ശ്വേതാ മേനോൻ രാജിക്കത്ത് നൽകാത്തത് അവരുടെ കുഴപ്പം, ജനറൽ ബോഡിയാണ് സുപ്രീം -ഗണേഷ് കുമാർ

താരസംഘടനയായ AMMAയിൽ ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളിൽ പലരും രാജിക്കത്ത് അയച്ചിട്ടില്ലെന്ന വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവരുന്നു. പ്രസിഡന്റ് ശ്വേതാ മേനോൻ രാജിക്കത്ത് അയച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റിയംഗം കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. ശ്വേത രാജിക്കത്ത് ഔദ്യോഗികമായി നൽകാത്തത് അവരുടെ കുഴപ്പമാണെന്നും ലക്ഷ്മി പ്രിയയും മല്ലിക സുകുമാരനും രാജി ഇ-മെയിൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്ഹോക് കമ്മിറ്റി യോഗത്തിനുശേഷം കൺവീനർ രമേഷ് പിഷാരടി എംഎൽഎക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എന്ത് പേരിട്ടുവിളിച്ചാലും അടുത്ത തിരഞ്ഞെടുപ്പുവരെ ഈ സംഘടനയെ നിലനിർത്തിക്കൊണ്ടുപോകുക എന്ന ഉത്തരവാദിത്തമാണ് താനടക്കമുള്ള അംഗങ്ങൾക്കുള്ളതെന്ന് രമേഷ് പിഷാരടിയും പറഞ്ഞു.
ലക്ഷ്മി പ്രിയയുടെ രാജിക്കത്ത് നേരിൽക്കണ്ടിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. "അയച്ചിട്ടുണ്ടെന്ന് കുക്കു പരമേശ്വരനാണ് പറഞ്ഞത്. ആരും രാജിക്കത്ത് ഔദ്യോഗികമായി അയച്ചിട്ടില്ല. ഒരു ജനറൽ ബോഡിയിൽവെച്ച് ഒരു സംഘടനയുടെ നേതൃത്വത്തിലിരിക്കുന്ന ആളുകൾ, ഞാനും എന്റെ കമ്മിറ്റിയും രാജിവെയ്ക്കുന്നു എന്നുപറഞ്ഞ് അവിടെ നിന്ന് ഇറങ്ങിപ്പോവുകയാണ്. ആ സാഹചര്യത്തിൽ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തണം. അല്ലാതെ പൂട്ടാൻ പറ്റില്ലല്ലോ. ഇങ്ങനെയുള്ളപ്പോൾ ജനറൽ ബോഡിയുടെ ഭൂരിപക്ഷത്തിന്റെ താത്പര്യപ്രകാരം ഒരു സ്പെഷ്യൽ കമ്മിറ്റി രൂപീകരിക്കുന്നു. അതിനെ അഡ്ഹോക് എന്നെ സ്പെഷ്യൽ കമ്മിറ്റിയെന്നോ എന്തുപേരിട്ടും ഇതിനെ വിളിക്കാം.
സംഘടനയുടെ ഭരണസമിതി ഒരു ദിവസം ഇല്ലാതായാൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. ഒരു കമ്മിറ്റി പെട്ടന്നൊരു ദിവസം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട് ഒരു ഭരണഘടനയിലും എഴുതിവെയ്ക്കുന്നില്ല. ഇതൊരു സ്പെഷ്യൽ കമ്മിറ്റിയാണ്. താത്കാലിക കമ്മറ്റികളെ പൊതുവേ അഡ്ഹോക് കമ്മിറ്റികളെന്നാണ് എല്ലാവരും വിശേഷിപ്പിക്കാറ്. രാജിവെച്ച് പോകുന്നവരിൽനിന്ന് എന്തെങ്കിലും പ്രവർത്തനം നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ. അവർ രാജിവെച്ചെന്ന് കരുതി സംഘടനയിലെ പ്രവർത്തനങ്ങൾ നിർത്താൻപറ്റില്ലല്ലോ. എന്ത് പേരിട്ടുവിളിച്ചാലും അടുത്ത തിരഞ്ഞെടുപ്പുവരെ ഈ സംഘടനയെ നിലനിർത്തിക്കൊണ്ടുപോകുക എന്ന ഉത്തരവാദിത്തമാണ് ഞാനടക്കമുള്ള അംഗങ്ങൾക്കുള്ളത്." രമേഷ് പിഷാരടിയുടെ വാക്കുകൾ.
