നഗരങ്ങളെയും യാത്രകളെയും ഞാനോര്‍മിക്കുന്നത്‌ ഈ മനുഷ്യരിലൂടെയാണ്

#അന്‍സിഫ് അബു
പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത്ത് ശങ്കരന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത്ത് ശങ്കരന്‍

മാല്‍ഗുഡിയും മക്കൊണ്ടോയും പോലെയുള്ള സങ്കല്പദേശങ്ങളിലേക്കുള്ള യാത്രകളിലായിരുന്നു എക്കാലവും എനിക്ക് കൗതുകം. യാഥാര്‍ത്ഥ്യത്തിന്റെ ചെളിപുരളാത്ത പാതകള്‍, അവിടുത്തെ ഓരോ വളവിലും തിരിവിലും പതിയിരിക്കുന്ന അനിശ്ചിതത്വങ്ങള്‍, ഇറക്കമിറങ്ങിച്ചെല്ലുമ്പോള്‍ പൊടുന്നനെ മുന്നിലൊരു കയറ്റം പ്രത്യക്ഷപ്പെടുന്ന ജീവിതം പോലെയുള്ള വഴികള്‍, ഇവകളിലേക്കായിരുന്നു എന്റെ നോട്ടങ്ങള്‍. യഥാര്‍ത്ഥ ദേശങ്ങളിലേക്കുള്ള യാത്രകളില്‍ നിന്നാവട്ടെ, സ്ഥലങ്ങളും കാഴ്ചകളുമല്ല, മനുഷ്യരാണ് എന്നോടൊപ്പം ഇറങ്ങിവന്നത്; നിറയെ കഥകളുള്ള മനുഷ്യര്‍. ചെറിയ സ്ഥലകാലങ്ങളില്‍ മാത്രം പരിമിതപ്പെട്ടുപോവാതെ, മനുഷ്യവംശത്തിന്റെ വിശാലതയിലേക്ക് എന്നെ കണ്ണിചേര്‍ത്തതില്‍ പുസ്തകങ്ങള്‍ക്കെന്ന പോലെ യാത്രകളില്‍ ഞാന്‍ കണ്ടുമുട്ടിയ ആ മനുഷ്യര്‍ക്കുമുണ്ട് വലിയൊരളവോളം പങ്ക്.

ദീര്‍ഘദൂരസഞ്ചാരങ്ങളില്‍ മാത്രമല്ല തീരെ ചെറിയ യാത്രകളില്‍ പോലും മനുഷ്യര്‍ എന്റെ അടുക്കലേക്ക് വന്നു, അവരുടെ പേരുകളും ദേശങ്ങളും കഥകളും മാറിക്കൊണ്ടിരുന്നു എന്ന് മാത്രം. പാലായില്‍ നിന്ന് നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ ആ മനുഷ്യന്‍ പൗലോസായിരുന്നെങ്കില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും തൃശ്ശൂരിലേക്കുള്ള തീവണ്ടിയാത്രയില്‍ അത് ക്രിസ്റ്റീനയായിരുന്നു. മംഗലപ്പുഴ സെമിനാരിയിലെ വൈദികവിദ്യാര്‍ത്ഥിയായിരുന്ന പൗലോസുമായി ഞാന്‍ വളരെ പെട്ടെന്ന് അടുത്തു. സെമിനാരിയില്‍ നിന്നും എന്നെത്തേടി വന്നിരുന്ന ഫോണ്‍ സംഭാഷണങ്ങളിലൂടെ ഞങ്ങളുടെ സ്നേഹം വളര്‍ന്നു. ഒരിക്കല്‍ പോലും തിരിച്ചുവിളിക്കാന്‍ ഞാന്‍ പരിശ്രമിച്ചിട്ടില്ലെങ്കിലും ഓരോ തവണയും കൂടുതല്‍ ഉത്തരവാദിത്തത്തോടെ അയാള്‍ എന്റെ കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. അയാളുടെ അപ്പനും അമ്മയും നാടുമെല്ലാം എനിക്ക് ഏറെ സുപരിചിതമായി. പക്ഷേ പെട്ടെന്നൊരുനാള്‍ ആ ഫോണ്‍വിളികള്‍ അവസാനിച്ചു. പലവഴികളിലൂടെ അന്വേഷിച്ചെങ്കിലും പൗലോസിനെ പിന്നീടെനിക്ക് കണ്ടെത്താനായില്ല. അപ്രതീക്ഷിതമായി മറ്റൊരു യാത്രയില്‍ അയാളെ കണ്ടുമുട്ടാനായേക്കും എന്ന എന്റെ പ്രതീക്ഷയും പതുക്കെ അസ്തമിച്ചു; മുന്നിലേക്കാണല്ലോ നമ്മുടെ സഞ്ചാരം. