തേന്മാവിൻ കൊമ്പത്തിൽ ചായക്കടയിലെത്തിയ മാണിക്കനെയും കാർത്തുമ്പിയെയും പോലെയായി ഞങ്ങൾ ഇരുവരും

കൊറിയന്‍ പോപ്പ് മ്യൂസിക്കും പോപ്പ് താരങ്ങളും കൊറിയന്‍ ഡ്രാമാ സീരിസുമൊക്കെ കേരളത്തില്‍ ഇത്രയും ഹരമാകുന്നതിന് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്. 2014 സെപ്റ്റംബറില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. അവിടെ ഇഞ്ചിയോണില്‍ അരങ്ങേറുന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസ് മാതൃഭൂമിക്കുവേണ്ടി കവര്‍ ചെയ്യുകയായിരുന്നു ദൗത്യം. അങ്ങനെ 2014 സെപ്റ്റംബറിലെ ഒരു ചൊവ്വാഴ്ച രാത്രി ഇമിഗ്രേഷന്‍ ക്ലിയറന്‍സുമൊക്കെ കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തില്‍ സില്‍ക്ക് എയറിന്റെ സിംഗപ്പുരിലേക്കുള്ള ഫ്ലൈറ്റ് കാത്തിരിക്കുകയാണ്. സിംഗപ്പുരിലെ ചാങ്ങി വിമാനത്താവളത്തില്‍ നിന്നുമാണ് ഇഞ്ചിയോണിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ്. ആദ്യ വിദേശയാത്ര. മുന്നില്‍ വലിയൊരു ദൗത്യവും. അതിന്റേതായ എല്ലാ ആശങ്കകളുമുണ്ട്. അതിനിടയിലാണ് മുപ്പതോളം വരുന്ന ഒരു കൂട്ടം കുട്ടികള്‍ ശ്രദ്ധയില്‍പ്പെടുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഘത്തിലുണ്ട്. സാധാരണ ആ പ്രായത്തിലുള്ള കുട്ടികളെപ്പോലെ ചിരിയും ബഹളവുമൊന്നുമില്ലാതെ ഉത്കണ്ഠയോടെയാണ് പലരും ഇരിക്കുന്നത്. അവരില്‍ രണ്ടു പേരുമായി പരിചയപ്പെട്ടു. ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ പോവുകയാണ്. കൂട്ടത്തില്‍ ഏജന്റുമുണ്ട്. അവരും സിംഗപ്പുര്‍ക്കാണ്. അവിടെ നിന്നും ചൈനയിലേക്ക് പറക്കും. അവര്‍ക്ക് എന്നെക്കാള്‍ വലിയൊരു ജീവിതദൗത്യത്തിന്റെ ആശങ്ക. ഏതായാലും ഞങ്ങളെല്ലാം ഒരേ തൂവല്‍പ്പക്ഷികള്‍. ദൈവമേ ഇവര്‍ക്കെല്ലാം നല്ലതു മാത്രം വരുത്തണേ എന്നൊരു നിമിഷം പ്രാര്‍ഥിച്ചു. പിന്നെ എന്റെ ദൗത്യം വിജയകരമാകുന്നതിനു വേണ്ടിയും.
നാലേ മുക്കാല്‍ മണിക്കുറോളം നീളുന്ന സിംഗപ്പുര്‍ യാത്രയിലെ വിരസതയ്ക്കിടയില്‍ ചിന്ത ദക്ഷിണ കൊറിയയെ കുറിച്ചായി. 1986-ല്‍ ദക്ഷിണ കൊറിയ ആദ്യമായി ആതിഥേയരായ സോള്‍ ഏഷ്യന്‍ ഗെയിംസിലൂടെയാണ് ആ രാജ്യവും അവിടുത്തെ ആളുകളുടെ പേരുകളും ഒക്കെ പരിചിതമാകുന്നത്. അതിന് മുഖ്യ കാരണം നമ്മുടെ ഇതിഹാസതാരം പി.ടി.ഉഷയും. നാല് സ്വര്‍ണവും ഒരു വെള്ളിയുമടക്കം അഞ്ച് മെഡലുകള്‍ സ്വന്തമാക്കി പയ്യോളി എക്സ്പ്രസ് ചരിത്രം രചിച്ച സോള്‍. ഏഷ്യന്‍ ഗെയിംസ് വാര്‍ത്തകള്‍ക്കായി പത്രത്തില്‍ ഓരോ ദിവസവും പരതിയപ്പോഴാണ് കിം, ലീ, പാര്‍ക്ക് തുടങ്ങിയ കൊറിയന്‍ പേരുകള്‍ പരിചിതമായത്. സ്‌കൂളിലെത്തിയാലുള്ള വീമ്പുപറച്ചില്‍ കൊറിയന്‍ പേരുകള്‍ ചേര്‍ത്താണ്. 'എടാ ഇന്നലെ ജിംനാസ്റ്റിക്സില്‍ സ്വര്‍ണം നേടിയത് കിം ഹ്യോ ഇല്ലാണ്. നീന്തലില്‍ പാര്‍ക്ക് ജീയുടെ പ്രകടനം കാണേണ്ടതായിരുന്നു.' അന്നത്തെ ആഡംബരമായ ടെലിവിഷന്‍ വീട്ടിലുള്ള കൂട്ടുകാരന്റെ തള്ള്. അതിന് അകമ്പടിയായി ഞങ്ങളുടെ കൂവലും. ഏതായാലും ദക്ഷിണ കൊറിയയും സോളുമെല്ലാം പതിനാല്, പതിനഞ്ച് വയസില്‍ തന്നെ ഞങ്ങള്‍ക്ക് പരിചിതമായി.
Content Highlights: Incheon Asian Games 2014 South Korea travelogue personal experience Incheon Airport Korean