AMMA അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക്, ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാം

#മൂവി ഡെസ്ക്
ശ്വേതാ മേനോൻ | ഫോട്ടോ: ടോബിൻ ജോസഫ് \ www.instagram.com/shwetha_menon/
ശ്വേതാ മേനോൻ | ഫോട്ടോ: ടോബിൻ ജോസഫ് \ www.instagram.com/shwetha_menon/

കൊച്ചി: താരസംഘടനയായ അമ്മ ഭരണസമിതിയിലെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക്. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റിക്ക് തുടരാമെന്നും കോടതി നിർദേശിച്ചു. ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞദിവസം ശ്വേതാ മേനോൻ ഔദ്യോഗികമായി രാജിവെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്ഹോക് കമ്മിറ്റിയംഗമായ കെ.ബി. ഗണേഷ് കുമാർ ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ അഡ്ഹോക് കമ്മിറ്റിയെ തള്ളി ശ്വേതാ മേനോനും രംഗത്തെത്തി. തുടർന്നാണ് ശ്വേത കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

ജൂൺ 21-ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. തുടർന്നാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കുകയാണെന്ന് ശ്വേത പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാർഥികളെ നൽകാൻ ശ്രമിച്ചുവെന്ന് ബാബുരാജ് ആരോപണം ഉയർത്തിയതോടെ ശ്വേത സംഘടനാ അംഗത്വം തന്നെ ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു. പിന്നീട് മാധ്യമങ്ങൾക്ക് മുമ്പിൽ വന്നും രാജി പ്രഖ്യാപിച്ചു.

തുടർന്നാണ് ജനറൽ ബോഡി രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിലുള്ള താത്കാലിക സമിതിയെ ഭരണനിർവഹണത്തിനായി നിയോഗിച്ചത്. നാലുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേൽക്കുംവരെ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നൽകി. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അമ്മ ഓഫീസിലെത്തി കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്വേത ഉൾപ്പെടെയുള്ളവർ രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന് വ്യക്തമായത്.

ശ്വേത നേതൃത്വം നൽകിയ ഭരണസമിതിയിൽ കുക്കു പരമേശ്വരൻ ആയിരുന്നു ജനറൽ സെക്രട്ടറി. ജയൻ ചേർത്തല (വൈസ് പ്രസിഡന്റ്), ലക്ഷ്മിപ്രിയ (വൈസ് പ്രസിഡന്റ്), അൻസിബ ഹസൻ (ജോയിന്റ് സെക്രട്ടറി), ഉണ്ണി ശിവപാൽ (ട്രഷറർ) എന്നിവർ മറ്റ് ഭാരവാഹികളും. കൈലാഷ്, സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായിരുന്നു.

അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു. തുടർന്നാണ് അമ്മയിലെ തർക്കം പരസ്യമായത്. ഓഫീസ് ജീവനക്കാരിയുടെ ആരോപണങ്ങളെ തുടർന്ന് ട്രഷറർ ഉണ്ണി ശിവപാലിനെ മാറ്റി നിർത്തിയിരുന്നു. കൈലാഷ്, ജോയ് മാത്യു, ജയൻ ചേർത്തല എന്നിവർ കഴിഞ്ഞ ദിവസം രാജിയും നൽകി.

Content Highlights: In a dramatic overnight development gripping the Malayalam film industry, the Ernakulam Munsiff Court has issued an interim stay order banning the newly formed AMMA Ad-Hoc committee led by Ramesh Pisharody. Acting on a petition filed by actress Shwetha Menon, the court ruled that her elected executive committee can legally continue heading the actors' body, dealing a massive blow to the rival faction spearheaded by KB Ganesh Kumar.