അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
അഗളി : അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രവോദ് ദാസിന്റെ (37) തെളിവെടുപ്പ് പൂർത്തിയായി. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. അഗളി ഡിവൈ.എസ്.പി. ആർ. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അഞ്ചുദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല നടത്തിയത് ഒറ്റയ്ക്കാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതി പോലീസിനോട് വ്യക്തമാക്കി. സംഭവദിവസം രാവിലെ ഇവർ സന്ദർശിച്ച കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഞായറാഴ്ച പ്രതിയുമായി അന്വേഷണസംഘമെത്തിയിരുന്നു. പ്രോണിത ഗർഭിണിയാണോയെന്ന് സ്ഥിരീകരിക്കാൻ വേണ്ടിയായിരുന്നു ഇരുവരും ആശുപത്രിയിലെത്തിയത്. എന്നാൽ, പരിശോധനാഫലം കൈപ്പറ്റാതെ ഇവർ മടങ്ങി. തുടർന്ന്, ഹോട്ടലിൽനിന്ന് ബിരിയാണി വാങ്ങിയശേഷമാണ് താമസസ്ഥലത്തെത്തിയത്. എന്നാൽ, രാത്രിയോടെ വാക്കുതർക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് പോലീസിനോട് പറഞ്ഞത്. ആശുപത്രിയിലും ഹോട്ടലിലും ഇരുവരും എത്തിയിരുന്നെന്നത് തെളിവെടുപ്പിൽ വ്യക്തമായി.
തിങ്കളാഴ്ച രാവിലെ ഭവാനിപ്പുഴയിലെ ചീരക്കടവിലായിരുന്നു തെളിവെടുപ്പ്. അഗ്നിരക്ഷാസേനയിലെ സ്കൂബാ ടീം പുഴയിൽ നടത്തിയ തിരച്ചിലിൽ അമ്മയുടെയും കുട്ടിയുടെയും വസ്ത്രങ്ങൾ കണ്ടെടുത്തു. തെളിവെടുപ്പിനോട് പൂർണമായി സഹകരിച്ച പ്രതി പലസമയങ്ങളിലും നിർവികാരനായാണ് കാണപ്പെട്ടത്.