പനമണ്ണയിൽ ഒന്നാംഘട്ട ടാറിങ് തുടങ്ങി

അനങ്ങനടി : റോഡുനവീകരണം വൈകുന്നതും പൊടിശല്യവും കാരണം നാട്ടുകാർ ദുരിതമനുഭവിക്കുന്ന പനമണ്ണയിൽ ഒന്നാംഘട്ട ടാറിങ് തുടങ്ങി. ശനിയാഴ്ചമുതൽ വെറ്റ്മിക്സ് മക്കാഡമിടുന്ന പണികൾ പൂർത്തിയായ ഭാഗങ്ങളിലാണ് ഒന്നാംഘട്ട ടാറിങ് തുടങ്ങിയിട്ടുള്ളത്.
മുൻപ്, ടാർ കഴിഞ്ഞതിനാൽ അനങ്ങനടി പഞ്ചായത്ത് ഭാഗത്ത് 30 മീറ്ററോളം റോഡുപണി പൂർത്തിയാകാനുണ്ടായിരുന്നു. ഇവിടെ പൂർത്തിയാക്കിയതിനു ശേഷമാണ് പനമണ്ണമുതൽ ഒന്നാംഘട്ട ടാറിങ് തുടങ്ങിയത്. നേരത്തേ, അനങ്ങനടിയിൽ പൊടിശല്യം രൂക്ഷമായതിനാൽ നാട്ടുകാർ റോഡുപരോധിച്ചിരുന്നു. ഇതേത്തുടർന്ന്,
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ കിഴൂർ റോഡ് മുതൽ അനങ്ങനടി പഞ്ചായത്ത് വരെയുള്ള ഭാഗത്ത് ഡി.ബി.എം. ചെയ്ത് നവീകരിച്ചിരുന്നു.
ആ പ്രദേശങ്ങളിൽ പൊടിശല്യത്തിന് ശാശ്വതപരിഹാരവുമായി.
എന്നാൽ, ടാർ കഴിഞ്ഞതോടെ ഡി.ബി.എം. പണികൾ നിലച്ചു. ഇതോടെ, പനമണ്ണ മുതലുള്ള ഭാഗങ്ങളിൽ പൊടിശല്യം രൂക്ഷമായി. ഇതേത്തുടർന്ന്, ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡുപരോധിക്കുമെന്ന് അറിയിച്ച് എം.എൽ.എ.ക്കും സബ്കളക്ടർക്കും പോലീസിനും അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റിനും കത്ത് നൽകിയിരുന്നു. ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാതയുടെ നവീകരണം തുടങ്ങിയിട്ട് ഒന്നരവർഷത്തിലേറെയായി. മൂന്നുകിലോമീറ്ററാണ് ആദ്യഘട്ട ടാറിങ് ചെയ്ത് നവീകരിച്ചത്.