കല്പാത്തിക്ക് അഴകായി അഞ്ചാംതിരുനാൾ

പാലക്കാട് : അഴകും ആനന്ദവും പകർന്ന് കല്പാത്തിയിൽ അഞ്ചാംതിരുനാൾ ആഘോഷിച്ചു. നാമജപഘോഷങ്ങളും നിറദീപങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ, വിശ്വാസികളുടെ പ്രാർഥനകളെ സാക്ഷിയാക്കി അർധരാത്രി ദേവതകൾ മുഖാമുഖമെത്തി. ഈ പുണ്യസംഗമം കാണാൻ രാത്രിയിലും ഗ്രാമവീഥികളിൽ ജനം നിറഞ്ഞു. അലങ്കാരത്തികവോടെ എഴുന്നള്ളിയെത്തിയ ഗ്രാമദേവതകളെ ദീപംതെളിയിച്ചും കർപ്പൂരാതി ഉഴിഞ്ഞും ഗ്രാമം വണങ്ങി.

രഥോത്സവത്തിന് കൊടിയേറി അഞ്ചാംനാളിലായിരുന്നു കല്പാത്തിക്ക് അനുഗ്രഹംചൊരിഞ്ഞ അഞ്ചാംതിരുനാൾ ആഘോഷം. വ്യാഴാഴ്ച വൈകീട്ടുതന്നെ ഗ്രാമക്ഷേത്രങ്ങളിൽ ആഘോഷ ചടങ്ങുകൾ തുടങ്ങി. പാരമ്പര്യപ്പെരുമയുടെ തുടർച്ചയായി, പാലക്കാട്ടെ ആര്യ-വൈശ്യ സമുദായപ്രതിനിധികൾ സുൽത്താൻപേട്ടയിലെയും പട്ടിക്കരയിലെയും കന്യകാപരമേശ്വരി ക്ഷേത്രങ്ങളിൽനിന്ന് കല്പാത്തിയിലേക്കെത്തി.

വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലും മറ്റ് മൂന്നു ഗ്രാമക്ഷേത്രങ്ങളിലും ദർശനം നടത്തിയശേഷം പാലക്കാട്ടുശ്ശേരി രാജാവിന്റെ പ്രതിനിധിയായ കല്പാത്തി ക്ഷേത്രം മാനേജിങ് ട്രസ്റ്റിയെ പാരമ്പര്യ തികവോടെ ആദരിച്ചു. തുടർന്ന് ഇവർ ക്ഷേത്രത്തിലെത്തിയതോടെ അലങ്കരിച്ച ഋഷഭവാഹനത്തിൽ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി എഴുന്നള്ളി. ശേഷശയന അലങ്കാര വാഹനത്തിലായിരുന്നു പഴയകല്പാത്തി ലക്ഷ്മിനാരായണ പെരുമാളിന്റെ എഴുന്നള്ളത്ത്. പുതിയ കല്പാത്തി മന്തക്കര മഹാഗണപതിയും ചാത്തപുരം പ്രസന്ന മഹാഗണപതിയും മൂഷികവാഹനങ്ങളിൽ എഴുന്നള്ളിയെത്തിയതോടെ ദേവസംഗമത്തിന് തുടക്കമായി. പുതിയ കല്പാത്തിയുടെ മധ്യഭാഗത്തായിരുന്നു പുണ്യസംഗമം.

ചാത്തപുരത്ത് നടക്കുന്ന കലാ-സാംസ്കാരികോത്സവത്തിൽ വ്യാഴാഴ്ച കാഞ്ചി കാമകോടി പീഠത്തിന്റെ കീഴിലുള്ള സാമ്പ്രദായ പാഠശാലയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ സാമ്പ്രദായഭജന നടന്നു. വെള്ളിയാഴ്ച വൈകീട്ട് 6.15-ന് ചെന്നൈ പൃഥ്വി ഹരീഷ് നയിക്കുന്ന സംഗീത കച്ചേരിയോടെ കലാ-സാംസ്കാരികോത്സവം സമാപിക്കും.

