ഹോർമുസ് കടലിടുക്ക് അടയ്ക്കില്ല; ലക്ഷ്യം അമേരിക്കൻ കേന്ദ്രങ്ങൾ മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

#ന്യൂസ് ഡെസ്ക്
അബ്ബാസ് അരാഘ്ചി | Photo: Getty Images
അബ്ബാസ് അരാഘ്ചി | Photo: Getty Images

ടെഹ്റാൻ: രാജ്യത്ത് സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. നിലവിലെ സാഹചര്യത്തിൽ നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന യാതൊരു നീക്കവും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പേർഷ്യൻ ഗൾഫിന്റെ മറുഭാഗത്തുള്ള അയൽരാജ്യങ്ങളുമായി ഇറാന് യാതൊരു പ്രശ്നവുമില്ലെന്നും അവരുമായി നല്ല അയൽപക്ക ബന്ധവും സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള നടപടികൾ അമേരിക്കൻ അധിനിവേശത്തിനെതിരായ പ്രതിരോധമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മേഖലയിലെ സഹോദര രാഷ്ട്രങ്ങളെയോ അയൽക്കാരെയോ അല്ല, മറിച്ച് അമേരിക്കൻ കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്റെ ഭരണഘടനാസ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്ത് കൃത്യമായ ഭരണക്രമം നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട സാഹചര്യത്തിൽ, പുതിയ  നേതാവിനെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തിരഞ്ഞെടുക്കുമെന്നും അരാഗ്ചി അറിയിച്ചു.

ഇസ്രയേൽ -യുഎസ് സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യം വെച്ചിരുന്നു. വിവിധയിടങ്ങളിൽ വ്യാപക ആക്രമണവും ഇറാൻ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരേ വിമർശനവുമായി യുഎഇ അടക്കമുള്ള അയൽരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.

Content Highlights: Iran has no current intention of closing the Strait of Hormuz., Iranian actions are described as self-defense against US aggression., Iran aims for good relations with neighboring Gulf countries., The assurance is critical for international maritime traffic and stability.