‘ഭാര്യാപിതാവ് രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രം ആകാശ് ആനന്ദിന് പാർട്ടി ചുമതല’: BSPയിൽ പുനഃസംഘടന ശക്തമാക്കി മായാവതി

ന്യൂഡൽഹി: ആകാശ് ആനന്ദിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായക നിബന്ധന മുന്നോട്ടുവെച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ദേശീയ അധ്യക്ഷ മായാവതി. ആകാശ് ആനന്ദിന്റെ ഭാര്യാപിതാവും മുൻ രാജ്യസഭാ എംപിയുമായ അശോക് സിദ്ധാർത്ഥ് രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും മാറിയാൽ മാത്രമേ ആകാശിന് പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനും പ്രധാന ചുമതലകൾ തിരികെ നൽകാനും സാധിക്കൂ എന്ന് അവർ വ്യക്തമാക്കി.
സെപ്റ്റംബർ മൂന്നിന് നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് ആകാശ് ആനന്ദിനെ ദേശീയ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റി സാധാരണ പ്രവർത്തകൻ ആയി നിശ്ചയിച്ച വിവരം മായാവതി അറിയിച്ചത്. ആകാശ് കൂടുതൽ പക്വത കൈവരിക്കേണ്ടതുണ്ടെന്നും അതുവരെ പാർട്ടിയിൽ വലിയ ഉത്തരവാദിത്വങ്ങൾ നൽകുന്നത് അനുയോജ്യമല്ലെന്നുമായിരുന്നു മായാവതിടെ നിലപാട്. അതേസമയം, ദേശീയ കോർഡിനേറ്റർ എന്ന നിലയിൽ ആകാശ് ആനന്ദ് പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് അശോക് സിദ്ധാർത്ഥിനെ ഓഗസ്റ്റ് രണ്ടിന് ബിഎസ്പിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയുടെ സംഘടനാ അടിത്തറ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുമ്പ് പുറത്താക്കപ്പെട്ട നിരവധി മുതിർന്ന നേതാക്കളെ മായാവതി പാർട്ടിയിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. ഓഗസ്റ്റിൽ പുറത്താക്കപ്പെട്ട മുൻ ദേശീയ കോർഡിനേറ്റർ രൺധീർ സിങ് ബെനിവാളിനെ തിരിച്ചെടുത്ത് വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെൻട്രൽ കോർഡിനേറ്ററായി നിയമിച്ചു. ഇതിനുപുറമെ മുൻ മന്ത്രി ധരംവീർ അശോക്, മീററ്റിൽ നിന്നുള്ള നേതാക്കളായ മോഹിത് ആനന്ദ്, നിതിൻ സിങ് എന്നിവരെയും തിരിച്ചെടുത്ത് സെൻട്രൽ കോർഡിനേറ്റർമാരായി നിയമിച്ചിട്ടുണ്ട്.
2023 ഡിസംബറിൽ ആകാശിനെ പിൻഗാമിയായി മായാവതി പ്രഖ്യാപിച്ചു. പക്ഷേ, 2024 മേയിൽ തീരുമാനം മാറ്റുകയും ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തിൽ വ്യക്തമായ കാരണം വെളിപ്പെടുത്താതിരുന്ന മായാവതി രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം നൽകിയത്. 2024 ജൂണിൽ ആകാശിനെ വീണ്ടും തന്റെ രാഷ്ട്രീയ പിൻഗാമിയായി മായാവതി തിരഞ്ഞെടുക്കുകയും പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്റർ ചുമതല തിരിച്ചുനൽകുകയും ചെയ്തു. എന്നാൽ ഒന്നേകാൽ വർഷത്തിനിപ്പുറം വീണ്ടും ആകാശിനെ ചുമതലകളിൽ നിന്നും മായാവതി ഒഴിവാക്കിയിരിക്കുകയാണ്.
പാർട്ടിയിൽ പുനഃസംഘടന നടക്കുന്നതിനിടെ മായാവതിയുടെ ഇളയ അനന്തരവനായ ഇഷാൻ ആനന്ദിന് പാർട്ടിയിൽ ആദ്യമായി ഔദ്യോഗിക ചുമതല നൽകിയേക്കുമെന്നും സൂചനകളുണ്ട്. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്ടർ-1, സെക്ടർ-2 എന്നിവയുടെ ചുമതല ഇഷാൻ ആനന്ദിന് നൽകിയേക്കും. 2025 ജനുവരി 15-ന് മായാവതിയുടെ ജന്മദിനാഘോഷ ചടങ്ങിലാണ് ഇഷാൻ ആദ്യമായി പാർട്ടി വേദിയിൽ പ്രത്യക്ഷപ്പെട്ടത്.
വരാനിരിക്കുന്ന 2027-ലെ പഞ്ചാബ്, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബിഎസ്പി നിലവിൽ ഈ കരുനീക്കങ്ങൾ നടത്തുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മറ്റ് പാർട്ടികളുമായി യാതൊരു സഖ്യവുമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതി പ്രഖ്യാപിച്ചിട്ടുള്ളത്.
Content Highlights: Mayawati stated Akash Anand can get party roles only if his father-in-law Ashok Siddharth quits politics., Akash Anand was removed as national convener and made a regular worker, but remains national coordinator