വിശ്വാസവഞ്ചന ചിലരുടെ രക്തത്തിൽ അലിഞ്ഞത്, വഞ്ചനയുടെ ലോകമാണ് അവർക്ക് സുഖകരമായ ഇടം -ഖുശ്ബു

#മൂവി ഡെസ്ക്
ഖുശ്ബു, രവി മോഹൻ | ഫോട്ടോ: ANI, Screengrab
ഖുശ്ബു, രവി മോഹൻ | ഫോട്ടോ: ANI, Screengrab

തമിഴ് ചലച്ചിത്രലോകത്ത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടൻ രവി മോഹന്റെ വാർത്താ സമ്മേളനം. തന്റെ പ്രശ്നങ്ങൾ വിവരിക്കുന്നതിനിടെ നടി ഖുശ്ബുവിനെ രവി മോഹൻ ഇഡ്ഡലി നടി എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ അതിരൂക്ഷമായ പ്രതികരണവുമായി ഖുശ്ബു രംഗത്തെത്തിയിരിക്കുകയാണ്. വിശ്വാസവഞ്ചന ചിലരുടെ 'രക്തത്തിൽ ഉള്ളതാണെന്നും' മറ്റുള്ളവരുടെ ജീവിതത്തിൽ മുറിവേൽപ്പിക്കുന്നവർക്ക് അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഖുശ്ബു സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു.

"നിങ്ങളുടേതല്ലാത്തതൊന്നും സ്വന്തമാക്കരുതെന്ന് ബൈബിൾ വചനങ്ങളിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവർ മനസ്സിലാക്കണം. നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെ നിർവചിക്കുന്നത്. വിശ്വാസവഞ്ചന കാണിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നവരെ കാണുമ്പോൾ അദ്ഭുതപ്പെടേണ്ടതില്ല. കാരണം വഞ്ചന അവരുടെ ഡിഎൻഎയിൽ ഉള്ളതാണെന്ന് അവർ തെളിയിക്കുന്നു. വഞ്ചനയുടെ ലോകമാണ് അവർക്ക് സുഖകരമായ ഇടമായി തോന്നുന്നത്.

തനിനിറം പുറത്തെടുക്കുകയും താൻ ഏത് നിലവാരത്തിൽ നിന്നാണ് വരുന്നതെന്ന് ലോകത്തിന് കാണിച്ചുതരികയുംചെയ്ത ആ മനുഷ്യത്വരഹിതനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. എന്നാൽ, അണിയറയിൽ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവർക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. നിങ്ങളുടെ തീരുമാനങ്ങൾക്ക് അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നും ഓർക്കുക.

ഓർക്കുക, ഹൃദയവിശുദ്ധിയും ശുദ്ധമായ ചിന്തകളുമുള്ളവർ ദൈവത്തോട് ചേർന്നുനിൽക്കും. അങ്ങനെയാണ് ബൈബിൾ പറയുന്നത്." ഖുശ്‌ബുവിന്റെ വാക്കുകൾ.

അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഭാര്യ ആർതിയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നത് വരെ ഇനി അഭിനയിക്കില്ലെന്ന് രവി മോഹൻ പറഞ്ഞത്. രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന സൂചന നൽകിയും ചെന്നൈ വിടുന്നതായി പ്രഖ്യാപിച്ചും രവി മോഹന്റെ സുഹൃത്തും തെറാപ്പിസ്റ്റുമായ കെനീഷാ ഫ്രാൻസിസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് രവി മോഹൻ വാർത്താസമ്മേളനം വിളിച്ചത്. കടുത്ത അപമാനം സഹിച്ചാണ് താൻ ആർതിക്കൊപ്പം ജീവിച്ചതെന്നും രവി മോഹൻ പറഞ്ഞു. വർഷങ്ങളായി തന്നെ ഒരു അടിമയെ പോലെയാണ് കണക്കാക്കിയിരുന്നതെന്നും താരം പറഞ്ഞു.

Content Highlights: Actor Ravi Mohan’s recent press conference has ignited a massive controversy in Tamil cinema after he reportedly referred to veteran actress Khushbu Sundar as an "iddli actress" while detailing his personal issues. Taking to social media, Khushbu lashed out without naming him directly, stating that betrayal is in some people's "DNA" and that those who inflict deep emotional wounds on others will inevitably face the consequences.