‘അമ്മ’യിലെ പൊട്ടിത്തെറി: രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ, മൗനം പാലിച്ച് മുതിർന്ന താരങ്ങൾ

#മൂവി ഡെസ്ക്
ശ്വേതാ മേനോൻ | ഫോട്ടോ: www.instagram.com/shwetha_menon/
ശ്വേതാ മേനോൻ | ഫോട്ടോ: www.instagram.com/shwetha_menon/

കൊച്ചി: ‘അമ്മ’ സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറിയിൽ മൗനം പാലിച്ച് മുതിർന്ന താരങ്ങൾ. വിവാദത്തെക്കുറിച്ച് എന്തെങ്കിലും പരസ്യമായി പറയാൻ അവരാരും തയ്യാറായിട്ടില്ല. അതേസമയം, മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാം എന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു.

എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവെക്കുന്നുണ്ട്. കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നത്. അൻസിബയുടെ പ്രശ്‌നം വ്യക്തിപരമായിരുന്നു. അതിൽ സംഘടനയ്ക്ക് ചെയ്യാൻ ഒന്നുമില്ല. ഞാൻ തോറ്റ് പിന്മാറാനല്ല ജനറൽ ബോഡിയിൽ പോകുന്നത്, പറയാനുള്ളത് അപ്പോൾ പറയും. -ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ, പ്രശ്നങ്ങളുടെ പ്രധാനകാരണമായ ‘അമ്മ’ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിന്റെ ധാരണാപത്രം പുറത്തുവന്നു. ഫെബ്രുവരി 14-ന് ആയിരുന്നു കുടുംബസംഗമം. പ്രധാന സ്പോൺസർ ടി.ജി. നന്ദകുമാർ ചെയർമാനായ വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രമാണ്. 75 ലക്ഷം രൂപ രണ്ടു ഘട്ടമായി നൽകുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും നന്ദകുമാറുമാണ് കരാറിൽ ഒപ്പുവെച്ചത്. 30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നൽകി. എക്സിക്യുട്ടീവ് കമ്മിറ്റിയിൽ അൻസിബ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇനി 45 ലക്ഷമാണ് കരാർ പ്രകാരം അമ്മയ്ക്ക് ലഭിക്കാനുള്ളത്. ഇതിനിടയിൽ ക്ഷേത്രം ഭാരവാഹികൾ അവരുടെ പരസ്യം കുടുംബസംഗമ വേദിയിൽ വേണ്ടരീതിയിൽ പ്രദർശിപ്പിച്ചില്ല എന്ന എതിർപ്പ് അറിയിച്ചിരുന്നു. നൽകാനുള്ള ബാക്കി തുക 31-ന് സംഘടനയ്ക്ക് നൽകുമെന്ന് ടി.ജി. നന്ദകുമാർ പറഞ്ഞു.

എന്നേയും ജിഹാദിയെന്ന് വിളിച്ചു -ഉഷാ ഹസീന

തന്നെയും ജിഹാദി എന്ന് വിളിച്ചിട്ടുണ്ടെന്ന് നടി ഉഷാ ഹസീന. ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയംഗംതന്നെയാണ് എന്നെയും ആ പേരുവിളിച്ചത്. അതാരാണെന്ന് ജനറൽ ബോഡിയിൽ പറയും. ‘അമ്മ’യിൽനിന്ന് പുറത്തുപോയിട്ടുള്ള അതിജീവിത ഉൾപ്പെടെയുള്ള എല്ലാ നടിമാരേയും തിരിച്ചുകൊണ്ടുവരും എന്നാണ് തുടക്കത്തിൽ പ്രസിഡന്റ് പറഞ്ഞിരുന്നത്. പിന്നീട് നടന്ന കമ്മിറ്റിയിൽ അൻസിബ ഇക്കാര്യം ചോദിച്ചിരുന്നു. ചില അംഗങ്ങൾ ഇതിനെ എതിർത്തു എന്നാണ് പ്രസിഡന്റ് പറഞ്ഞത്. അതാരാണെന്ന് അറിയിക്കണമെന്നും ഉഷ പറഞ്ഞു.

Content Highlights: While the public mud-slinging within the actors' association AMMA reaches an all-time high, the industry's senior-most superstars and veteran pillars have chosen to maintain a strict, calculated silence, completely refusing to comment on the ongoing internal collapse. Breaking her silence on the mutiny brewing under her leadership, AMMA President Shwetha Menon made a massive statement to the media. She announced her willingness to step down from the top post immediately if the senior actors of the industry officially demand it.