വിളയൂരിലെ ചിറയ്ക്കൽ തോടിന്റെ വശമിടിഞ്ഞു

കൊപ്പം : വിളയൂർ പഞ്ചായത്തിലെ ചിറയ്ക്കൽ തോടിന്റെ വശമിടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. വിളയൂർ-ചുണ്ടമ്പറ്റ റോഡിനോട് ചേർന്നുളള തോടിന്റെ അടിഭാഗത്തെ വശമാണ് ഇടിഞ്ഞത്. മഴ ശക്തമാവുകയും തോടിൽ വെളളം വർധിക്കുകയുംചെയ്താൽ വശം കൂടുതൽ ഇടിയാൻ സാധ്യതയുണ്ട്.

വിളയൂർ-കുലുക്കല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിളയൂർ-ചുണ്ടമ്പറ്റ റോഡിനോട് ചേർന്നാണ് ചിറക്കൽ തോട് സ്ഥിതിചെയ്യുന്നത്. മാസങ്ങൾക്ക് മുൻപുണ്ടായ മഴയിൽ തോട് നിറഞ്ഞ് വെളളം പാടത്തേക്കുമറിയുന്ന സ്ഥിതിയുമുണ്ടായി. ഇതിനുശേഷമാണ് തോടിന്റെ വശമിടിഞ്ഞിരിക്കുന്നത്. കരിങ്കൽകൊണ്ട് നിർമിച്ച തോടിന്റെ അടിഭാഗത്താണ് വശമിടിഞ്ഞ് വീണിരിക്കുന്നത്. വശത്തോട് ചേർന്നുളള റോഡിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ട്. റോഡിന്റെ വശം താഴ്ന്നനിലയിലാണുളളത്. മാസങ്ങൾക്ക് മുൻപാണ് ഈ റോഡ് നവീകരിച്ചത്. ഇതിന് പിന്നാലെയാണ് റോഡിനോട് ചേർന്നുളള തോടിന്റെ വശമിടിഞ്ഞിരിക്കുന്നത്. നിലവിൽ ഇവിടെ നാട്ടുകാർതന്നെ വീപ്പകൾ ഉപയോഗിച്ച് സുരക്ഷയൊരുക്കിയിട്ടുണ്ട്.

സ്‌കൂൾ ബസുകൾ അടക്കമുളളവാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. വലിയ ലോറികൾ വശംചേർന്ന് പോയാൽ വീണ്ടും ഇടിയാൻ സാധ്യതയുണ്ട്. കുട്ടികളടക്കമുളളവർ നടന്നുപോകുന്ന പാതകൂടിയാണിത്‌. തോടിന്റെ ഇടിഞ്ഞവശം സംരക്ഷിക്കാനുള്ളനടപടികൾ ഉടൻ ഉണ്ടാകണമെന്നാണ് ആവശ്യം. തോടിന്റെ വശമിടിഞ്ഞത് പുനനിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധകാരൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുളള പ്രവൃത്തികൾ ഇവിടെ നടപ്പാക്കാനാവശ്യമായ പരിശോധനകൾ നടന്നു വരികയാണെന്നും പ്രസിഡന്റ് പറഞ്ഞു.