സൈ ഉടലോടെ കൺമുന്നിൽ, ഒപ്പം ഗന്നം സ്റ്റൈലും; ഞാൻ എന്റെ സീറ്റിന്റെ ആവലാതി മറന്നു

2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ സൈ ഗന്നം സ്റ്റൈൽ ഡാൻസ് അവതരിപ്പിക്കുന്നു. ഫോട്ടോ: ഗെറ്റി ഇമേജസ്
2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ സൈ ഗന്നം സ്റ്റൈൽ ഡാൻസ് അവതരിപ്പിക്കുന്നു. ഫോട്ടോ: ഗെറ്റി ഇമേജസ്

വീണ്ടും കെ- പോപ്പില്‍നിന്നു തന്നെ തുടങ്ങാം. ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും കോമണ്‍ വെൽത്ത് ഗെയിംസും പോലുള്ള കായിക മഹാമേളകളില്‍ മത്സരങ്ങള്‍ പോലെ തന്നെ ആവേശം നല്‍കുന്നതാണ് അവയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളും. ഇത്തരം മേളകള്‍ക്ക് ആതിഥ്യം വഹിക്കുന്ന രാജ്യത്തിന്റെയും ഭൂഖണ്ഡങ്ങളുടെയുമൊക്കെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവുമൊക്കെ അണിനിരത്തിയായിരിക്കും ചടങ്ങുകള്‍ നടത്തുക. ആതിഥേയ രാജ്യത്തെ കലാകാരന്‍മാരും മറ്റു പ്രശസ്ത കലാകാരന്‍മാരുമൊക്കെ അവതരിപ്പിക്കുന്ന കലാപരിപാടികളും അത്ലറ്റുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും കൂടിയാകുമ്പോള്‍ എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭമായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍. ഒളിമ്പിക്സിന്റെയും ഏഷ്യന്‍ ഗെയിംസിന്റെയും ഉദ്ഘാടനച്ചടങ്ങുകള്‍ പലതവണ ടെലിവിഷനില്‍ ലൈവായി കണ്ട് ആവേശം കൊണ്ടിട്ടുണ്ട്. ആ ആവേശം നേരിട്ട് സമ്മാനിക്കുകയായിരുന്നു ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്. ഉദ്ഘാടനച്ചടങ്ങിലെ മുഖ്യ ആകര്‍ഷണമായിരുന്നു അന്നത്തെ കെ- പോപ് സെന്‍സേഷന്‍ സൈയുടെ 'ഓപ്പണ്‍ ഗന്നം സ്‌റ്റൈല്‍' അവതരണം.

ഇഞ്ചിയോണില്‍ എത്തിയതിന്റെ മൂന്നാം ദിനമായിരുന്നു ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം. ഫുട്ബോള്‍ അടക്കം ചില മത്സരങ്ങള്‍ അതിനു ദിവസങ്ങള്‍ക്കുമുമ്പേ തന്നെ ആരംഭിച്ചു. മീഡിയ സെന്ററിലും മീഡിയ വില്ലേജിലും പരിസരങ്ങളിലുമൊക്കെയായി രണ്ടാം ദിവസം ചെലവഴിച്ചു. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഗെയിംസ് കവര്‍ ചെയ്യാനെത്തിയിട്ടുണ്ട്. അഞ്ചും ആറും ഗെയിംസ് കവര്‍ ചെയ്തവര്‍ മുതല്‍ എന്നെപ്പോലെ പുതുമുഖങ്ങള്‍ വരെ. ചിലരെയൊക്കെ പരിചയപ്പെട്ടു. ഉച്ചകഴിഞ്ഞ് ഗെയിംസ് വില്ലേജില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തലുണ്ട്. അതിനായി ഇന്ത്യന്‍ സംഘത്തലവനും അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അന്നത്തെ പ്രസിഡന്റുമായ അദില്‍ സുമരിവാല മീഡിയ സെന്ററിലെത്തി എല്ലാവരെയും ക്ഷണിച്ചു. അതിനിടയില്‍ വേറൊരു കാര്യവും ധരിപ്പിച്ചു. നാളത്തെ ഉദ്ഘാടനച്ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മീഡിയ സെന്ററില്‍ ലാപ്ടോപ്പ് വയ്ക്കാന്‍ സംവിധാനമുള്ള കുറച്ചു കസേരകളേ ഉള്ളൂ. ഓരോ രാജ്യക്കാര്‍ക്കും ഇതില്‍ കുറച്ചെണ്ണം കിട്ടും. ഇന്ത്യന്‍ സംഘത്തില്‍ ഇത് ആര്‍ക്കൊക്കെ കിട്ടുമെന്നുള്ളത് ലോട്ട് ഇട്ടായിരിക്കും തീരുമാനിക്കുക. ബാക്കിയുള്ളവര്‍ മടിയില്‍ വച്ച് സ്റ്റോറി ടൈപ്പ് ചെയ്യേണ്ടി വരും. ഭാഗ്യം വഴിയില്‍ കൂടി പോയിട്ടില്ലാത്തതുകൊണ്ട് അക്കാര്യത്തില്‍ ഒരു തീരുമാനമായെന്ന് അപ്പോഴേ മനസ് പറഞ്ഞു.

Content Highlights: Incheon Asian Games 2014: A Journalist`s Experience

Continue reading