ആരെങ്കിലും കോടതിയെ സമീപിച്ചാൽ വിശദാംശങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. "സംഘടനയെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട്. ശ്വേത രാജിക്കത്ത് ഔദ്യോഗികമായി നൽകാത്തത് അവരുടെ കുഴപ്പമാണ്. മാധ്യമങ്ങൾക്കുമുന്നിൽ അവർ പ്രഖ്യാപിച്ച രാജി കൊടുക്കേണ്ടത് അവരുടെ കടമയാണ്. താത്ക്കാലിക കമ്മിറ്റിയുടെ ചുമതലയല്ല അത്. ഞാനും എന്റെ കമ്മിറ്റിയും പിരിഞ്ഞെന്നാണ് അവർ പറഞ്ഞത്. ഒരു ചെക്ക് ഒപ്പിടേണ്ടത് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരാണ്. ട്രഷറർ ഇവിടെയില്ല. കണക്കുകൾ സഭയിൽ വന്നപ്പോഴേക്കും അത് തള്ളിക്കളഞ്ഞു. താനിതിൽ ഒപ്പിട്ടിട്ടില്ലെന്നാണ് ട്രഷറർ പറയുന്നത്. താനിതിനൊന്നും ഉത്തരവാദിയല്ലെന്ന് അദ്ദേഹം പറഞ്ഞതോടെ അംഗങ്ങൾ അക്കൗണ്ട്സ് തള്ളി. അക്കൗണ്ട്സ് പൂർണമല്ലെന്ന് ഓഡിറ്ററും പറഞ്ഞു. അപ്പോഴേക്കും സംഘടനയുടെ ഭൂരിപക്ഷം പോയി. അതിനുശേഷം വന്ന 140 പേർ ഒപ്പിട്ട അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കും മുൻപേ പ്രസിഡന്റ് പറയുകയാണ് രാജിവെയ്ക്കുകയാണെന്ന്.
ഏത് സംഘടനയിലും അടിസ്ഥാനപരമായി അന്തിമ തീരുമാനമെടുക്കുന്നത് ജനറൽ ബോഡിയാണ്. ജനറൽ ബോഡിയുടെ തീരുമാനത്തെ നിരസിക്കാൻ ഒരുസംഘടനയ്ക്കും കഴിയില്ല. ബൈലോയിൽ എന്തുണ്ടെങ്കിലും ഒരു പ്രതിസന്ധിഘട്ടത്തിൽ ഒരു തീരുമാനമെടുക്കാൻ ജനറൽബോഡിക്ക് അധികാരമുണ്ട്." ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മുൻപ് മോഹൻലാലായിരുന്നു അമ്മയുടെ തലപ്പത്ത്. ഇവർ രാജിവെയ്ക്കുന്ന അവസരത്തിൽ ഒരു ഇലക്ഷൻ കമ്മിറ്റിയുണ്ടായിരുന്നു. ഈ കമ്മിറ്റിയ്ക്ക് മുമ്പാകെയാണ് ഇവർ രാജി നൽകിയത്. അടുത്ത ഭരണസമിതി വരുന്നതുവരെ പഴയ കമ്മിറ്റി തുടരുകയും ചെയ്തിരുന്നു.
നിലവിലെ ഭരണസമിതി 2025ലാണ് ചുമതലയേറ്റെടുത്തത്. ഇവർക്ക് 2028 വരെ കാലാവധിയുണ്ട്. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ നിലവിലെ ഭരണസമിതി തുടരുമെന്നാണ് വിവരം. ഇതിനിടയിലും അഡ്ഹോക് കമ്മിറ്റി യോഗംചേരുകയാണ്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയെയാണ് പിന്നീട് തിരഞ്ഞെടുത്തത്. കമ്മിറ്റി വ്യാഴാഴ്ച യോഗം ചേർന്നു.
Content Highlights: Dropping major updates on the leadership crisis gripping the Malayalam movie actors' association (AMMA), Ad-hoc committee members KB Ganesh Kumar and Ramesh Pisharody addressed the media on Thursday. Ganesh Kumar straight-up blamed former President Shwetha Menon for not submitting her official resignation letter post her emotional public announcement, while asserting that the general body holds supreme authority over any written bylaw during an unprecedented organizational crisis.