ഭക്തിയിലും ആവേശത്തിലും നിമജ്ജനഘോഷയാത്ര

പാലക്കാട് : ഭക്തിയും ആവേശവും ഒന്നുചേർന്ന് ജില്ലാ ഗണേശോത്സവത്തിന്റെ മഹാനിമജ്ജന ഘോഷയാത്ര. വിവിധ കേന്ദ്രങ്ങളിൽ പ്രതിഷ്ഠിച്ചിരുന്ന ഗണേശ വിഗ്രഹങ്ങൾക്കുമുൻപിൽ പ്രത്യേകപൂജകൾക്കും ചടങ്ങുകൾക്കുംശേഷം ഉച്ചയോടെ പാലക്കാട് പട്ടണത്തിലേക്ക് ഘോഷയാത്രകൾ നീങ്ങിത്തുടങ്ങി. വഴിനീളെ പ്രസാദമധുരം വിളമ്പിയും ആഘോഷക്കാഴ്ചകളും വാദ്യവിശേഷങ്ങളും ഒരുക്കിയുമായിരുന്നു യാത്ര.
പതിനെട്ടടി ഉയരമുള്ള ഗണേശവിഗ്രഹംമുതൽ ചെറുവിഗ്രഹങ്ങൾവരെ അണിയിച്ചൊരുക്കി ഘോഷയാത്രയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരുമണിയോടെ പ്രധാനകേന്ദ്രമായ മൂത്താന്തറ കണ്ണകിയമ്മൻ ക്ഷേത്രമൈതാനത്തെ പ്രതിഷ്ഠയുടെ എഴുന്നള്ളത്താരംഭിച്ചു. വൈകീട്ട് നാലരയോടെ വിവിധകേന്ദ്രങ്ങളിൽനിന്നായി 250-ലേറെ വിഗ്രഹങ്ങളുമായി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തെ പ്രത്യേകവേദിയിലെത്തി. തുടർന്നുനടന്ന സമ്മേളനം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷൻ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി ഉദ്ഘാടനംചെയ്തു.
ഗണേശോത്സവ ജില്ലാകമ്മിറ്റി പ്രസിഡന്റ് ഡി. സുദേവൻ അധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന വൈസ്‌പ്രസിഡന്റ് സി. കൃഷ്ണകുമാർ, ബി.ജെ.പി. ഈസ്റ്റ് ജില്ലാപ്രസിഡന്റ് പ്രശാന്ത് ശിവൻ, ഗണേശോത്സവ ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറി സി. മുരളീധരൻ, പ്രോഗ്രാം കൺവീനർ സി. മധു, എസ്.എൻ.പി. മണികണ്ഠൻ, സി. ഭരതൻ, എസ്. ശിവഗിരി, കെ. സുധീർ, യു. ശബരി എന്നിവർ സംസാരിച്ചു. കർപ്പൂര ആരതിയുഴിഞ്ഞും മധുരം നിവേദിച്ചും വിശ്വാസികൾ ഘോഷയാത്രയെ വരവേറ്റു. നഗരപ്രദക്ഷിണം കഴിഞ്ഞ് കല്പാത്തിയിൽ ചാത്തപ്പുരം കടവിലായിരുന്നു നിമജ്ജനം.