയുടെ സംവിധാനങ്ങള്‍ 3I/ATLAS ന്റെ ചിത്രങ്ങള്‍ പകര്‍ത്തി.

ചൊവ്വയുടെ സമീപത്തുകൂടി കടന്നുപോയ സമയത്ത് നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (MRO) ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി. മാവെന്‍ ഓര്‍ബിറ്റര്‍ വാല്‍നക്ഷത്രത്തിന്റെ ഘടന വിശകലനം ചെയ്യാന്‍ സഹായിക്കുന്ന അള്‍ട്രാവയലറ്റ് ഡാറ്റ ശേഖരിച്ചു. ചൊവ്വയുടെ ഉപരിതലത്തിലുള്ള പെര്‍സിവിയറന്‍സ് റോവറും ദൃശ്യം പകര്‍ത്തി. നാസയുടെ സൈക്കി, ലൂസി എന്നീ ബഹിരാകാശ പേടകങ്ങള്‍ക്കും അതിനെ നിരീക്ഷിക്കാന്‍ കഴിഞ്ഞു. അതിനിടെ, ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ മൗണ്ട് അബു ദൂരദര്‍ശിനിയിലൂടെ പകര്‍ത്തിയ 3I/ATLAS-ന്റെ ശ്രദ്ധേയമായ പുതിയ ചിത്രവും പുറത്തുവിട്ടിരുന്നു.

അതിനിടെ, നാസ പുറത്തുവിട്ട ചിത്രങ്ങളെക്കുറിച്ച് കടുത്ത ഭാഷയിലാണ് ഹാര്‍വാഡ് ശാസ്ത്രജ്ഞന്‍ ആവി ലോബ് പ്രതികരിച്ചത്. 'എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. 3I/ATLAS ഒരു സാധാരണ വാല്‍നക്ഷത്രമാണെന്നും യുഎസിലെ ഭരണ സ്തംഭനം കാരണം അടുത്തിടെ വരെ ഡാറ്റ പ്രോസസ്സ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നുമുള്ള ഔദ്യോഗിക മന്ത്രം നാസ ആവര്‍ത്തിച്ചു.' ലോബ് ബ്ലോഗ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

2025 ഒക്ടോബര്‍ രണ്ടിന് മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് (HiRISE) ക്യാമറ എടുത്ത ചിത്രത്തെക്കുറിച്ചും ലോബ് പരാമര്‍ശിച്ചു. പേടകത്തില്‍ നിന്ന് ഏകദേശം 0.2 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് (19 ദശലക്ഷം മൈല്‍) അകലെയായിരുന്ന വാല്‍നക്ഷത്രം. പ്രകാശത്തിന്റെ മങ്ങിയ ഒരു ഗോളം മാത്രമാണ് പതിഞ്ഞത്.

HiRISE-ല്‍ നിന്നുള്ള പുതിയ ഡാറ്റയും മാവെന്‍ നടത്തിയ കണ്ടെത്തലും ഹബിള്‍, ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി, സ്ഫിയര്‍എക്‌സ് ബഹിരാകാശ ദൂരദര്‍ശിനി എന്നിവയില്‍ നിന്ന് ഇതിനകം ലഭിച്ച വിവരങ്ങളിലേക്ക് ഒരു ചെറിയ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 3I/ATLAS ഒരു പുതിയ വാല്‍നക്ഷത്രമാണെന്ന് പറയുന്നതിനുപകരം അതേക്കുറിച്ച് ഇനിയും മനസിലാകാത്ത കാര്യങ്ങള്‍ക്കാണ് നാസയുടെ ഊന്നല്‍ നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 3I/ATLASമായി ബന്ധപ്പെട്ട ഇനിയും വ്യക്തമാകാത്ത 12 കാര്യങ്ങളെളെക്കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ഈ അപൂര്‍വ വസ്തു മനപ്പൂര്‍വം സൗരയൂഥത്തെ ലക്ഷ്യം വെച്ചതല്ലെങ്കില്‍ 3I/ATLASനെ കണ്ടെത്തുന്നതിന് മുന്‍പ് സമാനമായ ഒരു ദശലക്ഷം വസ്തുക്കളെ കണ്ടെത്തേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചില അമച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ 'നാസ പങ്കിട്ട HiRISE ചിത്രത്തേക്കാള്‍ വളരെ കൂടുതല്‍ വ്യക്തത നല്‍കുന്നതായിരുന്നുവെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ നക്ഷത്രാന്തരീയ വസ്തുക്കള്‍ ഭൂമിക്ക് ഉയര്‍ത്താനിടയുള്ള ഭീഷണികളെക്കുറിച്ച് യു.എസ് കോണ്‍ഗ്രസ് അംഗം വൈറ്റ്‌സൈഡ്‌സ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 3I/ATLAS ന്റെ വലുപ്പമുള്ള ഒരു വാല്‍നക്ഷത്രം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ വരികയാണെങ്കില്‍, അതിനെ ഗതിമാറ്റിവിടാനുള്ള തന്ത്രം മെനയാന്‍ മനുഷ്യരാശിക്ക് വെറും രണ്ട് മാസം മാത്രമേ ലഭിക്കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

Content Highlights: NASA images interstellar comet 3I/ATLAS, billions of years old! Discover its origins, observe its journey, and learn what scientists are uncovering.