പഴനിയിൽ റോപ്പ് കാറിന്റെ പ്രവർത്തനം പുനരാരംഭിച്ചു

പഴനി : പഴനിമല ക്ഷേത്രത്തിലെ റോപ്പ് കാറിന്റെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ പുനരാരംഭിച്ചു. വാർഷിക അറ്റകുറ്റപ്പണികൾക്കായി രണ്ടര മാസമായി പ്രവർത്തനം നിർത്തിവെച്ചിരുന്നു. റോപ്പ് കാറിന്റെ റോപ്പ്, വീലുകൾ, ഷാഫ്റ്റ് തുടങ്ങിയ മുഴുവൻ ഭാഗങ്ങളും മാറ്റി പുതിയവ ഘടിപ്പിച്ചശേഷം വിദഗ്ദ സമിതിയുടെ പരിശോധനകൾക്കുശേഷമാണ് സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.ചൊവ്വാഴ്ച രാവിലെ റോപ്പ് കാർ പെട്ടികൾക്ക് വിശേഷാൽ പൂജകളും ദീപാരാധനയും നടത്തി.

പൂജകൾക്ക് പഴനി അമൃതലിംഗ ഗുരുക്കൾ, പഴനി സെൽവ സുബ്രഹ്മണ്യ ഗുരുക്കൾ എന്നിവർ നേതൃത്വംനൽകി. പഴനി ദേവസ്വം ബോർഡ് ജോയിന്റ് കമ്മിഷണർ വെങ്കിടേഷ്, എൻജിനിയർ കുമാർ, ദേവസ്വം ബോർഡ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.