തിയേറ്ററിൽ ഒരുമിച്ചെത്തി വിജയം കൊയ്തു, ഇപ്പോൾ ഒടിടിയിലും; നെറ്റ്ഫ്ലിക്സിൽ ചരിത്രമെഴുതി 'ഇരുമുടി'യും 'മൊദ രാത്രി'യും

തിയേറ്ററുകളിൽ ഒരേദിവസം റിലീസ് ചെയ്ത് വിജയം നേടിയ രണ്ട് ചിത്രങ്ങൾ ഒരേദിവസംതന്നെ ഒടിടിയിലും റിലീസ് ചെയ്ത് സൂപ്പർഹിറ്റായി ചരിത്രം തീർക്കുകയാണ്. ശിവ നിർവ്വാണയുടെ തെലുങ്ക് ചിത്രം 'ഇരുമുടി'യും രാജ കറുപ്പസാമിയുടെ തമിഴ് ചിത്രം 'മൊദ രാത്രി'യുമാണ് ആ ചിത്രങ്ങൾ. ഓഗസ്റ്റ് 21-നാണ് രണ്ടുചിത്രങ്ങളും തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിലെ ഏറ്റുമുട്ടലിന് ശേഷം ഈ ചിത്രങ്ങൾ സെപ്റ്റംബർ 18-ന് നെറ്റ്ഫ്ലിക്സിൽ ഒരേസമയം റിലീസ് ചെയ്തു. ഈ ചിത്രങ്ങൾ ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ ഇംഗ്ലീഷ് ഇതര ചലച്ചിത്രങ്ങളുടെ ആഗോള പട്ടികയിൽ ആദ്യ രണ്ടുസ്ഥാനങ്ങളിൽ എത്തിയിരിക്കുകയാണ്. റിഷികാന്ത്, അനിഷ്മ എന്നിവരാണ് മൊദ രാത്രി എന്നചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. രവിതേജയും നക്ഷത്രയുമാണ് 'ഇരുമുടി'യിൽ മുഖ്യവേഷങ്ങളിൽ.
നെറ്റ്ഫ്ലിക്സ് ആഗോള പട്ടിക സെപ്റ്റംബർ 21 മുതൽ 27 വരെ
കഴിഞ്ഞദിവസമാണ് ഇംഗ്ലീഷ് ഇതര ചലച്ചിത്രങ്ങളുടെ ആഗോള പട്ടിക നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. കാഴ്ചക്കാരുടെ എണ്ണത്തിൽ 'ഇരുമുടി' ഒന്നാംസ്ഥാനത്തും 'മൊദ രാത്രി' രണ്ടാം സ്ഥാനത്തുമെത്തി. രണ്ടും ചിത്രങ്ങളും ഇപ്പോൾ രണ്ട് ആഴ്ചകളായി ആദ്യ 10 സ്ഥാനങ്ങളിൽ തുടരുന്നു. 'ഇരുമുടി' 34 ലക്ഷം കാഴ്ചക്കാരെയും 81 ലക്ഷം മണിക്കൂർ വാച്ച് ടൈമും നേടി. 29 ലക്ഷം കാഴ്ചക്കാരും 69 ലക്ഷം മണിക്കൂർ വാച്ച് ടൈമുമാണ് 'മൊദ രാത്രി'ക്കുള്ളത്. സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള കണക്കാണിത്.
Also Read: ‘ധനുഷ് സർ വിളിച്ചു, നിന്നിൽനിന്ന് പഠിക്കാനുണ്ടെന്ന് പറഞ്ഞു’;തെലുങ്കിൽ കൈയടി നേടുന്ന നക്ഷത്ര പറയുന്നു
തമിഴ് ചിത്രമായ 'വിശ്വനാഥ് & സൺസ്', ഹിന്ദി ചിത്രങ്ങളായ 'ലസ്റ്റ് സ്റ്റോറീസ് 3', 'ബേബി ഡു ഡൈ ഡു', 'ഗാന്ധാരി' എന്നിവയും ഈ പട്ടികയിൽ യഥാക്രമം അഞ്ച്, ആറ്, ഏഴ്, ഒൻപത് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. 'ഫേസിംഗ് എൽ ചാപോ', 'ദ സീക്രട്ട് വുമൺ', 'ദ അൾട്ടിമേറ്റ് ഡുയോ', 'ജനറൽ മേഹ്‍ലം: ദി കില്ലിംഗ് ഓഫ് ബ്രിഗേഡിയർ ജെ' എന്നിവയാണ് മറ്റ് സ്ഥാനങ്ങളിൽ.
ഇതിന് മുൻപത്തെ ആഴ്ചയിൽ, 'വിശ്വനാഥ് & സൺസ്' 58 ലക്ഷം കാഴ്ചക്കാരോടെയും 1.54 കോടിയിലധികം മണിക്കൂർ വാച്ച് ടൈമോടെയും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. അന്ന് 'ഇരുമുടി' മൂന്നാം സ്ഥാനത്തും 'മൊദ രാത്രി' ഏഴാം സ്ഥാനത്തുമായിരുന്നു.
രവി തേജയുടെ 'ഇരുമുടി'
ശിവ നിർവ്വാണ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച്, ടി-സീരീസ് ഫിലിംസ് അവതരിപ്പിച്ച ചിത്രമാണ് 'ഇരുമുടി'. രവി തേജ, പ്രിയ ഭവാനി ശങ്കർ, സായ് കുമാർ, നക്ഷത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മദ്യപാനിയായ ഒരു പിതാവ് ശബരിമല മണ്ഡലവ്രതം സ്വീകരിക്കുന്നതിനായി തന്റെ ദുശ്ശീലങ്ങൾ ഉപേക്ഷിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഈ വ്രതാനുഷ്ഠാനത്തിനിടയിൽ, തന്റെ ഗ്രാമത്തിൽ അനിഷ്ടകരമായ എന്തോ നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എന്ന വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചെറിയ ബജറ്റിൽ നിർമിച്ച ഈ ചിത്രം ലോകമെമ്പാടുമായി 244.97 കോടി രൂപ കളക്ഷൻ നേടുകയും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കുകയും ചെയ്തു. തുടർച്ചയായ ആറ് പരാജയങ്ങൾക്ക് ശേഷം രവി തേജ നേടുന്ന വിജയ ചിത്രമാണ് 'ഇരുമുടി'.
Content Highlights: South Indian films Irumudi starring Ravi Teja and Modha Rathiri starring Rishikanth have topped Netflix's global chart for non-English films, securing the first and second positions respectively with millions of views.