ശനിയാഴ്ചയാണ് ഒന്നാംതേര്. ഞായറാഴ്ച രണ്ടാംതേരും മൂന്നാംതേരുനാളായ തിങ്കളാഴ്ച വൈകീട്ട് രഥസംഗമവും നടക്കും.

കല്പാത്തിയിൽ ഇന്ന്

വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം: മഹാന്യാസപുരസ്സരം, ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാരദീപാരാധന, യാഗശാലാപൂജ, അഷ്ടബലി, വേദപാരായണം രാവിലെ 7.00, ഷോഡശ്ശ ഉപചാരപൂജ, വിശേഷാൽ അലങ്കാരം, യാഗശാലാപൂജ, വേദപാരായണം, അഷ്ടബലി ഗ്രാമപ്രദക്ഷിണം വൈകീട്ട് 6.00 .

പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം: ഗജവാഹന അലങ്കാരം, വിഘ്നേശ്വരപൂജാ സങ്കല്പം 8.30, കളഭാഭിഷേകം 11.00, എഴുന്നള്ളത്ത് രാത്രി 8.30.

പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം: മൂഷിക വാഹന അലങ്കാരം, യാഗശാലാപൂജകൾ 6.00, വേദപാരായണം, രുദ്രാഭിഷേകം 8.00, കലശാഭിഷേകം 11.00, വേദപാരായണം വൈകീട്ട് 4.00, രുദ്രക്രമാർച്ചന 6.45, മൂഷിക വാഹനത്തിൽ സ്വാമി എഴുന്നള്ളത്ത് രാത്രി 9.00.

ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രം: മഹാഗണപതിഹോമം 6.00, യാഗശാലാപുണ്യാഹം, യാഗശാലാപൂജ, രുദ്രാഭിഷേകം, അഗ്നി ആരാധന, ചതുർവേദ പാരായണം 8.30, ഉത്സവബലി 11.00, യാഗശാലാപുണ്യാഹം, യാഗശാലാപൂജ വൈകീട്ട് 6.00, അഗ്നി ആരാധന, പുഷ്പാഭിഷേകം, ചതുർവേദപാരായണം 7.00, ഉത്സവബലി രാത്രി 8.00, സ്വാമി ഐരാവത വാഹനത്തിൽ ഗ്രാമപ്രദക്ഷിണം 9.00.

ദേശീയ സംഗീതോത്സവം ഇന്ന് സമാപിക്കും

11 മുതൽ കല്പാത്തിയെ സംഗീതസാന്ദ്രമാക്കി നടന്നുവരുന്ന ദേശീയ സംഗീതോത്സവം വെള്ളിയാഴ്ച സമാപിക്കും. വ്യാഴാഴ്ച രാവിലെ പഞ്ചരത്നകീർത്തനാലാപനവും വൈകീട്ട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജ് വിദ്യാർഥികളുടെ സംഗീതാർച്ചനയും നടന്നു. തുടർന്ന് വി.ആർ. ദിലീപ് കുമാർ അവതരിപ്പിച്ച സംഗീതക്കച്ചേരിയും അരങ്ങേറി. ഇടപ്പള്ളി അജിത്കുമാർ (വയലിൻ) കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണൻ (മൃദംഗം) ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവർ പക്കവാദ്യമൊരുക്കി.

സംഗീതോത്സവത്തിൽ ഇന്ന്

സർവശ്രീ സുകേഷിന്റെ സംഗീതക്കച്ചേരി- വൈകീട്ട് 4.00

ശാന്തള രാജുവിന്റെ സംഗീതക്കച്ചേരി -വൈകീട്ട് 5.00

ആർ. കശ്യപ് മഹേഷിന്റെ സംഗീതക്കച്ചേരി - വൈകീട്ട് 7.00