AMMA-യിൽ വീണ്ടും ട്വിസ്റ്റ്: പ്രശ്നപരിഹാരത്തിന് രജിസ്ട്രാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം

താരസംഘടനയായ ‘അമ്മ’യിലെ പ്രതിസന്ധിയിൽ രജിസ്ട്രാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം അംഗങ്ങൾ രംഗത്തെത്തി. അൻസിബ ഹസ്സൻ, മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവർ ഈ ആവശ്യം ഉന്നയിച്ച് രജിസ്ട്രാർക്ക് കത്തയച്ചു. ശ്വേതാ മേനോൻ നേതൃത്വം നൽകുന്ന ഭരണസമിതിയെ ബാങ്കിടപാടുകൾ നടത്തുന്നതിൽനിന്ന് വിലക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതേസമയം അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച നടപടിക്ക് നിയമസാധുത ഇല്ലെന്ന് കാണിച്ച് ശ്വേതാ മേനോൻ നൽകിയ ഹർജി തിങ്കളാഴ്ച എറണാകുളം മുൻസിഫ് കോടതി പരിഗണിക്കും.
നിലവിൽ രണ്ട് കമ്മിറ്റികളുമായി ബന്ധപ്പെട്ട നിയമക്കുരുക്കിലാണ് സംഘടന മുന്നോട്ട് പോകുന്നത്. ഭരണസമിതി രാജിവെച്ചതിനെത്തുടർന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയും, പഴയ സമിതിയും തമ്മിലുള്ള തർക്കം ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനിടെ ശ്വേതാ മേനോന്റെ പരാതിയെത്തുടർന്ന് കോടതി അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. 'അമ്മ' രജിസ്റ്റർ ചെയ്ത ഒരു സംഘടനയായതിനാൽ, പുതിയൊരു സമിതി വരുന്നതുവരെയെങ്കിലും ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ശ്വേതാ മേനോൻ ഉൾപ്പെടുന്ന വിഭാഗത്തെ തടയണമെന്നും സംഘടനയുടെ മുഴുവൻ രേഖകളും രജിസ്ട്രാർ പിടിച്ചെടുക്കണമെന്നുമാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്.
സാമ്പത്തിക ക്രമക്കേടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഒരു വിഭാഗത്തെ രജിസ്ട്രാറെ സമീപിക്കാൻ പ്രേരിപ്പിച്ചത്. 'അമ്മ'യുടെ ബാങ്ക് അക്കൗണ്ടിൽ നിലവിൽ ഏകദേശം ആറ് കോടി രൂപയുണ്ടെന്നാണ് വിവരം. നിലവിലെ കമ്മിറ്റിക്ക് ഈ തുക കൈകാര്യം ചെയ്യാൻ അനുവാദം നൽകിയാൽ വലിയ രീതിയിലുള്ള അഴിമതിക്ക് സാധ്യതയുണ്ടെന്ന് അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു. കൂടാതെ, സംഘടനയുടെ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ളവരുടെ കൈവശമിരിക്കുന്നത് കൊണ്ട് അവ തിരുത്തി കോടതിയിൽ ഹാജരാക്കാൻ സാധ്യതയുണ്ടെന്ന ഭയവും ഇവർ പങ്കുവെക്കുന്നു.
അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടയണമെന്ന ശ്വേതയുടെ ഹർജി എറണാകുളം മുൻസിഫ് കോടതി വീണ്ടും പരിഗണിക്കുകയാണ്. ഈ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസനും ഹർജി നൽകിയിട്ടുണ്ട്. കൂടാതെ അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതലക്കാരനായിരുന്ന രമേഷ് പിഷാരടിയെയും കോടതി ഇന്ന് കേൾക്കുന്നുണ്ട്.
സംഘടനയിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങൾ നേരത്തേ രംഗത്തെത്തിയിരുന്നു. വനിതാ അംഗങ്ങളുടെ കൂട്ടായ്മയായ ‘പെൺമക്കൾ’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നടത്തിയ അഭിപ്രായ സർവേയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉയരുന്നത്. 120-ഓളം അംഗങ്ങളുള്ള കൂട്ടായ്മയിൽ ബഹുഭൂരിപക്ഷം പേരും ഇതേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
ജനറൽ ബോഡി യോഗത്തിൽ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച പ്രസിഡന്റ് ശ്വേത മേനോൻ പദവിയിൽ തുടരണമോ അതോ പുതിയ തിരഞ്ഞെടുപ്പ് നടത്തണമോ എന്ന വിഷയത്തിലാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ വോട്ടെടുപ്പും ചർച്ചകളും പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പ് വേണമെന്നുള്ളവർ '1' എന്നും, ശ്വേത തുടരണമെന്നുള്ളവർ '2' എന്നും ഓപ്ഷൻ നൽകി അഭിപ്രായം രേഖപ്പെടുത്താനാണ് നിർദേശം. പ്രസിഡന്റ് പദവിയും സംഘടനയിലെ അംഗത്വവും രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ശ്വേതയെ നേരത്തേ ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു.
Content Highlights: Tensions escalate in the actors' association AMMA as a group of prominent members petitions the Registrar to intervene, halt bank account operations, and secure key documents amidst ongoing legal battles and demands for fresh elections.