നീൽ ആംസ്ട്രോങ്ങിനെ ചെന്നു കണ്ട മലയാളി കുടുംബം, ആ സിനിമ വന്നതിങ്ങനെ..

2026 ഏപ്രിലില്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം നാസ ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരികെ വരുന്ന പര്യവേക്ഷണ വാഹന ദൗത്യം നടത്തുകയാണ്. 2027 മെയ് മാസമാണ് മനുഷ്യന്‍ ചന്ദ്രനില്‍ ഇനി ഇറങ്ങുക. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് 1969 ജൂലായ് 20നായിരുന്നു. അന്യഗ്രഹത്തില്‍ ആദ്യമായി കാലുകുത്തി ചരിത്രം സൃഷ്ടിച്ച് തിരിച്ചെത്തിയ ആദ്യ വ്യക്തി നീല്‍ ആംസ്‌ട്രോങ്ങിനെ അമേരിക്കയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി നേരിട്ട് കാണുകയും അദ്ദേഹവുമായി സൗഹൃദത്തിലാവുകയും ചെയ്ത ഒരു മലയാളി കുടുംബമുണ്ട്. നീലിന്റെ മകന്‍ മാര്‍ക് ഇപ്പോഴും ആ കുടുംബത്തിന്റെ സുഹൃത്താണ്. ആ സന്ദര്‍ശനത്തിന്റെ ഓര്‍മകളും അനുഭവങ്ങളും പശ്ചാത്തലമാക്കി 53 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ഒരു ഹ്രസ്വ ഇംഗ്ലീഷ് ചിത്രം പിറന്നു. 2022ല്‍ പിറന്ന ആ ചിത്രം നാസയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ലോകത്ത് പലയിടത്തും പ്രദര്‍ശിപ്പിച്ചു. പക്ഷേ നീല്‍ ആംസ്‌ട്രോങ്ങിന്റെ മകന്‍ മാര്‍ക് ആംസ്‌ട്രോങും അദ്ദേഹത്തിന്റെ കുടുംബവും സൗഹൃദ വലയത്തിലുള്ള ആ കൂട്ടായ്മയെ നമ്മള്‍ മലയാളികള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപൂര്‍വ സുന്ദരമായ ആ കൂട്ടുകെട്ടിന്റെ കഥയാണ് ഇത്, പത്തനംതിട്ട ജില്ലയിലെ കവുങ്ങും പ്രയാര്‍ ഊര്യം പടിക്കല്‍ കോശി എബ്രഹാം എന്ന ഓസി, ഭാര്യ ഇരവിപേരൂര്‍ ശങ്കര മംഗലം കുടുംബാംഗം നിര്‍മല, ഇവരുടെ മൂത്ത മകള്‍ അനീഷ, നിര്‍മലയുടെ അമ്മ എലിസബത് ജോര്‍ജ് എന്നിവരാണ് ഈ സൗഹൃദ കഥയിലെ കഥാപാത്രങ്ങള്‍.
1969. ജൂലായ് 20, അപ്പോളോ 11 ചാന്ദ്ര പര്യവേക്ഷണ വാഹനത്തില്‍ എത്തിയ നീല്‍ ആംസ്‌ട്രോങ്ങ് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി. 'മനുഷ്യന് ഒരു ചെറിയ കാല്‍വെപ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചു ചാട്ടം' എന്നായിരുന്നു ചന്ദ്രനിലിറങ്ങിയതിനു പിന്നാലെയുള്ള ആംസ്‌ട്രോങ്ങിന്റെ ചരിത്ര പ്രസിദ്ധമായ വാക്കുകള്‍. നീല്‍ ആംസ്‌ട്രോങ് ബഹിരാകാശത്ത് ചരിത്രം കുറിക്കുമ്പോള്‍ അമേരിക്കയിലെ വീട്ടിലെ ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനില്‍ ഈ കാഴ്ചകള്‍ കണ്ട് അഭിമാനപുളകിതരാവുകയായിരുന്നു എബ്രഹാമും നിര്‍മലയും എലിസബത്തും. നീലിന്റെ ആദ്യ ചുവടുകള്‍ ചന്ദ്രനില്‍ പതിഞ്ഞ നിമിഷം ഏലിസബത്തും നിര്‍മലയും ഇരുന്നയിരിപ്പില്‍ നിന്ന് ആഹ്ളാദത്താല്‍ ചാടിയെഴുന്നേറ്റ് ചരിത്രനിമിഷത്തിന് സാക്ഷിയായി.
Content Highlights: One Small Visit short film Neil Armstrong