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതയിലേതുപോലെ ഓരോ വഴിയും പുതിയ വഴികളിലേക്ക് നയിക്കും, മടങ്ങിവരവുകള്‍ അസാധ്യമാവുകയും നഷ്ടപ്പെട്ടവയെ മറവി വന്നു മൂടുകയും ചെയ്യും. എങ്കിലും എന്റെ ഓരോ യാത്രകളിലും ഞാന്‍ പഴയ മനുഷ്യരെ പ്രതീക്ഷിച്ചുകൊണ്ടിരിക്കാറുണ്ട്.

ബോംബെയിലേക്ക് യാത്ര ചെയ്യണമെന്ന കുട്ടിക്കാലംതൊട്ടേയുള്ള എന്റെ സ്വപ്നത്തെ ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെയൊരു പ്രതീക്ഷയാണ്. എന്റെ കുട്ടിക്കാലത്താണ് വീടിനടുത്തെ തടിമില്ലില്‍ തൊഴിലാളിയായി അയാളെത്തുന്നത്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അയാളെ ശ്രീനിവാസന്‍ ഭായി എന്ന് വിളിച്ചു. നാട്ടിലെ തടിമില്ലില്‍ തൊഴിലാളിയായ ബോംബേക്കാരന്‍ എന്ന വിലാസത്തിനപ്പുറം അയാളെക്കുറിച്ച് ആരും കൂടുതല്‍ തിരക്കിയില്ല. എല്ലാവരും അയാളെ സ്നേഹിച്ചു, അയാള്‍ തിരിച്ചും. ഓരോ തവണ ബോംബെയില്‍ പോയി മടങ്ങിവരുമ്പോഴും മക്കള്‍ക്കെന്ന പോലെ അയാള്‍ ഞങ്ങള്‍ക്കായി സമ്മാനപ്പൊതികള്‍ കരുതി. വീട്ടില്‍ നിന്നും അകലെയുള്ള മറ്റൊരു ദേശത്ത് സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു എന്നതുകൂടിയായിരിക്കാം ഓരോ മടക്കയാത്രയിലും ശ്രീനിവാസന്‍ ഭായിയെ പ്രചോദിപ്പിച്ചിരിക്കുക എന്നെനിക്ക് തോന്നിയിട്ടുണ്ട്; പ്രവാസങ്ങള്‍ കേവലയാത്രകളല്ലെന്ന് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് ഞാന്‍ തിരിച്ചറിയുന്നത്.  എന്റെ ക്രിക്കറ്റ് ഭ്രാന്തറിയാമായിരുന്നതുകൊണ്ട് ഒരിക്കല്‍ ബോംബെയില്‍ നിന്ന് എനിക്കുള്ള ക്രിക്കറ്റ് ബാറ്റുമായാണ് ഭായി മടങ്ങിയെത്തിയത്; എനിക്കാദ്യം കിട്ടിയ വലിയ സമ്മാനങ്ങളിലൊന്നും അതായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മാച്ചുണ്ടാവുമ്പോള്‍ കൊണ്ടുപോയി കാണിക്കാമെന്നൊരു വാക്കും എനിക്ക് തന്നിരുന്നു. എത്ര ആത്മാര്‍ത്ഥമെങ്കിലും ചില വാക്കുകള്‍ ജീവിതത്തില്‍ പാലിക്കപ്പെടുന്നില്ല, ജീവിതത്തിന്റെ ഒരു ഗതി അങ്ങനെയാണ്. ഒരിക്കല്‍ നാട്ടിലേക്ക് പോയ ഭായി പിന്നീട് മടങ്ങിവന്നില്ല, ഫോണ്‍ വിളികളോ അന്വേഷണങ്ങളോ പോലും ഉണ്ടായില്ല. പലദേശങ്ങളില്‍ നിന്നും ജീവിതം മാത്രം മുന്നില്‍ക്കണ്ട് അനേകം മനുഷ്യര്‍ പിന്നീട് ഞങ്ങളുടെ നാട്ടിലെത്തി. അവരെക്കാണുമ്പോഴെല്ലാം ഞാന്‍ ശ്രീനിവാസന്‍ ഭായിയെ ഓര്‍ക്കും. ഭായി അതുപോലെ എപ്പോഴെങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടാവുമോ? പൊടുന്നനെ ഒരുദിവസം ഒരു ക്രിക്കറ്റ് ബാറ്റുമായി ഭായി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമോ? അങ്ങനെ പ്രത്യക്ഷപ്പെട്ടാല്‍ ആഹ്ലാദിക്കാന്‍ മാത്രം ക്രിക്കറ്റ് ഭ്രാന്ത് ഇപ്പോഴെനിക്കില്ല. എങ്കിലും  ഭായിയെ വീണ്ടും കാണണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രം ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്നാഗ്രഹമുള്ള നഗരമായി ബോംബെ എന്റെ സ്വപ്നത്തില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതൊരു മഹാനഗരമാണെന്ന് ഇന്നെനിക്ക് അറിയാം, പക്ഷേ സ്വപ്നങ്ങള്‍ എപ്പോഴും യുക്തിഭദ്രമായിരിക്കണമെന്നില്ലല്ലോ!

സ്പിതിയാത്രയ്ക്കിടയില്‍ കാസ ഗ്രാമത്തില്‍ വച്ചു കണ്ടുമുട്ടിയ ഡോള്‍മ അമ്മയെ കുറിച്ചും അവരുടെ രണ്ട് പെണ്മക്കളെക്കുറിച്ചും ആത്മസുഹൃത്തും സഞ്ചാരിയുമായ ജയന്‍ ഒരിക്കലെന്നോട് പറഞ്ഞിട്ടുണ്ട്. വിശപ്പ് മാറ്റാന്‍ അവരോടൊപ്പം ബാര്‍ലി പാടത്ത് പണിയെടുത്തു, രണ്ടാഴ്ചയോളം അവന്‍. ദേശങ്ങളെയും അതിര്‍ത്തികളെയും ഭാഷകളെയുമെല്ലാം അതിലംഘിക്കുന്ന വിധം, മനുഷ്യന്‍ എന്നത് ഒരു സുന്ദരപദമാവുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. ദിവസമേറുന്തോറും അവര്‍ക്കിടയിലെ സ്നേഹവും പെരുകിവന്നു. രണ്ടാമത്തെ മകള്‍ അങ്മുവിനെ വിവാഹം ചെയ്തു നാട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ എന്ന് ഡോള്‍മ അമ്മ ഒരിക്കല്‍ ജയനോട് പറയുന്നിടത്തോളം ആ സ്നേഹം വളര്‍ന്നു. തന്റെ യാത്രയുടെ ലക്ഷ്യം മറ്റൊന്നാണെന്ന ബോധ്യമുണ്ടായിരുന്നതുകൊണ്ടാവാം അവന്‍ വളരെ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങുകയാണുണ്ടായത്. മകളെ വിവാഹം ചെയ്തു നല്‍കാന്‍ പോലും തയ്യാറാവും വിധം അപരിചിതത്വത്തെ ഭേദിക്കാന്‍ അവര്‍ക്കെങ്ങനെയായി എന്ന സന്ദേഹം എനിക്കെപ്പോഴുമുണ്ടാവാറുണ്ട്.'സ്നേഹം' എന്ന ജയന്റെ ഉത്തരത്തില്‍ ഞാന്‍ പൂര്‍ണമായും തൃപ്തനല്ല; സ്നേഹത്തെ പ്രതിയാണ് എനിക്കേറ്റവുമധികം സന്ദേഹങ്ങളുള്ളത് എന്നതുകൊണ്ടാവാം. മറ്റൊരുത്തരത്തിനായി കാത്തിരിക്കുമ്പോഴൊക്കെ അവന്‍ പറയും: 'മൗണ്ടെയ്ന്‍ പീപ്പിള്‍ നമ്മളെപ്പോലെയല്ലെടാ ലോകത്തെ കാണുന്നത്. അവര്‍ കുറേക്കൂടി ശക്തരാണ്.' അവന്റെയത്ര യാത്രകള്‍ ചെയ്തിട്ടില്ലാത്തതുകൊണ്ടാവാം എനിക്ക് ചില കാര്യങ്ങളെ അതിന്റെ വലുപ്പത്തില്‍ മനസ്സിലാക്കാനാവാത്തത്. ചെറിയ ലോകങ്ങളില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ കൂടി വേണ്ടിയായിരിക്കുമല്ലോ മനുഷ്യര്‍ യാത്ര ചെയ്യാനാരംഭിച്ചിരിക്കുക.

അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് നാടുവിട്ട് കുറേക്കാലങ്ങള്‍ക്ക് ശേഷം കുറ്റബോധത്തോടെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ തീവണ്ടിയിലിരുന്ന് എനിക്കുമുന്‍പില്‍ സങ്കടങ്ങളുടെ കെട്ടഴിച്ച സുരേഷ്, ഉപേക്ഷിച്ചുപോയ അച്ഛന്‍ മുതല്‍ പൊള്ളലേറ്റുമരിച്ച അമ്മ വരെയുള്ളവരുടെ കഥകള്‍ ഒറ്റശ്വാസത്തില്‍ എന്നെ പറഞ്ഞുകേള്‍പ്പിച്ച അഭിരാമി, മുപ്പതുവര്‍ഷത്തെ പുസ്തകപ്രസാധനശാലയിലെ തൊഴില്‍ജീവിതകഥകള്‍ ഒരു പുസ്തകത്തോളം മനോഹരമായി പറഞ്ഞുതന്ന വര്‍ഗീസ്, കണ്ണൂര്‍ കോട്ടയില്‍ വച്ച് എന്നെയും വിഷ്ണുവിനെയും ഒരുമിച്ച് കണ്ട് സംസാരിച്ചപ്പോള്‍ 'ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെയുള്ള മതേതരസൗഹൃദങ്ങള്‍ തീരെ കുറവാണ്' എന്ന് പരിതപിച്ച ഗുജറാത്തില്‍ നിന്നുള്ള പ്രതിക്, ഇടവയിലെ കടല്‍ത്തീരത്തു വച്ചു പരിചയപ്പെടുകയും സുഹൃത്തായിത്തീരുകയും യാത്രകളെപ്പറ്റി എന്നോട് കുറേയധികം സംസാരിക്കുകയും ചെയ്ത ജ്യോതി... നഗരങ്ങളെയും യാത്രകളെയും ഞാനോര്‍മ്മിക്കുന്നത് ഈ മനുഷ്യരിലൂടെയാണ്. അവരില്‍ പലരും യാത്രകളെക്കുറിച്ചെന്ന പോലെ ജീവിതത്തെക്കുറിച്ചും എനിക്ക് വലിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കി. പ്രതിക് ഞങ്ങളെ കണ്ണൂരിലെ ലൈറ്റ് ഹൗസ് കാണാന്‍ കൂടെക്കൊണ്ടുപോയി, യാത്രയിലുടനീളം അയാളുടെ കൗതുകങ്ങള്‍ ഞങ്ങളോട് പങ്കുവച്ചു. 'ഉറപ്പായും വീണ്ടും കാണാം' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മാത്രം അയാള്‍ സന്ദേഹിയായി. ശരിയാണ് പ്രതിക്, നിന്റെ സന്ദേഹമാണ് ശരി, നമ്മള്‍ ഇനി കണ്ടുമുട്ടുമെന്ന് ഒരുറപ്പുമില്ല. ജീവിതം അനിശ്ചിതത്വങ്ങള്‍ മാത്രം നിറഞ്ഞ യാത്രയാണല്ലോ!

