'ദാ മമ്മൂക്ക, ആശംസ നേരിട്ട് പറഞ്ഞോ'; ബേസിലിന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് ടൊവിനോ, വീഡിയോ വൈറൽ

നടന്മാരായ ടൊവിനോ തോമസും ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം എല്ലാവർക്കുമറിയാം. ടൊവിനോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ടൊവിനോയുടെ ഫോണിൽ വീഡിയോ കോൾ വഴി മമ്മൂട്ടിയും ബേസിലും തമ്മിൽ സംസാരിക്കുന്നതാണ് ആ വീഡിയോ. ഇരുവർക്കുമൊപ്പം ദൃശ്യത്തിൽ ആസിഫ് അലിയുമുണ്ട്.
രണ്ടുദിവസം മുൻപാണ് 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വിതരണം ചെയ്തത്. മമ്മൂട്ടിയാണ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ആസിഫ് അലിക്കും ടൊവിനോയ്ക്കും പുരസ്കാരങ്ങൾ ഉണ്ടായിരുന്നു. ഇതേ ദിവസംതന്നെയാണ് മമ്മൂട്ടിക്ക് പദ്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചതും. ഇത് ടൊവിനോയും ആസിഫ് അലിയും ചേർന്ന് രസകരമായി ആഘോഷിക്കുകയായിരുന്നു.
ടൊവീനോ തന്റെ സുഹൃത്തായ ബേസിൽ ജോസഫിനെ വീഡിയോ കോൾ വിളിച്ച് പദ്മഭൂഷൺ പുരസ്കാര ജേതാവായ മമ്മൂട്ടിയെ കാണിച്ചുകൊടുക്കുകയായിരുന്നു. വീഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്റെയും, ബേസിലിന്റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മറുപടി കമന്റുമായി ബേസിലും എത്തിയതോടെ ആരാധകർക്കിടയിൽ ഇത് വലിയ ആവേശമായി.
ഡിജോ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പള്ളിച്ചട്ടമ്പിയാണ് ടൊവിനോയുടേതായി വരാനിരിക്കുന്ന പ്രധാന ചിത്രം. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി എന്ന ചിത്രത്തിൽ ടൊവിനോയും ബേസിലും ഒരുമിച്ചഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് മറ്റൊരു പ്രധാനവേഷത്തിൽ. രാവഡി എന്ന തമിഴ് ചിത്രവും ബേസിലിന്റേതായി വരുന്നുണ്ട്. മഹേഷ് നാരായണൻ ഒരുക്കുന്ന പാട്രിയറ്റ്, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര എന്നിവയാണ് മമ്മൂട്ടിയുടേതായി വരുന്ന പ്രധാന ചിത്രങ്ങൾ. ഇതിൽ പാട്രിയറ്റിൽ മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും മുഖ്യ വേഷങ്ങളിലുണ്ട്.
Content Highlights: Mammootty's Padma Bhushan Joy: Tovino and Asif Ali Facilitate a Special Video Call with Basil Joseph