കായികക്കുതിപ്പിലേക്ക് തമിഴ്‌നാട്: ‘ഡ്രീം ഒളിമ്പിക്സ് 2036’ ന് തുടക്കമിട്ട് വിജയ്

ചെന്നൈ : തമിഴ്നാട്ടിൽ കായികമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ ഒളിമ്പിക് മെഡൽ ജേതാക്കളെ വാർത്തെടുക്കുന്നതിനുമായി ലക്ഷ്യമിട്ട് 'ഡ്രീം ഒളിമ്പിക്സ് 2036' സംരംഭത്തിന് മുഖ്യമന്ത്രി ജോസഫ് വിജയ് തുടക്കമിട്ടു. വ്യാഴാഴ്ച ചെന്നൈയിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംരംഭത്തിെന്റ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. പദ്ധതിക്കു കീഴിൽ പത്തിടങ്ങളിൽ ഒളിമ്പിക് സെന്റർ ഓഫ് എക്സലൻസും കൂടാതെ ഒളിമ്പിക് സിറ്റി, സ്പോർട്സ് സിറ്റി, എസ്ഡി.എ.ടി. ഒളിമ്പിക് ഇല്ലം എന്നിവ ഉൾപ്പെടും. ഒളിമ്പിക് സ്വർണമെഡൽ നേടുന്നവർക്ക് അഞ്ചുകോടി രൂപയും വെള്ളി മെഡലിന് മൂന്നുകോടി രൂപയും വെങ്കലത്തിന് രണ്ടുകോടിയും സർക്കാർ സമ്മാനമായി നൽകും.

ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ മെഡൽ നേടിയവരെ 'ഡ്രീം ഒളിമ്പിക്സ്' സംരംഭത്തിൽ ഉൾപ്പെടുത്തും. അവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡും വാർഷിക സഹായമായി 50 ലക്ഷം രൂപയും സർക്കാർ നൽകും. ചടങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കും ചെസ് ഒളിമ്പ്യാഡ് ജേതാക്കൾക്കും മുഖ്യമന്ത്രി പാരിതോഷികം നൽകി. സ്വർണമെഡൽ ജേതാക്കൾക്ക് 75 ലക്ഷം രൂപ വീതവും വെള്ളി മെഡൽ ജേതാക്കൾക്ക് 50 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയവർക്ക് 30 ലക്ഷം രൂപ വീതവുമാണ് സമ്മാനിച്ചത്. ഏഷ്യൻ ഗെയിംസിൽ 11 ഇനങ്ങളിലായി 37 അത്‌ലറ്റുകളെയാണ് തമിഴ്‌നാട് പങ്കെടുപ്പിച്ചത്.

രണ്ട് സ്വർണം, മൂന്ന് വെള്ളി, 13 വെങ്കലം ഉൾപ്പെടെ 18 മെഡലുകളും തമിഴ്‌നാട് സ്വന്തമാക്കി. മന്ത്രി ആധവ് അർജുന, ചീഫ് സെക്രട്ടറി എം. സായ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു.