തമിഴ്‌നാടിന്റെ ദ്വിഭാഷാനയം ടി.വി.കെ. സർക്കാർ അട്ടിമറിക്കുന്നു -എം.കെ. സ്റ്റാലിൻ

ധാരാപുരം : തമിഴ്‌നാടിന്റെ ദ്വിഭാഷാനയത്തെ തമിഴക വെട്രി കഴകം സർക്കാർ അട്ടിമറിക്കയാണെന്ന് ഡി.എം.കെ. നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ധാരാപുരത്ത് പാർട്ടി സ്ഥാനാർഥി എസ്. സുകന്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
ദേശീയപാതയിലെ സ്ഥലനാമ ബോർഡുകളിൽ ഹിന്ദിയിലും പേരെഴുതി വെച്ചിരിക്കുന്നു. തമിഴ്‌നാടിന്റെ നാളിതുവരെയുള്ള നയത്തിന് വിരുദ്ധമാണിത്. ഇതാണോ ടി.വി.കെ. സർക്കാർ വാഗ്ദാനംചെയ്ത മാറ്റം. രണ്ടുഭാഷാനയം എന്നത് തമിഴ്‌നാട്ടിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിൽ മാറ്റംവരുത്തുന്നതിൽനിന്ന് സർക്കാർ പിന്തിരിയണം.
തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ല. അധികാരം കിട്ടിയതോടെ നിലപാടിൽ മാറ്റങ്ങൾ വന്നിരിക്കുന്നു. ഇത് ജനവിരുദ്ധമാണെന്നും സ്റ്റാലിൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ധാരാപുരം റോഡ് ഭാഗത്ത് റോഡ് ഷോയോടെയാണ് സ്റ്റാലിൻ പ്രചാരണം തുടങ്ങിയത്. സ്ഥാനാർഥി എസ്. സുകന്യയ്ക്കൊപ്പം പ്രവർത്തകരെ അഭിവാദ്യംചെയ്തു. തുടർന്ന്, ഉദുമൽപേട്ട റോഡിലെ മൈതാനത്ത് പൊതുയോഗത്തിലും പ്രസംഗിച്ചു. പ്രചാരണ പരിപാടികളിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.