15 വയസുള്ളപ്പോൾ പോൺ സൈറ്റിൽ സ്വന്തം ചിത്രം കണ്ടു, ഇന്നും AI ചിത്രങ്ങൾ സമാധാനം കെടുത്തുന്നു -ജാൻവി

#മൂവി ഡെസ്ക്
ജാൻവി കപൂർ | ഫോട്ടോ: AFP
ജാൻവി കപൂർ | ഫോട്ടോ: AFP

കൗമാരകാലത്തെ അത്യന്തം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ജാൻവി കപൂർ. തനിക്ക് വെറും 15 വയസ്സുള്ളപ്പോൾ ഒരു അശ്ലീല വെബ്‌സൈറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം കാണാനിടയായെന്ന് താരം തുറന്നുപറഞ്ഞു. ഇന്റർനെറ്റിന്റെ ഭാഗമായുള്ള ഏതെങ്കിലും വെല്ലുവിളിയാണെന്ന് കരുതി അന്ന് അത് നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു. എന്നാൽ ഇന്നും എഐ (AI) ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജചിത്രങ്ങൾ തന്നെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് ജാൻവി സമ്മതിച്ചു.

സ്കൂളിലെ ഐടി ക്ലാസ്സിനിടെയാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് രാജ് ഷമാനിയുമായുള്ള സംഭാഷണത്തിനിടയിലാണ് ജാൻവി കപൂർ പറഞ്ഞു. "അത് ഡീപ്ഫേക്ക് ആണോ എന്ന് എനിക്കറിയില്ല, പക്ഷേ അതുപോലെയെന്തോ ആയിരുന്നു. ഞങ്ങൾക്ക് സ്കൂളിൽ ഐടി ക്ലാസ് ഉണ്ടായിരുന്നു, ആൺകുട്ടികൾ രസത്തിനു വേണ്ടി മോശം ഉള്ളടക്കങ്ങളുള്ള സൈറ്റുകളിൽ പോകുമായിരുന്നു. അത്തരത്തിൽ ഒന്നിലായിരുന്നു എന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. ഇത് സ്കൂളിൽ വെച്ചായിരുന്നു. അതൊരു വിചിത്രമായ അനുഭവമായിരുന്നു," ജാൻവിയുടെ വാക്കുകൾ.

സോഷ്യൽ മീഡിയയിൽ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്നും ഇത് പ്രശസ്തിക്കായി നൽകേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് നടി പറഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇത്തരം കാര്യങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അവർ വ്യക്തമാക്കി.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾ ഇന്നും തന്നെ പിന്തുടരുകയാണ്. താൻ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങളോ അല്ലെങ്കിൽ താൻ പോസ് ചെയ്യാത്ത രീതിയിലോ ഉള്ള ചിത്രങ്ങൾ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഔദ്യോഗിക വാർത്താ പേജുകളിൽ പോലും ഇത്തരം ചിത്രങ്ങൾ വരുന്നു എന്നത് തന്നെ അസ്വസ്ഥയാക്കുന്നു. ഇത് താൻ തന്നെ സോഷ്യൽ മീഡിയയിൽ ഇട്ടതാണെന്ന രീതിയിൽ പ്രചരിക്കുന്നത് ആളുകൾക്കിടയിൽ തെറ്റായ ധാരണയുണ്ടാക്കുന്നുണ്ട്. ഈ ചിത്രങ്ങൾ തന്റെ ജോലിയെ എങ്ങനെ സ്വാധീനിക്കാമെന്നും അവൾ വിശദീകരിച്ചു.

"ഞാൻ പുറത്തുവിട്ട എന്തോ ഒന്നാണെന്ന മട്ടിൽ ഇത് പ്രചരിക്കുന്നു. നാളെ ഞാൻ ഒരു സംവിധായകനോട് ഏതെങ്കിലും വസ്ത്രം ധരിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചാൽ അവർക്ക് എഐ നിർമിത ചിത്രങ്ങൾ എടുത്ത് 'നീ ഇത് മുമ്പ് ചെയ്തിട്ടുണ്ടല്ലോ' എന്ന് പറയാം. അവരത് പറഞ്ഞില്ലെങ്കിലും, അത് എന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തലുകൾക്ക് കാരണമായേക്കാം." ജാൻവി വിശദീകരിച്ചു.

ഈ പ്രശ്നങ്ങൾ തന്നെ മാനസികമായി അലട്ടുന്നുണ്ടെങ്കിലും ഇതിനെതിരെ പരാതിപ്പെടാൻ തനിക്ക് പരിമിതികളുണ്ടെന്ന് ജാൻവി പറഞ്ഞു. തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളും പ്രശസ്തിയും കാരണം ഇത്തരം കാര്യങ്ങൾ സഹിക്കണമെന്ന മനോഭാവം സമൂഹത്തിലുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. തന്റെ ശബ്ദത്തിന് പരാതിപ്പെടാനുള്ള അത്രത്തോളം വിശ്വാസ്യത ലഭിച്ചിട്ടില്ലെന്നും പ്രതികരിച്ചാൽ അത് വലിയ തിരിച്ചടികൾക്ക് കാരണമായേക്കാമെന്നും അവർ ഭയപ്പെടുന്നു. എങ്കിലും സിനിമാ മേഖലയിലെ മറ്റ് നിരവധി സ്ത്രീകളും ഡീപ്ഫേക്ക് (deepfake) ചിത്രങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Actress Janhvi Kapoor revealed the trauma of finding her morphed images on an adult website at age 15 and expressed deep concern over how modern AI deepfakes are damaging her reputation and professional credibility