കഞ്ചിക്കോട്ട് പൈപ്പ് ലൈൻപൊട്ടി വെള്ളം പാഴായി

വൈകീട്ടോടെ ജലവിതരണം പുനഃസ്ഥാപിച്ചു
പാലക്കാട് : കഞ്ചിക്കോട് ആലമരം ബി.എം.എൽ. ജങ്ഷനുസമീപം പൈപ്പ് ലൈൻ പൊട്ടി വെള്ളംപാഴായി. ദേശീയ പാതയ്ക്കരികിലെ മലമ്പുഴ പൈപ്പ് ലൈനാണ് തിങ്കളാഴ്ച രാവിലെ പത്തോടെ പൊട്ടിയത്. ഒരാൾപൊക്കത്തിൽ വെള്ളം പുറത്തേക്ക് ചീറ്റി. മണിക്കൂറുകളോളം വെള്ളം പാഴായി.
സമീപവാസികൾ ജലഅതോറിറ്റി അധികൃതരെ അറിയിച്ചതോടെ, ഈ പ്രദേശത്തേക്കുള്ള ജലവിതരണം നിർത്തിവെച്ചു. ഇതോടെ പുതുശ്ശേരി സെൻട്രൽ വില്ലജ്, പുതുശ്ശേരി ഈസ്റ്റ് വില്ലേജ് എന്നിവിടങ്ങളിലെ ജലവിതരണം തടസ്സപ്പെട്ടു. പ്രദേശത്ത് പലപ്പോഴായി ജലവിതരണം തടസ്സപ്പെടാറുണ്ടെന്നും പൈപ്പ് ലൈനുകൾ
കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നതായും കഞ്ചിക്കോട് സ്വദേശി ആർ. റോയ് പറഞ്ഞു.
ദേശീയപാതയുടെ പണിയുമായി ബന്ധപ്പെട്ടാണ് പൈപ്പ് പൊട്ടിയതെന്നും വൈകീട്ട് അഞ്ചോടെ പ്രശ്നം പരിഹരിച്ചെന്നും ജല അതോറിറ്റി അധികൃതരറിയിച്ചു.