സംസ്ഥാനത്ത് കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും കൂടുന്നു -കനിമൊഴി എം.പി.

തിരുപ്പൂർ : സിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ മുഖ്യമന്ത്രി വിജയ് തങ്ങളെ രക്ഷിക്കുമെന്നു കരുതി വോട്ടുചെയ്തവരുടെ ധാരണ തെറ്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കനിമൊഴി കരുണാനിധി എം.പി. പുതിയ സർക്കാർ വന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ സംസ്ഥാനത്ത് എട്ട് ലോക്കപ്പ് മരണങ്ങൾ, 200-ലേറെ കൊലപാതകങ്ങൾ, 300-ലേറെ ലൈംഗികപീഡനങ്ങൾ തുടങ്ങിയവ നടന്നതായി അവർ പറഞ്ഞു. ധാരാപുരം ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ. സ്ഥാനാർഥി എസ്. സുകന്യയ്ക്കായി മാനൂർപാളയം, കിലാംഗുണ്ടൽ, ഗോവിന്ദാപുരം, മണക്കടവ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തുകയായിരുന്നു കനിമൊഴി.
കഴിഞ്ഞദിവസം മധുരാന്തകത്ത് നടന്ന തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ സംസാരിക്കവെ, ഭരണകാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിനു പകരം മുഖ്യമന്ത്രി ജോസഫ് വിജയ് 30 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ഏകദേശം 40 തവണയാണ് ഡി.എം.കെ.യെക്കുറിച്ച് സംസാരിച്ചത്.
മോട്ടോർ കാർ റേസ് കാണാനാണ് മുഖ്യമന്ത്രി ലണ്ടനിലേക്കു പോയതെങ്കിലും, സംസ്ഥാനത്തേക്ക് വ്യവസായനിക്ഷേപം ആകർഷിക്കാനാണ് പോയതെന്നാണ് പറയുന്നത്. നോയിഡയിലുള്ള കമ്പനിയുമായി ഡൽഹിയിൽവെച്ച് കരാർ ഒപ്പുവെക്കാതെ എന്തിനാണ് ലണ്ടനിലേക്കു കൊണ്ടുപോയതെന്ന് അവർ ചോദിച്ചു. മന്ത്രി വന്നി അരസ് പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമർശിച്ച് നടത്തിയ പരാമർശങ്ങൾ നിയമസഭാ രേഖകളിൽനിന്ന് നീക്കംചെയ്യാൻ മുൻകൈയെടുത്ത വീരാധിവീരനാണ് വിജയ് എന്നും കനിമൊഴി പറഞ്ഞു.