ക്വാറിയിൽ മറിഞ്ഞ ലോറിയിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കൂറ്റനാട് : വ്യാഴാഴ്ച കറുകപുത്തൂരിലെ ക്വാറിയിൽ നാല്പതടി താഴ്ചയിലേക്കുമറിഞ്ഞ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം 24 മണിക്കൂർനീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. തിരുമിറ്റക്കോട് അകിലാണത്ത് സ്വകാര്യ എസ്റ്റേറ്റിലെ ക്വാറിയിൽ വെള്ളിയാഴ്ച പുലർച്ചെ ആറരയോടെയാണ് ചാത്തനൂർ ചാലാച്ചിവീട്ടിൽ അബു താഹിറിന്റെ (40) മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചരാവിലെ ആറരയോടെയായിരുന്നു ദുരന്തം.

സ്വകാര്യ കരിങ്കൽക്വാറിയിലെ 40 അടിയോളം താഴ്ചയുള്ള പാറക്കുഴികൾ മണ്ണിട്ട് നികത്തുന്നതിനിടെ പുറകോട്ടെടുത്ത ടോറസ് ലോറി കുഴിയിലേക്ക് മറിയുകയായിരുന്നു. 10 മീറ്ററിലധികം ചെളിനിറഞ്ഞ ചതുപ്പിലേക്ക് ലോറി പൂർണമായും താഴ്‌ന്നു.

മറ്റുരണ്ട് ലോറിയും രണ്ട് ജെ.സി.ബി.യും സ്ഥലത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. താഹിർ ഓടിച്ച ലോറി വെള്ളത്തിലേക്ക് വീണത് അരമണിക്കൂറിനുശേഷമാണ് സഹപ്രവർത്തകർ അറിഞ്ഞത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് തിരച്ചിൽ തുടങ്ങിയത്.

ലോറി കണ്ടെത്താൻതന്നെ വ്യാഴാഴ്ച രാത്രിയായി. വെള്ളിയാഴ്ച പുലർച്ചെ 2.30-ന് ചാലക്കുടി, പാലക്കാട് ഭാഗങ്ങളിൽ നിന്നെത്തിയ മൂന്ന് ക്രെയിനുപയോഗിച്ചാണ് ലോറി ചങ്ങലയിൽക്കെട്ടി മുകളിലേക്ക് കയറ്റിയത്. എറണാകുളത്തു നിന്നെത്തിയ സ്‌പെഷ്യൽ സ്‌കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെളിയിൽ തലകീഴായിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് തിരച്ചിലിന് നേതൃത്വം നൽകിയ കേരള സുരക്ഷാവിഭാഗം പ്രത്യേക പരിശീലകസംഘം തലവനും എമർജൻസി ടീം സംസ്ഥാന പ്രസിഡന്റുമായ അഫ്‌സൽ പറഞ്ഞു. ജില്ലയ്ക്ക് പുറമേ തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ അഗ്‌നിരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഷൊർണൂർ ഡിവൈ.എസ്.പി. കെ.സി. വിനു, ചാലിശ്ശേരി എസ്.എച്ച്.ഒ. കെ. ഉണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുരക്ഷാനടപടിക്ക് നേതൃത്വം നൽകി.

വെള്ളിയാഴ്ച രാവിലെ പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പട്ടാമ്പി താലൂക്കാശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിച്ചു. കറുകപുത്തൂർ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി.

പിതാവ്: കുഞ്ഞറമു. മാതാവ്: ബീവി. ഭാര്യ: ജിൻസില. മക്കൾ: അൻഹ, ഹൈസിൻ, ഹെസ. സഹോദരങ്ങൾ: മുസ്‌തഫ, അബ്ദുൾമനാഫ്, സാജിത, ആബിദ.