മുകളിലെത്തിയപ്പോള്‍ നസീര്‍ പറഞ്ഞു: അയ്യോ, കൈ വിറയ്ക്കുന്നു, എന്നെ പെട്ടെന്ന് താഴെയെത്തിക്കൂ

ജയ്മാരുതി പ്രൊഡക്ഷന്‍സില്‍ നിന്ന് ഒരു ഗംഭീര ആക്ഷന്‍ ത്രില്ലര്‍. മലയാളത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത സംഘട്ടനങ്ങള്‍ നിറഞ്ഞ അത്യന്തം സ്തോഭജനകമായ ഒരു ചിത്രം. നിര്‍മ്മാതാവ് ടി.ഇ. വാസുദേവന് അതൊരു ശാഠ്യമായിരുന്നു. സംവിധായകന്‍ എ.ബി. രാജുമായി ഈ താത്പര്യം പങ്കുവെച്ചപ്പോള്‍ത്തന്നെ സ്റ്റണ്ട് ത്യാഗരാജനെ ഏല്‍പ്പിക്കാന്‍ തീരുമാനമായി. നാല് സിനിമകളുടെ ആക്ഷന്‍ സീനുകള്‍ ഒന്നിച്ചൊരുക്കുന്നതിന്റെ തിരക്കിനിടയില്‍നിന്നും അല്‍പ്പസമയം അപഹരിച്ചാണ് രാത്രി പതിനൊന്നു മണിയോടെ ടി.ഇ. വാസുദേവനെ കാണാന്‍ ത്യാഗരാജന്‍ വിക്രം സ്റ്റുഡിയോയിലെത്തുന്നത്. എസ്.എല്‍. പുരം സദാനന്ദന്‍ എഴുതിയ തിരക്കഥയുടെ ഏകദേശരൂപം ടി.ഇ. വാസുദേവനും എ.ബി. രാജും വിവരിച്ചുകൊടുത്തു. ഫൈറ്റ് സീനുകളെക്കുറിച്ച് ആ രാത്രിതന്നെ അവര്‍ കൃത്യമായൊരു ധാരണയിലെത്തി. പ്രേംനസീറാണ് നായകന്‍. വില്ലന്‍ ജി.കെ. പിള്ളയും. സിനിമയുടെ പേരും ആക്ഷന്‍ ത്രില്ലറിന് അനുയോജ്യമായ അത്യസാധാരണമായ ഒന്നായിരുന്നു. ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്. ക്ലൈമാക്സ് ഫൈറ്റ് പുഷ്പകവിമാനത്തില്‍വെച്ചാകാമെന്ന നിര്‍ദ്ദേശം ത്യാഗരാജന്റേതായിരുന്നു. ഏറെ പണച്ചെലവു വരുന്ന കാര്യമാണെങ്കിലും അതിനോട് നിര്‍മ്മാതാവും സംവിധായകനും യോജിച്ചു. കോഴിക്കോട്ടും പരിസരങ്ങളിലുമായി ഔട്ട്ഡോര്‍ രംഗങ്ങള്‍ ഭൂരിഭാഗവും ചിത്രീകരിക്കാമെന്നു ധാരണയായി. അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. കള്ളക്കടത്തുമായി ബന്ധപ്പെട്ടതായിരുന്നു ഡെയ്ഞ്ചര്‍ ബിസ്‌കറ്റിന്റെ പ്രമേയം. അതിന് ബേപ്പൂരില്‍നിന്ന് ഉരു ചിത്രത്തിന് അനിവാര്യമായിരുന്നു. കള്ളക്കടത്തുസാധനങ്ങള്‍ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമെല്ലാം ഉരുവിലാണ്.
ഹാജി പി.വി. മുഹമ്മദ് ബറാമി സണ്‍സ് എന്ന കോഴിക്കോട്ടെ പേരുകേട്ട വ്യാപാരസ്ഥാപനത്തിന്റെ വലിയ തോതിലുള്ള സഹകരണം ഡെയ്ഞ്ചര്‍ ബിസ്‌കറ്റിന്റെ ചിത്രീകരണത്തിനു പിന്നിലുണ്ടായിരുന്നു. ഷൂട്ടിങ്ങിനു വേണ്ട ബോട്ടുകള്‍ നല്‍കിയത് ബേപ്പൂര്‍ ബോട്ട് ബില്‍ഡിങ് യാര്‍ഡായിരുന്നു. ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റിനു വേണ്ടി ത്യാഗരാജന്‍ കംപോസ് ചെയ്ത ഫൈറ്റുകളില്‍ ഒരെണ്ണം ഉരുവില്‍ വെച്ചാണ് ചിത്രീകരിച്ചത്. ഗുജറാത്ത് നിര്‍മ്മിതമായ 'കൊട്ടിയം' എന്നു പേരുള്ള പ്രത്യേക ഉരു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പ്രേംനസീറിന്റെ കഥാപാത്രം കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. സംഘട്ടനരംഗങ്ങളില്‍ ഒരിക്കലും അമിതമായ റിസ്‌ക് എടുക്കാന്‍ നസീറിനെ ത്യാഗരാജന്‍ അനുവദിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ അദ്ദേഹം പലപ്പോഴും താത്പര്യം പ്രകടിപ്പിച്ചെങ്കിലും ത്യാഗരാജന്‍ അതെല്ലാം വിലക്കി. നസീര്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് ഒന്നുരണ്ടു തവണ പരീക്ഷിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുന്നതു കാണാന്‍ ത്യാഗരാജന്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അപകടകരമായ രംഗങ്ങളിലെല്ലാം അദ്ദേഹം തന്നെ നസീറിന്റെ ഡ്യൂപ്പായി.
Content Highlights: stunt master thyagarajan