അച്ഛനെ കൊല്ലാന്‍ ശ്രമിച്ചതെന്തിനെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സുരേഷ് പറഞ്ഞു: 'മറ്റാരുടെയെങ്കിലും അച്ഛനെ കൊല്ലാന്‍ ശ്രമിക്കുന്നതിലും നല്ലതല്ലേ സ്വന്തം അച്ഛനെ... അതായിരുന്നു ആ കാലം.' മനുഷ്യര്‍ പറഞ്ഞതില്‍ നുണകളും സത്യങ്ങളുമുണ്ടാവാം. എങ്കിലും ചില ദേശങ്ങളെയും യാത്രകളെയും ആ കഥകള്‍ എന്റെ ഓര്‍മ്മകളില്‍ ബലപ്പെടുത്തി. കാരണം പോയ വഴികളിലേക്ക് മടങ്ങിപ്പോവാന്‍ ഉറപ്പായും നമുക്കാവില്ല എന്നത് തന്നെയാണ് യാത്രകളെ സംബന്ധിക്കുന്ന പരമമായ സത്യം! ഒരിക്കല്‍ പോയ ഇടങ്ങളിലേക്ക് വീണ്ടും പോകണമെന്ന ആഗ്രഹമുണ്ടാവുമ്പോഴൊക്കെ കാണാത്ത ദേശങ്ങള്‍ തന്നെ ഭ്രമിപ്പിക്കുമെന്ന് ജ്യോതി എന്നോട് പറഞ്ഞു; എന്നെപ്പോലെ അപരിചിതരായ മനുഷ്യരെ കണ്ടുമുട്ടുന്നതില്‍ അവളും ആനന്ദിക്കുന്നുണ്ടെന്നും. മനുഷ്യരെ കണ്ടുമുട്ടുന്നതിന്റെ ആനന്ദങ്ങള്‍ക്ക് വേണ്ടി കൂടിയാവാം അവള്‍ ദൂരദേശങ്ങളിലേക്ക് ഒറ്റയ്ക്കു സഞ്ചരിക്കുന്നതെന്ന് ഞാന്‍ വെറുതെ സങ്കല്പിക്കുന്നു. ചെറുതെങ്കിലും വല്ലപ്പോഴും സംഭവിക്കുന്ന യാത്രകളും അതിനിടയില്‍ കണ്ടുമുട്ടിയ അപരിചിതരായ മനുഷ്യരും എന്നെയും ആനന്ദിപ്പിക്കുകയും മുന്നോട്ട് ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒന്നിലും പരിമിതപ്പെട്ടുപോകാതിരിക്കാന്‍ അവരെനിക്ക് വലിയ ജീവിതം കാണിച്ചു തന്നുകൊണ്ടിരിക്കുന്നു; 'ഉറച്ചു നിന്നവര്‍ ഒലിച്ചുപോയി, ചലിച്ചിരുന്നവര്‍ പിടിച്ചുനിന്നു' എന്ന് ബസവേശ്വരന്‍ എഴുതുന്നുണ്ടല്ലോ.

Content Highlights: world tourism day