പെരിയാർ ലൈബ്രറി ആൻഡ് സയൻസ് സെന്റർ ഉദ്ഘാടനം നാളെ

കോയമ്പത്തൂർ : ഡി.എം.കെ. സർക്കാരിന്റെ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്ന പെരിയാർ ലൈബ്രറി ആൻഡ് സയൻസ് സെന്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർവഹിക്കും. ഗാന്ധിപുരം നഞ്ചപ്പ റോഡിൽ ജയിൽവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏഴേക്കർസ്ഥലത്താണ് ലൈബ്രറി നിർമിച്ചത്.
എട്ടുനിലകളിലായി പണിത കെട്ടിടം രണ്ടു ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. താഴത്തെനിലയിൽ അംഗപരിമിതർക്കുള്ള വായനശാലയും സയൻസ് സെന്ററിന്റെ ഭാഗമായി 350 സീറ്റുള്ള ഓഡിറ്റോറിയവുമാണുള്ളത്. പ്ലാനറ്റോറിയവുമുണ്ട്. ഒന്നാംനിലയിലും സയൻസ് സെന്ററിന്റെ ഭാഗങ്ങളുണ്ട്.
രണ്ടാംനിലയിൽ വായനാമുറിയും കുട്ടികൾക്കുള്ള ലൈബ്രറിയുമുണ്ട്. മൂന്നാംനിലയിൽ മത്സരപരീക്ഷകൾക്കുള്ള പരിശീലനകേന്ദ്രവും അതിനുള്ള പുസ്തകങ്ങളുടെ ശേഖരവുമാണുള്ളത്. നാലാംനിലയിൽ ചരിത്രപുസ്തകങ്ങളുടെയും തമിഴ് പുസ്തങ്ങളുടെയും ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചാംനിലയിൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ശേഖരമാണ്. ഏഴാംനിലയിൽ ഡിജിറ്റൽ ലൈബ്രറിയുണ്ട്.
245 കോടിരൂപ ചെലവിൽ ആധുനികസൗകര്യങ്ങളോടെയാണ് കെട്ടിടം പണിതത്. 50 കോടിരൂപയാണ് പുസ്തകങ്ങൾ വാങ്ങാനായി ചെലവഴിച്ചത്. ഡിജിറ്റൽ ലൈബ്രറിക്കായി അഞ്ചുകോടിരൂപയും ചെലവാക്കി. ലൈബ്രറിയുടെ പ്രവേശനകവാടത്തിൽ പെരിയാറിന്റെ പ്രതിമയും പണിതിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന്റെ സമയം നിശ്ചയിച്ചിട്ടില്ല. പ്രത്യേകവിമാനത്തിൽ മുഖ്യമന്ത്രി ചെന്നൈയിൽനിന്ന് എത്തിയാണ് ഉദ്ഘാടനം നിർവഹിക്കുക.