പ്രതീക്ഷകൾപ്പുറത്തെ വരവേല്പ്, ആദ്യദിനം രണ്ടക്കം കടന്ന് ‘ദ ഒഡീസി’യുടെ ഇന്ത്യൻ ബോക്സോഫീസ് കളക്ഷൻ

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ 'ദ ഒഡീസി'ക്ക് ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ കുതിപ്പോടെ തുടക്കം. ഓസ്കർ പുരസ്കാരം നേടിയ 'ഓപ്പൺഹൈമറി'ന് ശേഷം നോളൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ ഈ ചിത്രത്തെ വരവേറ്റത്. പ്രീ-റിലീസ് സമയത്തുണ്ടായിരുന്ന വലിയ പ്രതീക്ഷകൾക്ക് അനുസൃതമായ പ്രകടനമാണ് ആദ്യ ദിനം തന്നെ ചിത്രം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
രാജ്യത്തുടനീളം ഏകദേശം 8,413 ഷോകളാണ് ആദ്യ ദിനം പ്രദർശിപ്പിച്ചത്. ശരാശരി 48.7 ശതമാനം തിയേറ്റർ ഒക്യുപ്പൻസി റിപ്പോർട്ട് ചെയ്യപ്പെട്ട ചിത്രം, പ്രീമിയം ഫോർമാറ്റുകളായ ഐമാക്സിലാണ് (IMAX) കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 20.76 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. ഇതിൽ നികുതി കഴിഞ്ഞ് 17.40 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ.
വിവിധ ഭാഷകളിൽ റിലീസ് ചെയ്തെങ്കിലും ഇംഗ്ലീഷ് പതിപ്പിനാണ് ഇന്ത്യയിൽ മികച്ച പ്രതികരണം ലഭിച്ചത്. ഇംഗ്ലീഷ് പതിപ്പിൽ നിന്ന് മാത്രം 13.75 കോടി രൂപ നെറ്റ് കളക്ഷനായി ലഭിച്ചപ്പോൾ ഹിന്ദി പതിപ്പ് 1.90 കോടി രൂപയും തെലുങ്ക് 1.10 കോടി രൂപയും തമിഴ് പതിപ്പ് 65 ലക്ഷം രൂപയും നേടി. ഐമാക്സ് 2D ഷോകളിൽ 73.86 ശതമാനം എന്ന ഉയർന്ന ഒക്യുപ്പൻസി രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് നോളൻ ചിത്രങ്ങൾ വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള കാണികളുടെ താല്പര്യം വെളിപ്പെടുത്തുന്നു.
അഡ്വാൻസ് ബുക്കിംഗിലും റെക്കോർഡ് നേട്ടമാണ് 'ദ ഒഡീസി' സ്വന്തമാക്കിയത്. ഏകദേശം 3,96,000 ടിക്കറ്റുകളാണ് റിലീസിന് മുൻപായി ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിംഗ് ലഭിച്ച ഹോളിവുഡ് ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിക്കാൻ ഈ സിനിമയ്ക്കായി. 'ഡെഡ്പൂൾ & വോൾവറിൻ', 'അവതാർ: ഫയർ ആൻഡ് ആഷ്' തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലായാണ് ഇതിന്റെ സ്ഥാനം.
ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോയ് യുദ്ധത്തിന് ശേഷം ഒഡീസിയസ് തന്റെ രാജ്യമായ ഇത്താക്കയിലേക്ക് നടത്തുന്ന പത്ത് വർഷം നീണ്ട സാഹസികമായ മടക്കയാത്രയാണ് കഥാതന്തു. മാറ്റ് ഡാമൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Content Highlights: Christopher Nolan's epic cinematic venture The Odyssey has taken the Indian box office by storm, raking in a massive ₹20.76 crore gross on its opening day with exceptional demand for its IMAX showcases.