വേലികെട്ടുന്ന ചൈനയ്ക്ക് ഇറാനിലൂടെ വഴിവെട്ടി ഇന്ത്യയുടെ മറുപടി; INSTCക്ക് ഇനി എന്ത് സംഭവിക്കും?

ചുറ്റും തുറമുഖങ്ങള്‍ കൊണ്ട് വേലിതീര്‍ക്കുന്ന ചൈനയ്ക്കുള്ള മറുപടി, അഫ്ഗാനിസ്താനെ ചേര്‍ത്തുനിര്‍ത്തി പാകിസ്താനെതിരേയുള്ള വെല്ലുവിളി, റഷ്യയുമായുള്ള വ്യവഹാരങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് കൊറിഡോറിലൂടെ തുറക്കുന്ന കവാടം, ചബഹാര്‍ തുറമുഖ നടത്തിപ്പിന് ഇറാനുമായുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത് മധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള ചരക്കുഗതാഗതത്തില്‍ ചൈനയേയും പാകിസ്താനെയും മറികടക്കാമെന്ന ഭാരിച്ച പ്രതീക്ഷയോടെയാണ്. എന്നാൽ, ഇപ്പോൾ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഈ കരാറിന്റെയും പാതയുടെയും ഭാവി എന്താകും എന്നൊരു ആശങ്കയ്ക്കും ജീവൻവച്ചിരിക്കുകയാണ്. എന്താവും പദ്ധതിയോടുള്ള പുതിയ ഭരണകൂടത്തിന്റെ സമീപനം എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
നീണ്ട കാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ചബഹാര്‍ തുറമുഖത്തിന്റെ ഷാഹിദ്-ബെഹെസ്തി ടെര്‍മിനിലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിടുന്നത്. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്കാണ് നടത്തിപ്പ് ചുമതല. ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം. ഇറാന്റെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍. ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇറാനിയന്‍ തുറമുഖവും ചബഹാര്‍ തന്നെ. കൂറ്റന്‍ ചരക്കു കപ്പലുകളുള്‍പ്പടെയുള്ളവയ്ക്ക് എത്താന്‍ കഴിയുന്ന മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നതും. വലിയ ഇന്ധന നിക്ഷേപമുള്ള മേഖലയാണിതെന്നതാണ് ശ്രദ്ധേയം. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്നാണ് കേന്ദ്ര തുറമുഖമന്ത്രാലയം വ്യക്തമാക്കുന്നത്. ചബഹാറിൽ 120 മില്യൺ ഡോളറാണ് ഇന്ത്യ നിക്ഷേപിച്ചത്. തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതിയ്ക്കായി 250 മില്യൺ ഡോളർ വായ്പയായും നൽകും.
Content Highlights: chabahar port deal of india-iran counters china how iran president ebrahim raisi's death affect it