ഹബ്ക്യാപ് നഷ്ടപ്പെട്ട ബസ്, പുലർച്ചെ പുഴകടന്ന് പ്രതിയെ കീഴടക്കൽ; ആ കേസ് പോലീസ് തെളിയിച്ചതെങ്ങനെ ?

കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ്. സംഭവം പുറംലോകം അറിഞ്ഞതോടെ രാജ്യമെങ്ങും വന്‍ പ്രതിഷേം. പോലീസിനും ഭരണാധികാരികള്‍ക്കുമെതിരെ ജനരോഷം ആളിപ്പടര്‍ന്നു. അക്രമികളെ പിടികൂടൂ എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകള്‍ക്കുമുന്നില്‍ ജനം തടിച്ചുകൂടിയതോടെ മുന്‍പൊരിക്കലും ഉണ്ടാകാത്ത കടുത്ത സമ്മര്‍ദമാണ് പോലീസിന് നേരിടേണ്ടിവന്നത്. ഇതിനിടയിലും ആദ്യഘട്ടത്തില്‍ വ്യക്തമായ സൂചനകളോ സാക്ഷിമൊഴികളോ ഇല്ലാതിരുന്നിട്ടുപോലും പരിമിതമായ വിവരങ്ങള്‍ വിശകലനംചെയ്ത് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ട ബസ് കണ്ടെത്താനും മണിക്കൂറുകള്‍ക്കകം ആദ്യ അറസ്റ്റ് രേഖപ്പെടുത്താനും പോലീസിന് കഴിഞ്ഞു. ദിവസങ്ങള്‍ക്കകം ആറ് കുറ്റവാളികളും പോലീസിന്റെ വലയിലായി. ബിഹാറിലെ മാവോവാദികളുടെ ശക്തികേന്ദ്രത്തില്‍ ഒളിവില്‍ക്കഴിഞ്ഞ അക്രമികളില്‍ ഒരാളെ അതീവരഹസ്യമായ നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ക്കുമാത്രം പരിചയമുണ്ടായിരുന്ന കേസിലെ കുട്ടിക്കുറ്റവാളിയെ വലയിലാക്കിയത് അയാളുടെ പെരുമാറ്റത്തിലെ പ്രത്യേകത സംബന്ധിച്ച് പോലീസിന് ലഭിച്ച ഒരു സൂചനമാത്രം പിന്തുടര്‍ന്നും.
17 ദിവസംകൊണ്ട് പ്രത്യേക അന്വേഷണസംഘം കൃത്യമായ അന്വേഷണം നടത്തി പഴുതടച്ച കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍ സംഘത്തിലെ ഒരാള്‍പോലും വീട്ടില്‍പോകുകയോ വിശ്രമിക്കുകയോ ചെയ്തില്ല. ജനരോഷം ഭയന്ന് പോലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്തെ മതില്‍ ചാടിക്കടന്നാണ് ആദ്യദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും പ്രതികളെ വലയിലാക്കാനുള്ള നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്റ്റേഷനുകളില്‍ എത്തിയിരുന്നത്. കുറ്റവാളികള്‍ക്ക് വധശിക്ഷതന്നെ ലഭിക്കുന്ന തരത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തിയ പോലീസ് സംഘത്തെ പിന്നീട് സുപ്രീംകോടതി പോലും പ്രകീര്‍ത്തിക്കുകയുണ്ടായി. രാജ്യംമുഴുവന്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കുറ്റവാളികള്‍ രക്ഷപ്പെടാനോ തെളിവുകള്‍ നശിപ്പിക്കാനോ അനുവദിക്കാതെ അവരെ പിന്തുടര്‍ന്ന് പിടികൂടുകയും മികച്ച അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുകയുംചെയ്ത ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ കൃത്യതയോടെയുള്ള നീക്കങ്ങളെക്കുറിച്ചുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയിലെ കുറ്റാന്വേഷണ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ കേസ്.
Content Highlights: their story how police nabbed rapists in delhi gang rape case