അന്വേഷണം അവസാനഘട്ടത്തിലാണ്, പ്രതിയെന്ന് സംശയിക്കുന്ന ആളെപ്പറ്റി വിവരവും ലഭിച്ചിട്ടുണ്ട്

എവിടെയോ കണ്ടുമറന്ന മുഖം, അന്‍വര്‍ അയച്ച ആന്റണി വര്‍ഗീസിന്റെ ഫോട്ടോ കണ്ടപ്പോള്‍ ദേവിന് തോന്നി. അയാള്‍ കുറച്ചുനേരം ആ ചിത്രത്തിലേക്ക് നോക്കിയിരുന്നു. എവിടെ വച്ചാണ് ഇയാളെ കണ്ടത്. ഓര്‍മ പമ്പരം പോലെ കറങ്ങിയിട്ടും പിടികിട്ടുന്നില്ല.
ഒരുവശത്തേക്ക് ചീന്തിവെച്ച മുടി, ചെറിയ ബുള്‍ഗാന്‍ താടി. പാസ്‌പോര്‍ട്ടിലെ ഫോട്ടോയാണ് അന്‍വര്‍ അയച്ചത്. ഇയാളുടെ ലേറ്റസ്റ്റ് ഫോട്ടോ സംഘടിപ്പിക്കണം. നാട്ടില്‍ അന്വേഷിച്ചാല്‍ കിട്ടാതിരിക്കില്ല.
ദേവ് മേശവലിപ്പുതുറന്ന് രേഖാചിത്രമെടുത്തു. റുവാല പറഞ്ഞ ഫീച്ചേഴ്‌സ് വെച്ച് തയ്യാറാക്കിയ ചിത്രത്തിന് ആന്റണിയുമായി വലിയ സാമ്യവുമില്ല. കേസിലെ ആ രണ്ടാമനെ കുറിച്ച് വിവരമൊന്നും കിട്ടാത്തതില്‍ ദേവ് അസ്വസ്ഥനായി.
സി.ഐ.ശരത്തിന്റെ മൊബൈലിലേക്ക് ആന്റണിയുടെ ഫോട്ടോ അയച്ചശേഷം ദേവ് വോയ്‌സ് മെസേജിട്ടു. കിഷനോട് ആന്റണിയെപ്പറ്റിയുള്ള വിവരം തിരക്കാനായിരുന്നു അത്.
ശരത്തിന്റെ മറുപടിക്ക് കാത്തുനില്‍ക്കുമ്പോളാണ് അന്‍വറിന്റെ കോള്‍ വന്നത്. ആന്റണിയുടെ വീട് കണ്ടെത്തിയെന്ന വിവരം അറിയിക്കാന്‍. പാലാരിവട്ടം ജംഗ്ഷനില്‍ നിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒരു കടയും മരമില്ലും കാണാം. അതിനടുത്തുളള ഇടറോഡിലൂടെ പോയാല്‍ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ട്. സമീപത്തുള്ള ഓടിട്ട ചെറിയ വീട്. പക്ഷേ ആള്‍ത്താമസമുള്ള ലക്ഷണമില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അയല്‍വാസികളില്‍ നിന്ന് മാക്‌സിമം ഡീറ്റെയ്ല്‍സ് എടുക്കാന്‍ ദേവ് നിര്‍ദ്ദേശം നല്‍കി.
അടുത്ത സ്റ്റെപ്പ് എന്താകുമെന്ന് ആലോചിച്ചിരിക്കെയാണ് ദേവിന്റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തത്. ഐ.ജി. ബീരേന്ദ്രയാണ്.
'സാര്‍', ദേവ് കോള്‍ അറ്റന്‍ഡു ചെയ്ത ശേഷം സംസാരം തുടങ്ങി
'ദേവ്, ഡി.ജി.പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഉന്നതലതലയോഗം ഉണ്ടായിരുന്നു. ഈ കേസും അതില്‍ ചര്‍ച്ചയായി. കേസ് പുരോഗതിയുണ്ടെന്ന കാര്യം അറിയിച്ചിട്ടുണ്ട്. തത്കാലം അവര്‍ തൃപ്തരുമാണ്. എന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ കാര്യമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പ്രശ്‌നമാകും. നിന്റെ പഴയ ബോസ് കലിപ്പിലാണ്. യോഗത്തില്‍ ഒന്നും പറഞ്ഞില്ലെങ്കിലും റിസള്‍ട്ടില്ലാതെ കേസ് നീണ്ടാല്‍ അയാള്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ട്. സോ എന്തെങ്കിലും ലീഡ് വെച്ച് പെട്ടെന്ന് നടപടിയുണ്ടാക്ക്'.
'സാര്‍, അന്വേഷണം അവസാന ഘട്ടത്തിലാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളെപ്പറ്റി വിവരവും ലഭിച്ചിട്ടുണ്ട്. അയാളുടെ ഫോട്ടോ ഇപ്പോ സാറിന് അയക്കാം. 48 മണിക്കൂറിനുള്ളില്‍ കേസിന്റെ അതിപ്രധാനമായഘട്ടത്തിലേക്ക് കടക്കാന്‍ കഴിയും'
'ഗുഡ്, കാര്യങ്ങള്‍ ഫാസ്റ്റ് ആയിക്കോട്ടെ. വേറെ എന്തെങ്കിലുമുണ്ടോ'
'ഇല്ല സാര്‍...' ഓ.കെ ദേവ്. ഐ.ജി ഫോണ്‍ വെച്ചു.
ബീരേന്ദ്രസാറിന്റെ ഗുണം ഇതാണ്. അനാവശ്യമായി പ്രഷര്‍ ചെയ്യില്ല. കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരാണെങ്കില്‍ സാര്‍ കട്ടക്ക് കൂടെ നിൽക്കും. ഉഴപ്പന്‍മാരാണെങ്കില്‍ പൊരിക്കുകയും ചെയ്യും. സൗത്ത് സോണ്‍ ഐ.ജി.യാദവ് സാറിനെപ്പറ്റിയാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ദേവ് ഓര്‍ത്തു.
ദേവിന്റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. ഇത്തവണ സി.ഐ.ശരത്താണ്.
'കിഷന്‍ എന്തുപറഞ്ഞു'.
'സാര്‍, ഇയാളെ കിഷന്‍ കണ്ടിട്ടുണ്ട്. എപ്പോഴാണോ, എവിടെവച്ചാണോ എന്നറിയില്ല. കൂടുതല്‍ വിവരം കിട്ടുമോയെന്ന് നോക്കാം'.
'ഓ.കെ. ശരത്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം'.
ദേവ്, ഫോണിലെ ഫോട്ടോ മോഹനന് അയച്ചശേഷം കോളനിയില്‍ ആര്‍ക്കെങ്കിലും ഇയാളെ അറിയുമോയെന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കി.
കോളനിയിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുമെങ്കില്‍ അത് നിര്‍ണായകമാകുമെന്ന് ദേവ് മനസില്‍ കണക്കുകൂട്ടി.
Content Highlights: sports thriller novel, soccer, investigation, kerala police